Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightWayanadchevron_rightറേഷൻ കടകളിലൂടെ...

റേഷൻ കടകളിലൂടെ സമ്പുഷ്ടീകരിച്ച അരി: നീക്കം അശാസ്​ത്രീയമെന്ന് ആരോപണം

text_fields
bookmark_border
* ആരോഗ്യ പ്രശ്നങ്ങൾക്കും സാമൂഹിക പ്രത്യാഘാതങ്ങൾക്കും വഴിവെക്കുമെന്ന് ആക്ഷേപം കൽപറ്റ: ഇരുമ്പു സമ്പുഷ്ടീകരിച്ച അരി ജില്ലയിലെ റേഷൻ കടകളിലൂടെ വിതരണം ചെയ്യാനുള്ള നീക്കം ആരോഗ്യ പ്രശ്നങ്ങൾക്കും സാമൂഹിക പ്രത്യാഘാതങ്ങൾക്കും വഴിവെക്കുമെന്ന് ആക്ഷേപം. എഫ്.സി.ഐ വഴി സമ്പുഷ്ടീകരിച്ച (ഫോർട്ടി​ഫിക്കേഷൻ) അരി വിതരണം ചെയ്യാനുള്ള തീരുമാനത്തിനെതിരെ ഗവേഷകരും വിവിധ സംഘടനകളും രംഗത്തെത്തി. കേന്ദ്ര സർക്കാറിന്റെ ആസ്പിരേഷനൽ ജില്ല പരിപാടിയിൽ ഉൾപ്പെട്ട വയനാട്ടിൽ കൃത്രിമമായി സമ്പുഷ്ടീകരിച്ച അരി പൊതുവിതരണ സംവിധാനത്തിലൂടെ വിതരണം ചെയ്യാനാണ് നീക്കം. ആഗസ്റ്റ് 20ന് പദ്ധതി ഉദ്ഘാടനം നടക്കുമെന്നാണ് അറിയുന്നത്. കേന്ദ്ര സർക്കാർ സമ്മർദ്ദത്തിന് വഴങ്ങിയാണ് കേരളത്തിലും പദ്ധതി നടപ്പാക്കുന്നതെന്നാണ് ആരോപണം. കുട്ടികളിലും ഗർഭിണികളിലും കൗമാരക്കാരിലുമുള്ള പോഷകക്കുറവ് പരിഹരിക്കുകയെന്ന പേരിലാണ് കൃത്രിമ വിറ്റാമിനുകളും ധാതുക്കളും ചേർത്ത അരി വിതരണത്തിന് എത്തിക്കുന്നത്. രക്തക്കുറവ് പരിഹരിക്കാൻ ഇരുമ്പ്, ഭ്രുണവളർച്ചയെ സഹായിക്കാൻ ഫോളിക് ആസിഡ്, നാഡീവ്യവസ്ഥയുടെ പ്രവർത്തനത്തെ സഹായിക്കാൻ വിറ്റാമിൻ ബി എന്നിവയാണ് അരിയിലെ കൃതിമ പോഷകം. എന്നാൽ, ഇന്ത്യക്ക് അകത്തും പുറത്തും ആരോഗ്യ വിദഗ്‌ധർ ഈ തരം പോഷക ഇടപെടലുകളുടെ ആവശ്യമില്ലായ്മയും ആരോഗ്യ പ്രത്യാഘാതങ്ങളും ചൂണ്ടികാണിക്കുമ്പോൾ യാതൊരു പഠനവും നടത്താതെയും വയനാടൻ ജനതയോട് ചർച്ച ചെയ്യാതെയും പദ്ധതി നടപ്പാക്കാൻ ശ്രമമെന്നാണ് ആരോപണം. പദ്ധതി നിർത്തിവെക്കാൻ സർക്കാർ തയാറാകണമെന്ന് ആവശ്യപ്പെട്ട് രാജേഷ് കൃഷ്ണൻ (പരമ്പരാഗത നെൽ കർഷകൻ), ഡോ. ടി.ആർ. സുമ (സാമൂഹ്യ ശാസ്ത്ര ഗവേഷക), എൻ. ബാദുഷ (വയനാട് പ്രകൃതി സംരക്ഷണ സമിതി), അമ്മിണി കെ.വയനാട് (ആദിവാസി സംഘടനാ പ്രതിനിധി), അഡ്വ. രാമചന്ദ്രൻ (സാമൂഹ്യ പ്രവർത്തകൻ), പി. പ്രദീഷ് (സാമൂഹ്യ പ്രവർത്തകൻ), ദിലീപ് കുമാർ (ഗവേഷകൻ), പി. ഹരിഹരൻ (കിസാൻ ജ്യോതി ഫാർമേസ് ക്ലബ് വടുവഞ്ചാൽ), എസ്. ഉഷ (സേവ് ഔർ റൈസ് കാമ്പയിൻ), എ.