Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 10 Jun 2022 5:36 AM IST Updated On
date_range 10 Jun 2022 5:36 AM ISTപരിസ്ഥിതിലോല മേഖല ഉത്തരവ് ഗൂഡല്ലൂരിൽ പ്രതിഷേധം വ്യാപകമാകുന്നു
text_fieldsbookmark_border
ഗൂഡല്ലൂർ: സംരക്ഷിത വനമേഖലയിൽനിന്ന് ഒരു കിലോമീറ്റർ ദൂരം പരിസ്ഥിതിലോല മേഖലയായി നിലനിർത്തണമെന്ന സുപ്രീംകോടതിയുടെ ഉത്തരവിൽ ഗൂഡല്ലൂർ നിയമസഭ മണ്ഡലത്തിലെ വിവിധ പഞ്ചായത്ത് പ്രതിനിധികളും എം.എൽ.എയും ജില്ല പഞ്ചായത്ത് ചെയർമാൻ ഉൾപ്പെടെയുള്ള ജനപ്രതിനിധികളും ആശങ്ക രേഖപ്പെടുത്തി. ശ്രീമധുര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ആർ. സുനിൽ ശ്രീമധുരയിൽ വിളിച്ചുചേർത്ത ജനപ്രതിനിധികളുടെകൂടി ആലോചന യോഗത്തിലാണ് ആശങ്ക അറിയിച്ചത്. കെ.ആർ. സുനിൽ അധ്യക്ഷതവഹിച്ചു. മുതുമല കടുവസങ്കേതം, നെലാക്കോട്ട, ബിദർക്കാട്, ദേവാല, ചേരമ്പാടി, ഓവാലി ഉൾപ്പെട്ട റേഞ്ചുകളിൽ സംരക്ഷിത വനമേഖലകൾ ആണ് സ്ഥിതിചെയ്യുന്നത്. അതിനാൽതന്നെ ഈ വനമേഖലയിൽ ചുറ്റപ്പെട്ടുകിടക്കുന്ന ജനവാസ കേന്ദ്രങ്ങളായ ഗൂഡല്ലൂർ, പന്തല്ലൂർ താലൂക്കിലെയും മസിനഗുഡി ഭൂരിഭാഗം ഭാഗങ്ങളും ഉത്തരവ് പ്രതികൂലമായി ബാധിക്കും. കോടതി ഉത്തരവ് പുനർവിചിന്തനത്തിന് വിധേയമാക്കുന്ന വിധത്തിലേക്ക് പ്രക്ഷോഭ പരിപാടികളും യൂനിയൻ കൗൺസിൽ, ഗ്രാമപഞ്ചായത്ത് ഭരണസമിതി, നഗരസഭ കൗൺസിൽ അടക്കം പ്രമേയങ്ങൾ പാസാക്കുകയും ശക്തമായ പ്രതിഷേധം കേന്ദ്ര-സംസ്ഥാന സർക്കാറുകളെ അറിയിക്കുകയും വേണമെന്നാണ് ജനപ്രതിനിധികളുടെ കൺവെൻഷനിൽ ആവശ്യമുയർന്നത്. ഇതിന് മുന്നോടിയായി സർവ രാഷ്ട്രീയകക്ഷികളെയും ഉൾപ്പെടുത്തിയുള്ള വിപുലമായ പ്രക്ഷോഭ പരിപാടികൾ ആവിഷ്കരിക്കാനും യോഗം തീരുമാനിച്ചു. കടുവ സങ്കേതം, തമിഴ്നാട് സ്വകാര്യ വനസംരക്ഷണ നിയമം, സെക്ഷൻ 17 നിയമം ഉൾപ്പെടെയുള്ളവ മൂലം ഗൂഡല്ലൂർ നിയമസഭ മണ്ഡലത്തിലെ ജനജീവിതം ദുസ്സഹമായിരിക്കുകയാണ്. ഇതിനിടെയാണ് ഇപ്പോൾ ബഫർസോൺ പ്രശ്നവും ഉയർന്നിരിക്കുന്നത് അതിനാൽ പ്രശ്നപരിഹാരം കണ്ടില്ലെങ്കിൽ പ്രക്ഷോഭം നടത്തുമെന്ന് അഡ്വ. പൊൻ ജയശീലൻ എം.എൽ.എ പറഞ്ഞു. ജില്ല പഞ്ചായത്ത് ചെയർമാൻ പൊൻദോസ്, ഗൂഡല്ലൂർ നഗരസഭാ ചെയർപേഴ്സൺ പരിമള, വൈസ് ചെയർമാൻ ശിവരാജ്, ദേവർഷോല പഞ്ചായത്ത് ചെയർപേഴ്സൺ പി. വള്ളി വൈസ് ചെയർമാൻ യൂനുസ് ബാബു, നെലാക്കോട്ട ഗ്രാമപഞ്ചായത്ത് ചെയർപേഴ്സൺ ടർമിള, വൈസ് ചെയർമാൻ നൗഫൽ, ചേരങ്കോട് ഗ്രാമപഞ്ചായത്ത് ചെയർപേഴ്സൺ ലില്ലി ഏലിയാസ്, മസിനഗുഡി ഗ്രാമ പഞ്ചായത്ത് ചെയർപേഴ്സൺ മാദേവി, ഗൂഡല്ലൂർ പഞ്ചായത്ത് യൂനിയൻ കൗൺസിലർ കെ.കെ. ഗംഗാധരൻ, ശ്രീമധുര ഗ്രാമപഞ്ചായത്ത് വാർഡ് അംഗങ്ങളും പങ്കെടുത്തു. GDR MEETING: പരിസ്ഥിതിലോല മേഖല നിലനിർത്തണമെന്ന ഉത്തരവിനെതിരെ ശ്രീമധുര ഗ്രാമപഞ്ചായത്ത് വിളിച്ച്ചേർത്ത ജനപ്രതിനിധികളുടെ കൂടിയാലോചനാ യോഗത്തിൽ ശ്രീമധുര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ആർ. സുനിൽ സംസാരിക്കുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
