Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 26 Feb 2022 5:33 AM IST Updated On
date_range 26 Feb 2022 5:33 AM ISTടാർ മിക്സിങ് പ്ലാന്റിനെതിരെ പ്രതിഷേധവുമായി നാട്ടുകാർ
text_fieldsbookmark_border
മാനന്തവാടി: എടവക പഞ്ചായത്തിലെ പതിനാറാം വാർഡിൽ വീട്ടിച്ചാൽ പൂളച്ചാൽ പ്രദേശത്ത് പ്രവർത്തിക്കുന്ന ടാർ മിക്സിങ് പ്ലാന്റിനെതിരെ ജനകീയ പ്രതിഷേധം ശക്തമാകുന്നു. രൂക്ഷമായ ദുർഗന്ധവും പൊടിയും ചൂടും കാരണം തങ്ങൾ ബുദ്ധിമുട്ടുന്നുവെന്ന പരാതിയുമായാണ് നാട്ടുകാർ രംഗത്തുവന്നിരിക്കുന്നത്. വ്യാഴാഴ്ച പ്ലാന്റിലെ ടാർ മിശ്രിതം കൊണ്ടുപോകാനെത്തിയ വാഹനങ്ങൾ നാട്ടുകാർ തടഞ്ഞു. പിന്നീട് പൊലീസിന്റെ സാന്നിധ്യത്തിൽ നടത്തിയ ചർച്ചയിൽ ലോഡ് കയറ്റിയ മൂന്നു വാഹനങ്ങൾ മാത്രം കടത്തിവിടാൻ നാട്ടുകാർ സമ്മതിച്ചു. 2017 മുതലാണ് അൽഫോൻസ കൺസ്ട്രക്ഷൻ എന്ന പേരിൽ ഇവിടെ ടാർ മിക്സിങ് പ്ലാന്റ് പ്രവർത്തനമാരംഭിച്ചത്. എന്നാൽ, പല ഘട്ടങ്ങളിലായി നടന്ന സമരങ്ങളുടെ ഭാഗമായി എടവക ഗ്രാമപഞ്ചായത്ത് പ്ലാന്റിന്റെ പ്രവർത്തനം നിർത്തിവെക്കാൻ 2020 ആഗസ്റ്റിൽ ഉത്തരവിട്ടിരുന്നു. പ്ലാന്റുടമ മലിനീകരണ നിയന്ത്രണ ബോർഡിനെ സമീപിച്ച് ലൈസൻസ് പുതുക്കുകയും കഴിഞ്ഞ ദിവസം മുതൽ പ്രവർത്തനം ആരംഭിക്കുകയുമായിരുന്നു. സമരത്തിന്റെ ഭാഗമായി കൈക്കൊണ്ട എല്ലാ തീരുമാനങ്ങളും ഉറപ്പുകളും കാറ്റിൽ പറത്തി പ്ലാൻറ് പ്രവർത്തിക്കുന്നത് ജനങ്ങളോടുള്ള വിശ്വാസവഞ്ചനയും ജനകീയ പ്രശ്നങ്ങളോടുള്ള വെല്ലുവിളിയുമാണെന്ന് ആരോപിച്ചാണ് സമരസമിതി പ്ലാന്റിലെ വാഹനങ്ങൾ തടഞ്ഞത്. വലിയ വാഹനങ്ങൾ കടന്നുപോകുമ്പോൾ ഉയരുന്ന പൊടിപടലങ്ങൾ കുട്ടികളടക്കമുള്ളവർക്ക് ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാക്കുന്നുണ്ട്. പ്ലാന്റിൽനിന്നുയരുന്ന ദുർഗന്ധവും അസ്സഹനീയമാണ്. പ്ലാന്റിന്റെ പ്രവർത്തനം സ്ഥിരമായി നിർത്തുന്നതു വരെ ശക്തമായ പ്രക്ഷോഭമായി മുന്നോട്ടുപോകാനാണ് സമരസമിതിയുടെ തീരുമാനമെന്നും നാട്ടുകാർ പറഞ്ഞു. എന്നാൽ, ഒരു കോടിയിലധികം രൂപ മുതൽ മുടക്കിയാണ് പ്ലാന്റിന്റെ പ്രവർത്തനം ആരംഭിച്ചതെന്നും ബാങ്കുകളിൽനിന്നും ധനകാര്യ സ്ഥാപനങ്ങളിൽനിന്നും വായ്പയെടുത്താണ് സ്ഥാപിച്ചതെന്നും ഉടമ പറഞ്ഞു. എല്ലാ നിയമവശങ്ങളും പാലിച്ചാണ് പ്ലാന്റ് പ്രവർത്തിക്കുന്നത്. ഇതിന്റെ പ്രവർത്തനം സുഗമമാക്കാൻ അഞ്ചര ലക്ഷം രൂപ ചെലവഴിച്ച് പഞ്ചായത്ത് റോഡ് ടാർ ചെയ്ത് നൽകുകയും ചെയ്തു. എല്ലാ തരത്തിലും നിയമങ്ങൾ പാലിച്ചു മുന്നോട്ടു പോകാനുള്ള ശ്രമത്തെ ചില തൽപര കക്ഷികളുടെ നേതൃത്വത്തിൽ തടയുകയാണെന്നും പ്ലാന്റുടമ പറയുന്നു. ജനപ്രതിനിധികളും നിയമ സംവിധാനങ്ങളും ഇടപെട്ട് തനിക്ക് നീതി ലഭ്യമാക്കി തരുമെന്ന് പ്രതീക്ഷിക്കുന്നതായും പ്ലാന്റുടമ വി.ഡി. ദേവസ്യ പറഞ്ഞു. മലിനീകരണ നിയന്ത്രണ ബോർഡ് ഉദ്യോഗസ്ഥരെത്തി പരിശോധന നടത്തി റിപ്പോർട്ട് നൽകുന്നതു വരെ പ്ലാന്റിന്റെ പ്രവർത്തനം നിർത്തിവെക്കുമെന്ന് പൊലീസ് നൽകിയ ഉറപ്പിൻമേൽ സമരം താൽക്കാലികമായി അവസാനിപ്പിക്കുകയായിരുന്നു. cap ടാർ മിക്സിങ് പ്ലാന്റ് പ്രവർത്തനം നാട്ടുകാർ തടഞ്ഞപ്പോൾ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
