Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 24 Feb 2022 5:31 AM IST Updated On
date_range 24 Feb 2022 5:31 AM ISTവാഴക്കാല എസ്റ്റേറ്റിൽ വിളവെടുപ്പ് സമരം തുടങ്ങി
text_fieldsbookmark_border
*ടി.യു.സി.ഐ നേതൃത്വത്തിലാണ് സമരം കൽപറ്റ: കള്ളാടി വാഴക്കാല എസ്റ്റേറ്റിൽ ടി.യു.സി.ഐ നേതൃത്വത്തിൽ തൊഴിലാളികൾ വിളവെടുപ്പ് സമരം ആരംഭിച്ചു. തൊഴിലും കൂലിയും നിഷേധിക്കുകയും മുറിച്ച് വിൽപനയും തരംമാറ്റവും നടത്തുകയും ഉൽപന്നങ്ങൾ കളവു നടത്തിക്കുകയും ചെയ്യുന്ന സാഹചര്യത്തിലാണ് സമരം. പശ്ചിമഘട്ട മലനിരകളുടെ ഭാഗവും പരിസ്ഥിതി ദുർബല പ്രദേശവുമായ അരണമലയുടെ ഭാഗവും താഴ്വാരവും ഉൾപ്പെടുന്ന വാഴക്കാല എസ്റ്റേറ്റ്, പ്ലാന്റേഷൻ നിയമം പൂർണമായി ലംഘിച്ച് മുറിച്ചുവിൽപനയും റിസോർട്ടുകളും കൊണ്ട് നിറയുകയാണ്. 200ലധികം തൊഴിലാളികൾ തൊഴിലെടുത്തിരുന്ന എസ്റ്റേറ്റിൽ 10 തൊഴിലാളികളും അവരുടെ കുടുംബവും മാത്രമായി ചുരുങ്ങി. ഇവർക്കു കഴിഞ്ഞ സെപ്റ്റംബർ മുതൽ തൊഴിൽ നിഷേധിച്ചിരിക്കുകയാണ്. മൂന്നുവർഷമായി ബോണസും മെഡിക്കൽ ആനുകൂല്യങ്ങളുമില്ല. തൊഴിലാളികളിൽനിന്ന് പിടിച്ചതും ഉടമ വിഹിതവും പി.എഫിൽ അടച്ചിട്ടില്ല. പാടികൾ താമസയോഗ്യമല്ലാത്ത സ്ഥിതിയിലാണ്. എസ്റ്റേറ്റിൽ മാനേജ്മെന്റ് കാപ്പിയും കുരുമുളകും പോലുള്ള ഉൽപന്നങ്ങൾ കളവുനടത്തിക്കുകയും രഹസ്യമായി പാട്ടത്തിന് നൽകുകയും ചെയ്യുന്നു. ഈ സാഹചര്യത്തിൽ ഈ എസ്റ്റേറ്റിലെ മുഴുവൻ രേഖകളും പിടിച്ചെടുക്കാൻ തൊഴിൽ-റവന്യൂ വകുപ്പുകൾ തയാറാകണം. റവന്യൂ ഉദ്യോഗസ്ഥരുടെ സഹായത്തോടെ നടന്ന വാഴക്കാല എസ്റ്റേറ്റിന്റെ തുണ്ടം തുണ്ടമായുള്ള മുറിച്ച് വിൽപനക്കെതിരെ നടപടി സ്വീകരിക്കണം. മുറിച്ചുവിൽപനയുമായി ബന്ധപ്പെട്ട കരാറുകൾ, ആധാരങ്ങൾ, ഭൂപരിഷ്കരണ നിയമം ലംഘിച്ച് നൽകിയ കൈവശരേഖകൾ, ഭൂനികുതി, കെ.എൽ.ആർ സർട്ടിഫിക്കറ്റ്, പഞ്ചായത്ത് ബിൽഡിങ് പ്ലാനുകൾ, കെട്ടിട നികുതികൾ, റിസോർട്ട് പെർമിഷനുകൾ എന്നിവ റദ്ദുചെയ്യണം. ഉത്തരവാദികളായ ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിക്കണം തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് മന്ത്രിമാർക്കടക്കം പരാതി നൽകിയിട്ടും നടപടിയുണ്ടായിട്ടില്ല. പി.