വി. ജോൺസൻ (ചെയർമാൻ, തിരുനെല്ലി അഗ്രി പ്രൊഡ്യൂസർ കമ്പനി), ശീധർ രാധാകൃഷ്ണൻ (അലയൻസ് ഫോർ സസ്റ്റയിനബിൾ അഗ്രികൾച്ചർ) എന്നിവർ ഭക്ഷ്യ മന്ത്രിക്ക് ജി.ആർ. അനിൽകുമാറിന് കത്തയച്ചു. പ്രധാന ആശങ്കകൾ: * കൃത്രിമ ഭക്ഷ്യ സമ്പുഷ്ടീകരണം ഫലപ്രദമാണെന്ന് തെളിയിക്കപ്പെട്ടിട്ടില്ല: പോഷകാഹാരക്കുറവിനുള്ള പ്രധാനം കാരണങ്ങൾ ഭക്ഷണത്തിലെ വൈവിധ്യം കുറഞ്ഞുവരുന്നതാണ്. കൃത്രിമമായി സമ്പുഷ്ടീകരിച്ച ഭക്ഷണം എന്ന രീതിയിൽ അരി വിതരണം ചെയ്യുന്നത് യഥാർഥ പ്രശ്‌നപരിഹാരമല്ല. ഇതുകൊണ്ടുണ്ടാകാവുന്ന ഹ്രസ്വകാല-ദീർഘകാല ആരോഗ്യ പ്രത്യാഘാതങ്ങളെക്കുറിച്ചു ശാസ്ത്രീയമായ പഠനങ്ങൾ നടന്നിട്ടില്ല. * കൃതിമമായി ചേർത്ത വിറ്റാമിനുകളും ധാതുക്കളും ആരോഗ്യ പ്രത്യാഘാതങ്ങൾക്കു കാരണമാകാം: ശരീരത്തിലെ ജീവൽ പ്രവർത്തനങ്ങൾക്കു അനാവശ്യമായതോ, അമിതമായ അളവിലോ ഈ വസ്തുക്കൾ ശരീരത്തിൽ എത്തുന്നത് ഉപാപചയ പ്രവർത്തനങ്ങളെ തകരാറിലാക്കി ദോഷഫലങ്ങൾ ഉളവാക്കും. പോഷകകുറവു പോലെ തന്നെ ഗുരുതരമായ സാഹചര്യമാണ് പോഷക ബാഹുല്യം ശരീരത്തിൽ ഉളവാക്കുക. അരിവാൾ രോഗം പാരമ്പര്യമായി കണ്ടുവരുന്ന ഗോത്ര സമൂഹങ്ങൾ ഉൾപ്പടെയുള്ള ജനവിഭാഗങ്ങളുള്ള വയനാട്ടിൽ ഈ പദ്ധതി വലിയ പ്രത്യാഘാതങ്ങളുണ്ടാക്കാം. അരിവാൾ രോഗം, താലീസീമിയ മുതലായ ഹീമോഗ്ലോബിനുമായി ബന്ധപ്പെട്ട അസുഖങ്ങൾ ഉള്ളവരിലും മലേറിയ, ക്ഷയം പോലുള്ള അണുബാധകൾ ഉള്ളവരിലും ഇരുമ്പിന്റെ സാന്നിധ്യം ആരോഗ്യ പ്രശ്‌നങ്ങൾക്ക് കരണമാകും. * ഭക്ഷണത്തിനുമേൽ പ്രാദേശിക സമൂഹങ്ങൾക്കുള്ള നിയന്ത്രണം നഷ്ടപ്പെടുന്നു: വൻകിട കുത്തക കമ്പനികൾ മുന്നോട്ടുവെയ്ക്കുന്ന, അവരുടെ കച്ചവടം ഉറപ്പാക്കുന്ന പദ്ധതിയാണ് കൃത്രിമ ഭക്ഷ്യ സമ്പുഷ്ടീകരണമെന്ന പേരിൽ നടപ്പാക്കാൻ തുടങ്ങുന്നത്. ഇത് പ്രാദേശിക സമൂഹങ്ങളുടെയും ഗോത്ര വിഭാഗങ്ങളുടേയും ഭക്ഷ്യമേഖലയിലേക്കുള്ള കുത്തകകളുടെ കടന്നുകയറ്റമാണ്. * പ്രാദേശിക കാർഷിക വ്യവസ്ഥയെ നശിപ്പിക്കും: വിവിധ ഭക്ഷ്യ ഇനങ്ങൾ പാരമ്പരാഗതമായി കൃഷിചെയ്യുന്ന ജനതയാണ് വയനാട്ടിലേത്. കൃഷിചെയ്യാത്ത അനേകം