Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 12 Feb 2022 5:32 AM IST Updated On
date_range 12 Feb 2022 5:32 AM ISTഅനിഷേധ്യ നേതാവ്
text_fieldsbookmark_border
സ്വന്തം ലേഖകൻ കോഴിക്കോട്: വിവാദങ്ങളും കടുത്ത ഭിന്നതകളും പലതവണ വെല്ലുവിളി ഉയർത്തിയിട്ടും പതറാതെ മൂന്നു പതിറ്റാണ്ടുകാലം വ്യാപാരികളുടെ സംസ്ഥാന സംഘടനയുടെ അമരത്ത് തുടർന്ന നേതാവാണ് വ്യാഴാഴ്ച രാത്രി വിടപറഞ്ഞ ടി.നസിറുദ്ദീൻ. കോഴിക്കോട്ടെ മിഠായിത്തെരുവിൽ തുണിക്കച്ചവടക്കാരനായി ഒതുങ്ങിപ്പോകാതെ സമരമുഖങ്ങളിലും സംഘർഷങ്ങളിലും നെഞ്ചൂക്കോടെ മുന്നിൽനിന്നാണ് വ്യാപാരികളുടെ, ചോദ്യം ചെയ്യപ്പെടാനാവാത്ത നേതാവായി വളർന്നത്. കേരളത്തിലുടനീളം വ്യാപാരി സമൂഹം തങ്ങളുടെ ഇഷ്ടനേതാവായി എന്നും അദ്ദേഹത്തെ കണ്ടു. കക്ഷി രാഷ്ട്രീയ-മത ചിന്തകൾക്കതീതമായി വ്യാപാരി സമൂഹത്തിന്റെ നന്മ ലക്ഷ്യമിട്ട് അവസാനം വരെയും പ്രവർത്തിച്ചു. ഹിമായത്തുൽ ഇസ്ലാം എൽ.പി സ്കൂൾ, മലബാർ ക്രിസ്ത്യൻ സ്കൂൾ എന്നിവിടങ്ങളിൽ പ്രാഥമിക വിദ്യാഭ്യാസം. എസ്.എസ്.എൽ.സിക്കുശേഷം കച്ചവട രംഗത്തിറങ്ങിയ അദ്ദേഹം തറവാട്ടുവക വ്യാപാര സ്ഥാപനത്തിൽ പിതാവിന്റെ സഹായിയായാണ് തുടങ്ങിയത്. പിതാവിന്റെ മരണശേഷം സ്ഥാപനത്തിന്റെ നിയന്ത്രണം ഏറ്റെടുത്ത അദ്ദേഹം ക്രമേണ ബിസിനസ് രംഗത്ത് കൂടുതൽ കരുത്തുനേടിത്തുടങ്ങി. മിഠായിത്തെരുവിൽ പിതാവ് ആരംഭിച്ച 'പി.കെ. മുഹമ്മദ് ആൻഡ് കമ്പനി' ആയിരുന്നു പിൽക്കാലത്ത് നസിറുദ്ദീൻെറ നേതൃത്വത്തിൽ ബ്യൂട്ടി സ്റ്റോഴ്സായത്. സംഘടന പ്രവർത്തനത്തിൽ താൽപര്യം തോന്നി വ്യാപാരികൾക്കായി ഒരു സംഘടന രൂപം നൽകി. വ്യാപാരികളുടെ വിഷയങ്ങൾ പൊതുസമൂഹത്തിലെത്തിക്കാൻ 'വ്യാപാര വേദി' എന്ന പേരിൽ ദ്വൈവാരിക 15 വർഷത്തോളം നടത്തി. വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ അധ്യക്ഷനായി ചുമതലയേൽക്കുന്നത് 1991ൽ. പിന്നീട് ഇതുവരെയും മറ്റൊരു പേരില്ലാതെ ആ പദവിയിൽ നസിറുദ്ദീൻ മാത്രമായിരുന്നു. ബഹുരാഷ്ട്ര ഭീമനായ ഹിന്ദുസ്ഥാൻ ലിവറിന്റെ ഉൽപന്നങ്ങൾ ബഹിഷ്കരിച്ച് നസിറുദ്ദീന്റെ നേതൃത്വത്തിൽ നടന്ന സമരം സംസ്ഥാന ശ്രദ്ധ പിടിച്ചുപറ്റി. അടുപ്പക്കാരെ പോലെ എതിരാളികളും ധാരാളമുണ്ടായിരുന്നു. അഴിമതി ആരോപണങ്ങളും മറ്റും പല ഘട്ടങ്ങളിലായി അദ്ദേഹത്തിനെതിരെ ഉയർന്നെങ്കിലും സംഘടനയിൽ കാര്യമായ വെല്ലുവിളികളുയർന്നില്ല. ഉയർന്നപ്പോഴാകട്ടെ, കൂടുതൽ കരുത്തോടെ നസിറുദ്ദീൻ ജയിച്ചുകയറുകയും ചെയ്തു. സംസ്ഥാന സർക്കാറിന്റെ വ്യാപാരി ക്ഷേമ ബോർഡ് വൈസ് ചെയർമാൻ, കേരള മെർക്കന്റയിൽ ബാങ്ക് ചെയർമാൻ, മംഗളം ദിനപത്രം മാനേജിങ് ഡയറക്ടർ തുടങ്ങിയ നിലകളിൽ വ്യക്തിമുദ്ര പതിപ്പിച്ചു. വയനാട് എജുക്കേഷൻ ട്രസ്റ്റ് ചെയർമാനായിരുന്നു. രാഷ്ട്രീയ രംഗത്തും നസിറുദ്ദീൻ ചുവടുവെക്കാൻ ശ്രമം നടത്തി. 'കേരള കർഷക വ്യാപാരി പാർട്ടി' എന്ന പേരില് രാഷ്ട്രീയ പാര്ട്ടി രൂപവത്കരിക്കാനും ശ്രമം നടത്തിയെങ്കിലും അവസാന നിമിഷം വേണ്ടെന്നുവെക്കുകയായിരുന്നു. വ്യാപാരി നേതാവായതോടെ കോഴിക്കോട് വ്യാപാര ഭവനായിരുന്നു പ്രവർത്തന കേന്ദ്രം. ഒട്ടനവധി വിവാദങ്ങൾ വ്യാപാര ഭവനുമായുണ്ടായി. കൂടെനിന്ന് പ്രവർത്തിച്ചവർ അഭിപ്രായ വ്യത്യാസങ്ങളെ തുടർന്ന് പിരിഞ്ഞുപോയി. അപ്പോഴൊന്നും അടിയറവു പറയാതെ സംഘടനയുമായി മുന്നോട്ടുപോയി.അടിക്കടിയുണ്ടാവുന്ന ഹർത്താൽമൂലം വ്യാപാരികൾ നേരിട്ട പ്രതിസന്ധിക്കെതിരെ സംഘടന കോടതിയിൽ പോയത് 2000ത്തിലാണ്. വ്യാപാരികൾക്ക് അനുകൂല വിധിയാണ് കോടതിയിൽനിന്നുണ്ടായത്. പത്രപ്രസിദ്ധീകരണങ്ങളും സംഘടനക്കുവേണ്ടി നടത്തി. പത്രം സംഘടനക്ക് ശക്തിയാവുമെന്ന പ്രതീക്ഷയിൽ 50 ലക്ഷം രൂപ നൽകി മംഗളം പത്രത്തിൻെറ ഓഹരിയെടുത്തു. നഷ്ടം വന്നപ്പോൾ അതിൽനിന്ന് പിന്മാറി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story