എഫ് നിയമലംഘനത്തിനെതിരെ കേസെടുക്കണം. നിയമ വിരുദ്ധ നിർമിതികൾ പൊളിച്ചുനീക്കാൻ നടപടിയില്ലെങ്കിൽ എസ്റ്റേറ്റിനുള്ളിലെ റിസോർട്ടുകളിലും കെട്ടിടങ്ങളിലും തൊഴിലാളി കുടുംബങ്ങൾ താമസമാരംഭിക്കും. ഭൂമി പിടിച്ചെടുക്കൽ പ്രക്ഷോഭവും നിയമവിരുദ്ധമായി ഉടമസ്ഥാവകാശം സ്ഥാപിക്കുന്ന വ്യക്തിയുടെ വീട്ടുപടിക്കൽ സമരവും ആരംഭിക്കും. വിളവെടുപ്പ് സമരം ടി.യു.സി.ഐ സംസ്ഥാന പ്രസിഡന്റ് സാം പി. മാത്യു ഉദ്ഘാടനം ചെയ്തു. പി.കെ. ബാപ്പുട്ടി, കെ. ബാലസുബ്രമണ്യൻ, പി.എച്ച്. മുഹമ്മദ്കുട്ടി തുടങ്ങിയവർ സമരത്തെ അഭിവാദ്യം ചെയ്ത് സംസാരിച്ചു. പ്രസിഡന്റ് എ.കെ. കൃഷ്ണൻകുട്ടി അധ്യക്ഷത വഹിച്ചു. സെക്രട്ടറി എം. ചുരളി റിപ്പോർട്ടവതരിപ്പിച്ചു. എം. മുരുകൻ, എ.കെ. തക്കമ്മു, സി. ഈശ്വരി, എം. ശ്രീജ, പളനിയമ്മ, രാധാമണി, സുശീല, രാമു തുടങ്ങിയവർ സമരത്തിന് നേതൃത്വം നൽകി. WEDWDL10 വാഴക്കാല എസ്റ്റേറ്റിൽ വിളവെടുപ്പ് സമരം ടി.യു.സി.ഐ സംസ്ഥാന പ്രസിഡന്റ് സാം പി. മാത്യു ഉദ്ഘാടനം ചെയ്യുന്നു പഞ്ചായത്തുതല ചാമ്പ്യന്‍ഷിപ്പുകള്‍ 26 മുതല്‍ വാളാട്: 2021-22 വര്‍ഷത്തെ ജനകീയാസൂത്രണ പദ്ധതിയുടെ ഭാഗമായി തവിഞ്ഞാല്‍ പഞ്ചായത്ത് ക്രിക്കറ്റ്, ഫുട്‌ബാള്‍, വോളിബാള്‍ ചാമ്പ്യന്‍ഷിപ്പുകള്‍ സംഘടിപ്പിക്കുന്നു. വോളിബാള്‍ മത്സരങ്ങള്‍ വാളാട് ജയ്ഹിന്ദ് എല്‍.പി സ്കൂള്‍ ഗ്രൗണ്ടിലും ക്രിക്കറ്റ് മത്സരങ്ങള്‍ തലപ്പുഴ ഹൈസ്‌കൂള്‍ ഗ്രൗണ്ടിലും ഫുട്‌ബാള്‍ മത്സരങ്ങള്‍ പേര്യ 34 മൈല്‍ ഗ്രൗണ്ടിലും നടത്തും. താല്‍പര്യമുള്ള ടീമുകള്‍ 24ന് വൈകീട്ട് മൂന്നുമണിക്കകം അപേക്ഷകള്‍ തവിഞ്ഞാല്‍ പഞ്ചായത്തില്‍ സമര്‍പ്പിക്കണം. സ്‌പോര്‍ട്‌സ് സ്‌കൂള്‍ സെലക്ഷന്‍ ട്രയല്‍സ് കൽപറ്റ: പട്ടികജാതി വികസന വകുപ്പിന് കീഴില്‍ തിരുവനന്തപുരം വെള്ളായണിയില്‍ പ്രവര്‍ത്തിക്കുന്ന അയ്യങ്കാളി മെമ്മോറിയല്‍ ഗവ. മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌പോര്‍ട്‌സ് സ്‌കൂളില്‍ 2022-23 അധ്യയന വര്‍ഷത്തെ അഞ്ചാം ക്ലാസിലേക്കും, 11ാം ക്ലാസിലേക്കും മറ്റു ക്ലാസുകളിലെ ഒഴിവുള്ള സീറ്റുകളിലേക്കും പ്രവേശനത്തിനുള്ള സെലക്ഷന്‍ ട്രയല്‍സ് ഫെബ്രുവരി 28ന് സുല്‍ത്താന്‍ ബത്തേരി സെന്റ് മേരീസ് കോളജ് ഗ്രൗണ്ടില്‍ നടക്കും. സ്‌പോര്‍ട്‌സില്‍ താൽപര്യമുള്ള, നിലവിൽ നാലാം ക്ലാസ്, 10ാം ക്ലാസ് പഠിക്കുന്നവരുമായ പട്ടികജാതി/പട്ടികവർഗ വിഭാഗങ്ങളിലുള്ള ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും പങ്കെടുക്കാം. അഞ്ചാം ക്ലാസ് പ്രവേശനത്തിനായി പഠിച്ച സ്‌കൂളിലെ മേധാവിയുടെ കത്ത്, പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ, ജാതി-ജനന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകള്‍ (ലഭ്യമാണെങ്കില്‍) എന്നിവയും 11ാം ക്ലാസ് പ്രവേശനത്തിനായി നിലവില്‍ 10ാം ക്ലാസ് പഠിക്കുന്ന എസ്.സി/എസ്.ടി വിഭാഗത്തിലുള്ള കുട്ടികള്‍ ഒരു ഫോട്ടോ, ജാതി, ജനന സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പ്, സ്‌കൂള്‍ മേധാവിയുടെ കത്ത്, സ്‌പോര്‍ട്‌സ് മെറിറ്റ് സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പുകള്‍ എന്നിവയും സഹിതം രാവിലെ ഒമ്പതിന് കോളേജ് ഗ്രൗണ്ടില്‍ രക്ഷിതാവിനൊപ്പം എത്തിച്ചേരണം. സ്‌കില്‍ ടെസ്റ്റിന്റെയും ഫിസിക്കല്‍ ഫിറ്റ്‌നസ് ടെസ്റ്റിന്റെയും സ്‌പോര്‍ട്‌സ് മെറിറ്റ് സര്‍ട്ടിഫിക്കറ്റിന്റെയും അടിസ്ഥാനത്തിലാണ് സെലക്ഷന്‍. വിശദാംശങ്ങള്‍ക്ക്: 0471 2381601, 04936 203824. ദന്ത പരിശോധന ക്യാമ്പ് കൽപറ്റ: ജില്ല ആരോഗ്യവകുപ്പിന്റെയും ദേശീയ ആരോഗ്യദൗത്യത്തിന്റെയും ആഭിമുഖ്യത്തില്‍ വദനാരോഗ്യ പരിപാടിയുടെ ഭാഗമായി പിണങ്ങോട് പീസ് വില്ലേജില്‍ വയോജനങ്ങള്‍ക്കായി ദന്ത പരിശോധന ക്യാമ്പും ബോധവത്കരണ ക്ലാസും സംഘടിപ്പിച്ചു. തരിയോട് ഗ്രാമപഞ്ചായത്ത് ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയര്‍മാന്‍ ഷമീം പാറക്കണ്ടി ഉദ്ഘാടനം ചെയ്തു. വെങ്ങപ്പള്ളി ഗ്രാമപഞ്ചായത്ത് മെംബര്‍ കെ.പി. അന്‍വര്‍ അധ്യക്ഷത വഹിച്ചു. ജില്ല മാസ് മീഡിയ ഓഫിസര്‍ ഹംസ ഇസ്മാലി പ്രോഗ്രാം വിശദീകരിച്ചു. കൽപറ്റ ജനറല്‍ ആശുപത്രി ഡെന്റല്‍ കണ്‍സൽട്ടന്റ് ഡോ. ജിതിന്‍ ക്ലാസെടുത്തു. പി.ആര്‍.ഒ കെസിയ മറിയ സ്വാഗതവും ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ എന്‍.സി. അനീഷ് നന്ദിയും പറഞ്ഞു. തുടര്‍ന്ന് നടന്ന ദന്തപരിധോധന ക്യാമ്പിന് ഡോ. രേഷ്മ, ഡെന്റല്‍ ഹൈജീനിസ്റ്റ്മാരായ ബീന ജോസഫ്, എം. ബേസില്‍ എന്നിവര്‍ നേതൃത്വം നല്‍കി. TUEWDL14 പിണങ്ങോട് പീസ് വില്ലേജില്‍ വയോജനങ്ങള്‍ക്കായി നടന്ന ദന്ത പരിശോധന ക്യാമ്പിൽനിന്ന്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story