Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 16 Jun 2022 5:33 AM IST Updated On
date_range 16 Jun 2022 5:33 AM ISTഅഭിഭാഷകന്‍റെ ആത്മഹത്യ:
text_fieldsbookmark_border
ടോമിയുടെ വായ്പ സംബന്ധിച്ച പ്രചാരണം തെറ്റിദ്ധാരണാജനകമെന്ന് ബാങ്ക് പുൽപള്ളി: സൗത്ത് ഇന്ത്യന്‍ ബാങ്ക് ഉപഭോക്താവ് എം.വി. ടോമിയുടെ അപ്രതീക്ഷിത മരണത്തെ തുടര്‍ന്ന് അദ്ദേഹത്തിന്‍റെ പേരില്‍ പുല്‍പള്ളി ശാഖയിലുള്ള വായ്പ അക്കൗണ്ടുകളുമായി ബന്ധപ്പെട്ടു പുറത്തുവന്ന വാർത്തകള്‍ തെറ്റിദ്ധാരണാജനകവും വസ്തുത വിരുദ്ധവുമാണെന്ന് ബാങ്ക് അധികൃതർ വാർത്തകുറിപ്പിൽ പറഞ്ഞു. അക്കൗണ്ടുകള്‍ 2014ൽ നിഷ്‌ക്രിയ ആസ്തിയായി മാറുകയും വായ്പാ തിരിച്ചടവില്‍ പ്രതിസന്ധി നേരിടുകയും ചെയ്തതിനെ തുടര്‍ന്ന് അദ്ദേഹത്തെ സഹായിക്കാൻ ബാങ്ക് ശ്രമങ്ങള്‍ നടത്തിവരുന്നതിനിടെയാണ് മരണം. അക്കൗണ്ടുകള്‍ ക്ലോസ് ചെയ്യാന്‍ ബാങ്ക് കുടുംബത്തിന് മുന്നിൽ നിര്‍ദേശം മുന്നോട്ടുവെച്ചിരുന്നു. വായ്പ പൂര്‍ണമായും എഴുതിത്തള്ളുകയും ഈടായി വച്ച വസ്തുവിന്റെ ആധാരം രണ്ടാഴ്ചയ്ക്കകം തിരിച്ചു നല്‍കുമെന്നുമുള്ള തരത്തിൽ പ്രചരിച്ച വാര്‍ത്ത തെറ്റാണ്. ഇത്തരമൊരു നിര്‍ദേശം ബാങ്ക് ഒരിക്കലും നല്‍കിയിട്ടില്ല. ആർ.ബി.ഐ മാര്‍ഗനിര്‍ദേശങ്ങളും ചട്ടങ്ങളും അനുസരിച്ചു മാത്രമേ തീരുമാനങ്ങളെടുക്കാന്‍ കഴിയൂ. മരിച്ച ഉപഭോക്താവിന്‍റെ വായ്പാ അക്കൗണ്ടുകള്‍ ക്ലോസ് ചെയ്യാന്‍ യുക്തിസഹമായ നിര്‍ദേശമാണ് കുടുംബത്തിനു മുമ്പാകെ വെച്ചതെന്നും അധികൃതർ വ്യക്തമാക്കി. 'എസ്.ഐ.ബി വിശദീകരണം അടിസ്ഥാനരഹിതം' പുല്‍പള്ളി: ഇരുളത്തെ അഭിഭാഷകന്‍റെ ആത്മഹത്യയെ തുടര്‍ന്ന് സൗത്ത് ഇന്ത്യന്‍ ബാങ്ക് ശാഖകള്‍ക്ക് മുന്നില്‍ കര്‍ഷക സംഘടനകള്‍ നടത്തുന്ന സമരവുമായി ബന്ധപ്പെട്ട് ബാങ്കിന്‍റെ വിശദീകരണം അടിസ്ഥാനരഹിതവും സാമാന്യ മര്യാദയുടെ ലംഘനവുമാണെന്ന് സംയുക്ത കര്‍ഷക സമര സമിതി കുറ്റപ്പെടുത്തി. സര്‍ഫാസി നിയമത്തിന്‍റെ മറവില്‍ ബാങ്ക് നടത്തിയ മനുഷ്യത്വവിരുദ്ധമായ നടപടികളാണ് ടോമിയെ ആത്മഹത്യയിലേക്ക് നയിച്ചതെന്നും സമിതി