ഇലക്കറികളും കിഴങ്ങുവർഗങ്ങളും മറ്റും വയനാടൻ ജനതയുടെ ഭക്ഷ്യസംസ്കാരത്തിന്റെ പ്രത്യേകതയാണ്. ജനങ്ങളെ ആരോഗ്യമുള്ളവരായി സംരക്ഷിക്കുന്ന ഈ സംസ്‌കൃതി ഇല്ലാതാക്കുന്ന പദ്ധതിയാണ് കൃത്രിമമായി സമ്പുഷ്ടീകരിച്ച അരിവിതരണം. കൃത്രിമമായി സമ്പുഷ്ടീകരിച്ച ഭക്ഷ്യവസ്തുക്കൾ അടിച്ചേൽപ്പിക്കുന്നത് പ്രദേശിക കാർഷിക ഭക്ഷ്യ സംസ്‌കൃതിയെയും അതുമായി ബന്ധപ്പെട്ട അമൂല്യമായ അറിവുകളെയും ഇല്ലായ്മ ചെയ്യും. * പ്രാദേശിക ഭക്ഷ്യവിള-ഭക്ഷണ വൈവിധ്യം തകർക്കപ്പെടും: മുപ്പത്തഞ്ചോളം പരമ്പരാഗത നെല്ലിനങ്ങളും കാർഷിക സർവകലാശാല വികസിപ്പിച്ച നെല്ലിനങ്ങളും വയനാട്ടിൽ കൃഷി ചെയ്തുവരുന്നുണ്ട്. ഒട്ടനവധി ഔഷധ ഗുണമുള്ളതും പോഷക സമ്പുഷ്ടവുമായ പരമ്പരാഗത നെല്ലിനങ്ങൾ കൃഷിചെയ്തുവരുന്നു. അവയുടെ നിലനില്പിനെ ദോഷകരമായി ബാധിക്കുന്നതാണ് കൃത്രിമമായി സമ്പുഷ്ടീകരിച്ച അരി വിതരണം. ഇത്തരം നെല്ലിനങ്ങൾ കൃഷിചെയ്ത് സംരക്ഷിക്കുന്ന കർഷകരെ പ്രോത്സാഹിപ്പിക്കുന്നതിന് പകരം സമ്പുഷ്ടീകരിച്ച അരി ഇറക്കുമതിചെയ്യുന്നത് പ്രാദേശിക നെൽവിത്ത് വൈവിധ്യത്തെയും കർഷകരുടെ സുസ്ഥിരതയെയും ഇല്ലാതാക്കും. ഭക്ഷ്യമേഖലയിലെ ചെറുകിട സംരംഭങ്ങളെ ക്രമേണ ഇല്ലാതാക്കും. തീരുമാനം പുനഃപരിശോധിക്കണം -എൽ.ജെ.ഡി കൽപറ്റ: ആസ്പിരേഷനല്‍ ഡിസ്ട്രിക്ട് പദ്ധതിയിലുള്‍പ്പെട്ട ജില്ലയില്‍ ഇരുമ്പ് സമ്പുഷ്ടീകരിച്ച അരി പൊതുവിതരണ സമ്പ്രദായത്തിലൂടെ വിതരണം ചെയ്യാനുള്ള നീക്കം പുന:പരിശോധിക്കണമെന്ന് എല്‍.ജെ.ഡി. സംസ്ഥാന പ്രസിഡന്റ് എം.വി. ശ്രേയാംസ് കുമാര്‍ ആവശ്യപ്പെട്ടു. ആരോഗ്യ പ്രശ്‌നങ്ങളും സാമൂഹിക പ്രത്യാഘാതങ്ങളും പരിഗണിക്കാതെയാണ് വയനാടിനെ കേന്ദ്ര സര്‍ക്കാര്‍ പദ്ധതിയിലുള്‍പ്പെടുത്തിയിരിക്കുന്നത്. പോഷകസമ്പുഷ്ടമായ നാടന്‍ നെല്‍വിത്തിനങ്ങള്‍ ധാരാളമുള്ള വയനാട്ടിൽ കൃത്രിമമായി പോഷകങ്ങള്‍ ചേര്‍ക്കുന്ന അരി റേഷന്‍ കടകളിലൂടെ വിതരണം ചെയ്യുന്നത് വിചിത്രമാണ്. ഒരു ജനസമൂഹത്തിന്റെയാകെ ആരോഗ്യത്തെ ബാധിച്ചേക്കാവുന്ന പദ്ധതി നടപ്പാക്കുന്നതില്‍ നിന്ന് സംസ്ഥാനം പിന്‍മാറണമെന്നും ശ്രേയാംസ് കുമാര്‍ ആവശ്യപ്പെട്ടു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story