Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 8 March 2022 5:35 AM IST Updated On
date_range 8 March 2022 5:35 AM ISTബ്ലോക്ക് പ്രസിഡന്റ്, വനിത കമീഷൻ അംഗം... രുഗ്മിണി ഇപ്പോൾ പൂന്തോട്ട ജോലിയിലാണ്
text_fieldsbookmark_border
കൽപറ്റ: കാര്യമ്പാടിയിലെ നഴ്സറിയിൽ പൂച്ചെടികൾ നനക്കുന്ന തിരക്കിനിടയിൽനിന്ന് രുഗ്മിണി ഭാസ്കരൻ ചിലപ്പോഴൊക്കെ അവധിയെടുത്ത് 'മുങ്ങും'. എൽ.ജെ.ഡിയുടെ വനിത വിഭാഗമായ മഹിള ജനതയുടെ സംസ്ഥാന പ്രസിഡന്റിന് ചിലപ്പോൾ തിരുവനന്തപുരത്ത് സംസ്ഥാന കമ്മിറ്റി യോഗമുണ്ടാകും. അല്ലെങ്കിൽ തിരക്കുപിടിച്ച മറ്റെന്തെങ്കിലും ചടങ്ങുകൾ. അതുമല്ലെങ്കിൽ പെൻഷൻ വിതരണത്തിനാകും പോക്ക്. കൽപറ്റ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റും സംസ്ഥാന വനിത കമീഷൻ അംഗവുമായിരുന്നതിന്റെ തിരക്കും മോടിയുമൊന്നും രുഗ്മിണിയുടെ ജീവിതത്തെ ബാധിച്ചിട്ടില്ല. ദേവസ്വം ബോർഡ് റിക്രൂട്ട്മെന്റ് അംഗവും കണിയാമ്പറ്റ സഹകരണ ബാങ്ക് ഡയറക്ടറുമായിരുന്നുവെന്നതും അവരുടെ പിന്നീടുള്ള ജീവിതത്തെ മാറ്റിമറിച്ചിട്ടില്ല. അധികാരക്കസേരകളിൽനിന്നകന്ന് പൂന്തോട്ടത്തിൽ 350 രൂപ ദിവസക്കൂലിക്ക് പണിക്കാരിയായി മാറിയതിനെക്കുറിച്ച് ചോദിക്കുമ്പോൾ രുഗ്മിണി പറയുന്നതിങ്ങനെ -'ജീവിച്ചുപോകണ്ടേ'. ആദിവാസി വിഭാഗത്തിൽപെട്ട കുറുമ സമുദായാംഗമാണ് രുഗ്മിണി. 2005ലാണ് കൽപറ്റ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റാകുന്നത്. മത്സരിച്ച് ജയിച്ചത് കണിയാമ്പറ്റ ഡിവിഷനിൽനിന്ന്. കാര്യമ്പാടി ഓണിവയൽ കോളനിയിൽ താമസം. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റും വനിത കമീഷൻ അംഗവുമൊക്കെയായി തിരക്കുപിടിച്ച നാളുകൾക്കുശേഷം രുഗ്മിണി കൂലിപ്പണിക്ക് പോയത് ജീവിക്കാൻതന്നെയാണ്. അധികാരം കൈയാളിയിരുന്ന നാളുകളിൽ അനർഹമായി ഒരുരൂപ പോലും ഉണ്ടാക്കിയിട്ടില്ലെന്ന് അവർ അഭിമാനത്തോടെ പറയുന്നു. 'ജോലിചെയ്ത് അന്നന്നത്തെ അന്നത്തിനുള്ള വക സമ്പാദിക്കുമ്പോൾ മനസ്സിന് ഭയങ്കര സന്തോഷമാണ്.' വിവാഹത്തിനുമുമ്പ് സാക്ഷരത പ്രസ്ഥാനം, ആദിവാസ ഐക്യസമിതി എന്നിവയിലൊക്കെ സജീവമായിരുന്നു. ബ്ലോക്ക് പഞ്ചായത്തിലേക്ക് മത്സരിക്കാൻ നോമിനേഷൻ കൊടുക്കാൻ പോയത് പണി സ്ഥലത്തുനിന്നാണ്. 2007 മുതൽ 2012 വരെയാണ് വനിത കമീഷനിൽ അംഗമായത്. 'ഔദ്യോഗിക തിരക്കുകളിൽനിന്നകന്ന ശേഷം വീടിന് തൊട്ടടുത്തുള്ള തോട്ടത്തിലേക്ക് ആളെ അന്വേഷിച്ചു നടന്നിരുന്നു ഉടമ ജോണേട്ടൻ. എന്നോടും ആളെ നോക്കാൻ പറഞ്ഞു. ആരെയും കിട്ടാതായപ്പോൾ ഞാൻതന്നെ ജോലിക്ക് വരാമെന്ന് അദ്ദേഹത്തോട് പറഞ്ഞു. ഭർത്താവ് ഒ.കെ. ഭാസ്കരൻ കെട്ടിടത്തിന്റെ മുകളിൽനിന്ന് വീണ് പരിക്കേറ്റ് രണ്ടര വർഷം കിടപ്പിലായിരുന്നു. കാര്യമായ ജോലികളൊന്നും ചെയ്യാൻ അദ്ദേഹത്തിന് വയ്യാതായി. രണ്ടു മക്കളുടെ പഠനകാര്യവും വീട്ടുകാര്യവുമൊക്കെ നോക്കാൻ നഴ്സറിയിലെ ജോലി അനുഗ്രഹമായി.'- രുഗ്മിണി പറയുന്നു. കഴിഞ്ഞ തവണ തദ്ദേശ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ പാർട്ടി പറഞ്ഞിരുന്നെങ്കിലും വിട്ടുനിന്നു. രണ്ടു പെൺമക്കളാണിവർക്കുള്ളത്. നിത്യയും നിതയും. എൻ.എസ്. നിസാർ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story