ആരോപിച്ചു. മെയ് 12 മുതല്‍ പുല്‍പ്പള്ളി സൗത്ത് ഇന്ത്യന്‍ ബാങ്കിന്റെ മുന്നില്‍ കര്‍ഷക സംഘടനകള്‍ സമരം ആരംഭിച്ചു. മെയ് 18ന് ബാങ്ക് ഭാരവാഹികള്‍ സമരസമിതിയുമായി നടത്തിയ ചര്‍ച്ചയില്‍ ടോമിയുടെ വായ്പാ കുടിശ്ശിക ഏറ്റെടുത്ത് ആധാരം തിരികെ നല്‍കുന്നതിനും ധാരണയായി. ബാങ്കിന്‍റെ ഡയറക്ടര്‍ ബോര്‍ഡ് യോഗം ചേര്‍ന്ന് തീരുമാനം എടുക്കേണ്ടതിനാല്‍ രണ്ടാഴ്ച കാലാവധി വേണമെന്ന് റീജനല്‍ മാനേജര്‍ ആവശ്യപ്പെട്ടതനുസരിച്ച് സമരം താല്‍ക്കാലികമായി നിര്‍ത്തിവെക്കുകയായിരുന്നു. ഒത്തുതീര്‍പ്പ് വ്യവസ്ഥകള്‍ ഏകപക്ഷീയമായി ലംഘിക്കുകയും കള്ളത്തരം പ്രചരിപ്പിക്കുകയും ചെയ്യുന്ന ബാങ്കിന്‍റെ നിലപാട് സാമാന്യ മര്യാദയുടെ ലംഘനമാണ്. ബാങ്ക് ശാഖകള്‍ക്ക് മുന്നില്‍ നടത്തിവരുന്ന സമരം ശക്തിപ്പെടുത്തും. ജൂണ്‍ 20 മുതല്‍ ജില്ലയിലെ മുഴുവന്‍ സൗത്ത് ഇന്ത്യന്‍ ബാങ്ക് ശാഖകളും ഉപരോധിക്കുമെന്നും ഇവർ അറിയിച്ചു. പുല്‍പള്ളിയില്‍ ചേര്‍ന്ന സമരസമിതി യോഗത്തില്‍ ചെയര്‍മാന്‍ എസ്.ജി. സുകുമാരന്‍ അധ്യക്ഷത വഹിച്ചു. ടി.ബി. സുരേഷ്, എ.വി. ജയന്‍, പ്രകാശ് ഗഗാറിന്‍, എ.ജെ. കുര്യന്‍, വില്‍സന്‍ നെടുങ്കൊമ്പില്‍, സ്‌കറിയ, ബെന്നി കുറുമ്പാലക്കാട്ട്, എന്നിവര്‍ സംസാരിച്ചു. ബത്തേരി അർബൻ ബാങ്കിൽ അഡ്മിനിസ്ട്രേറ്റിവ് ഭരണം സുൽത്താൻ ബത്തേരി: കോൺഗ്രസ് ഭരിച്ചിരുന്ന സുൽത്താൻ ബത്തേരി അർബൻ ബാങ്കിൽ അഡ്മിനിസ്ട്രേറ്റിവ് ഭരണം നിലവിൽവന്നു. നിലവിലെ ഭരണസമിതിക്ക് ഭൂരിപക്ഷം നഷ്ടപ്പെട്ട സാഹചര്യത്തിലാണ് സഹകരണ ജോയിൻ രജിസ്ട്രാർ അഡ്മിനിസ്ട്രേറ്റിവ് ഭരണത്തിന് തീരുമാനിച്ചത്. ഡോ. സണ്ണി ജോർജ് കൺവീനറും കെ.ടി. മറിയക്കുട്ടി, എം.പി. ശ്രീധരൻ എന്നിവർ അംഗങ്ങളുമായ മൂന്ന് അംഗ അഡ്മിനിസ്ട്രേറ്റിവ് ഭരണമാണ് നിലവിൽവന്നത്. കഴിഞ്ഞ പത്താം തീയതി ബാങ്കിലെ അഞ്ച് ഡയറക്ടർമാർ രാജിവെച്ചിരുന്നു. അതിനു മുമ്പും നാല് ഡയറക്ടർമാർ രാജിവെച്ചു. അംഗങ്ങളുടെ എണ്ണം നാലായതോടെയാണ് അഡ്മിനിസ്ട്രേറ്റിവ് ഭരണത്തിന് സാധ്യത തെളിഞ്ഞത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story