Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 16 May 2021 5:28 AM IST Updated On
date_range 16 May 2021 5:28 AM ISTആദിവാസി കോളനികളിൽ കോവിഡ് വ്യാപിക്കുന്നു
text_fieldsbookmark_border
മാനന്തവാടി: കോവിഡ് രണ്ടാം വ്യാപനം ജില്ലയിലെ ആദിവാസി കോളനികളിൽ പിടിമുറുക്കുന്നതായി ആരോഗ്യ വകുപ്പിൻെറ കണക്കുകൾ വ്യക്തമാക്കുന്നു. ജില്ലയിലെ 18 കോളനികളിലായി ഇതുവരെ 3077 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതിൽ 1538 പേർ നിലവിൽ ചികിത്സയിലാണ്. നാലുപേർ കോവിഡ് ബാധിച്ച് മരിച്ചു. കഴിഞ്ഞദിവസം മാനന്തവാടി വരടിമൂല കോളനിയിലെ 27 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. കോളനിയിൽ നടത്തിയ ക്യാമ്പിലാണ് ഇത്രയും രോഗികളെ കണ്ടെത്തിയത്. പരിശോധന കിറ്റിൻെറ അഭാവം മൂലം കോളനിയിലെ മുഴുവൻ ആളുകളെയും പരിശോധനക്ക് വിധേയമാക്കാൻ കഴിഞ്ഞിരുന്നില്ല. രോഗം സ്ഥിരീകരിക്കുന്ന ആദിവാസികൾ കൃത്യമായി ക്വാറൻറീൻ നിർദേശം പാലിക്കാത്തതാണ് രോഗവ്യാപനത്തിന് കാരണം. ഇവരെ മാത്രം പാർപ്പിക്കുന്ന ഡൊമിസിലറി കെയർ സൻെറർ (ഡി.സി.സി) തുടങ്ങുക മാത്രമാണ് രോഗവ്യാപനം തടയാനുള്ള ഏക മാർഗം. കൂടാതെ മാസ്ക്, സാനിറ്റൈസർ എന്നിവയുടെ ഉപയോഗം പ്രോത്സാഹിപ്പിക്കാനും സാമൂഹിക അകലം പാലിക്കാനും ആദിവാസികൾക്ക് ബോധവത്കരണവും നൽകണം. ഓൺലൈൻ ഈദ് സായാഹ്നം സുൽത്താൻ ബത്തേരി: കോവിഡ് പ്രതിസന്ധിയിൽ പഠന പ്രവർത്തനങ്ങൾ മാത്രമല്ല, ആഘോഷവേളകളും ഓൺലൈനിലൊരുക്കി സുൽത്താൻ ബത്തേരി ഐഡിയൽ ഇംഗ്ലീഷ് സ്കൂൾ. രണ്ടാം ലോക്ഡൗൺ കാലത്തെ ചെറിയ പെരുന്നാൾ കുട്ടികളും അധ്യാപകരും രക്ഷിതാക്കളും ഓൺലൈനിലൂടെ ആഘോഷിച്ചു. ഐഡിയൽ ട്രസ്റ്റ് ചെയർമാൻ എം.കെ. മുഹമ്മദലി ഉദ്ഘാടനം ചെയ്തു. ഇഖ്റ ഹോസ്പിറ്റൽ എം.ഡി ഡോ. പി.സി. അൻവർ മുഖ്യാതിഥിയായി. മാനേജർ സി.കെ. സമീർ ഈദ് സന്ദേശം നൽകി. സ്കൂൾ പ്രിൻസിപ്പൽ ദീപ ദെച്ചമ്മ അധ്യക്ഷത വഹിച്ചു. സിദ്റത്തുൽ മുൻതഹയും നഷ്വ ഹുസൈനും അവതരിപ്പിച്ച ഗാനവിരുന്ന് ആഘോഷത്തിന് നിറം പകർന്നു. ജീവിക ഉത്തപ്പ, ശ്രേയ ജോബി തുടങ്ങിയ വിദ്യാർഥികൾ അവതാരകരായിരുന്നു. സ്കൂളിലെ നിരവധി കുട്ടികൾ കലാപരിപാടികളുമായി അവരവരുടെ വീടുകളിൽ ഇരുന്ന് പരിപാടിയെ സജീവമാക്കി. ഫാത്വിമ നൈറ സ്വാഗതവും ഹിബ തസ്‌ലീം നന്ദിയും പറഞ്ഞു. ശമ്പളനിരക്കിലെ അപാകത തിരുത്തണം -കെ.എസ്.എച്ച്.ഐ.എ കൽപറ്റ: ആരോഗ്യ വകുപ്പിലെ രണ്ടാം ഗ്രേഡ് ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ മുതൽ സ്ഥാനക്കയറ്റ തസ്തികകളിലേക്ക് ശമ്പള പരിഷ്‌കരണ കമീഷൻ ശിപാർശ ചെയ്ത ശമ്പള നിരക്കിലെ അപാകതകൾ പുനഃപരിശോധിച്ച് തെറ്റുകൾ തിരുത്തണമെന്ന് കേരള സ്റ്റേറ്റ് ഹെൽത്ത് ഇൻസ്‌പെക്ടേഴ്സ് അസോസിയേഷൻ സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു. രണ്ടാം ഗ്രേഡ് ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർമാരുടെ 22,200-48,000 രൂപയായിരുന്ന ശമ്പളനിരക്ക് 31,100-66,800 ആയും 22,200-48,000 ശമ്പള നിരക്കുള്ള തസ്തികകളായ രണ്ടാം ഗ്രേഡ് ലാബ് ടെക്‌നീഷ്യൻ, റേഡിയോ ഗ്രാഫർ, ഫാർമസിസ്റ്റ്, ഒപ്റ്റോമെട്രിസ്റ്റ്, ഡൻെറൽ ഹൈജിനിസ്റ്റ്, ബ്ലഡ് ബാങ്ക് ടെക്‌നീഷ്യൻ തുടങ്ങിയവരുടെ ശമ്പളം 35,600-75,400 രൂപയായി വർധിപ്പിക്കുകയും ചെയ്തു. എന്നാൽ, മികച്ച സേവനം നടത്തുന്ന ജീവനക്കാരെ ഒന്നടങ്കം അവഗണിക്കുന്ന താഴ്ന്ന ശമ്പള നിരക്കാണ് രണ്ടാം ഗ്രേഡ് ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ മുതൽ സ്ഥാനക്കയറ്റ തസ്തികകളിലേക്ക് കമീഷൻ ശിപാർശ ചെയ്തത്. നേരേത്ത ഒരേ നിരക്കിൽ ശമ്പളം വാങ്ങിയ കോവിഡ് മുന്നണി പോരാളികളായ ജീവനക്കാരെ മാത്രം കമീഷൻ നിലവിലുള്ള വർധനയിൽ ഒരു കാരണവുമില്ലാതെ ഒഴിവാക്കി. എല്ലാ ഫീൽഡ് വിഭാഗം ജീവനക്കാർക്കും റിസ്ക് അലവൻസ്, ഓഫിസ് വാടക, യൂനിഫോം അലവൻസ് എന്നിവ അനുവദിക്കുക, ജനസംഖ്യയനുസരിച്ച് കുടുംബക്ഷേമ ഉപകേന്ദ്രങ്ങളുടെ എണ്ണം കൂട്ടി ജൂനിയർ എച്ച്.ഐമാരെ നിയമിക്കുക, ഏകീകൃത പൊതുജനാരോഗ്യ നിയമം നടപ്പാക്കുക, 25 വർഷം സർവിസുള്ള എല്ലാ ജീവനക്കാർക്കും പൂർണ പെൻഷൻ അനുവദിച്ച് വിരമിക്കൽ പ്രായം ഉയർത്തുക, സർക്കാറും പി.എസ്.സിയും അംഗീകരിച്ച സാനിട്ടറി ഇൻസ്‌പെക്ടർ ഡിപ്ലോമയുള്ള ഹെൽത്ത് ഇൻസ്പെക്ടർമാരെ ഒഴിവാക്കിയ സ്ഥാനക്കയറ്റ നടപടി പുനഃപരിശോധിക്കണമെന്നും കമീഷൻ അംഗങ്ങളുമായി നടത്തിയ ചർച്ചയിൽ ആവശ്യപ്പെട്ടിരുന്നെന്ന് അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി ആശ്രാമം പി.ആർ. ബാലഗോപാൽ പറഞ്ഞു. വീട്ടുപടിക്കൽ വ്യാപാരികളുടെ ശ്രദ്ധ ക്ഷണിക്കൽ സമരം കൽപറ്റ: കോവിഡ് രണ്ടാം തരംഗം നിയന്ത്രിക്കാനായി നടപ്പാക്കിയ ലോക്ഡൗണിൽ ചെറുകിട വ്യാപാരികൾ അനുഭവിക്കുന്ന ദുരിതങ്ങളിലേക്ക് കേന്ദ്ര, സംസ്ഥാന സർക്കാറുകളുടെയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും ശ്രദ്ധ ക്ഷണിക്കാൻ വീട്ടുപടിക്കൽ സമരം നടത്തി വ്യാപാരികൾ. കേരള വ്യാപാരി വ്യവസായി ഏകോപന സമിതി യൂത്ത് വിങ് സംസ്ഥാന കമ്മിറ്റിയുടെ നിർദേശപ്രകാരം നടത്തിയ പരിപാടിയിൽ ജില്ലയിലെ ഭൂരിപക്ഷം കച്ചവടക്കാരും കുടുംബാംഗങ്ങളും വീട്ടുപടിക്കൽ പ്ലക്കാർഡുകൾ പിടിച്ച് സമരത്തിൽ പങ്കെടുത്തു. ലോക്ഡൗൺ കാലത്ത് അടച്ചിടുന്ന കടകളുടെ വാടക ഒഴിവാക്കുക, വ്യാപാരികളുടെ ബാങ്ക് വായ്പകൾക്ക് ഒരു വർഷം പലിശ രഹിത മൊറട്ടോറിയം പ്രഖ്യാപിക്കുക, പ്രത്യേക സാമ്പത്തിക പാക്കേജ്, ചെറുകിട വ്യാപാര സ്ഥാപനങ്ങൾ അടച്ചിടുമ്പോൾ ഓൺലൈൻ വ്യാപാരം നിർത്തലാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു സമരം. ഏകോപന സമിതി സംസ്ഥാന വൈസ് പ്രസിഡൻറ് കെ.കെ. വാസുദേവൻ ഉദ്ഘാടനം ചെയ്തു. യൂത്ത് വിങ് സംസ്ഥാന പ്രസിഡൻറ് ജോജിൻ ടി. ജോയ്, ജില്ല പ്രസിഡൻറും സംസ്ഥാന സെക്രട്ടറിയുമായ കുഞ്ഞുമോൻ, ഏകോപന സമിതി ജില്ല വൈസ് പ്രസിഡൻറുമാരായ കെ. ഉസ്മാൻ, കെ.ടി. ഇസ്മായിൽ, ഇ. ഹൈദ്രു, നൗഷാദ് കാക്കവയൽ, ജന. സെക്രട്ടറി റഷീദ് അമ്പലവയൽ, ട്രഷറർ ഉണ്ണികാമിയോ, ജില്ല ഭാരവാഹികളായ മുനീർ നെടുങ്കണ, സന്തോഷ് എക്സൽ, റെജിലാസ്, ദീപ്തിഷ് തുടങ്ങിയവർ നേതൃത്വം നൽകി. SATWDL11 കേന്ദ്ര, സംസ്ഥാന സർക്കാറുകളുടെ ശ്രദ്ധ ക്ഷണിക്കുന്നതിൻെറ ഭാഗമായി വ്യാപാരികൾ വീട്ടുപടിക്കൽ നടത്തിയ സമരം
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story