Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 13 May 2022 5:34 AM IST Updated On
date_range 13 May 2022 5:34 AM ISTസിനിമാക്കഥയെ വെല്ലുന്ന ട്വിസ്റ്റുകൾ; ബത്തേരിയിൽ മറഞ്ഞിരുന്നത് വൻ അധോലോകം
text_fieldsbookmark_border
ഷാബ ഷരീഫിനെ കൊലപ്പെടുത്തിയ കേസിൽ പങ്കുള്ളവരെ അറസ്റ്റ് ചെയ്തതോടെയാണ് ബത്തേരി കേന്ദ്രീകരിച്ചുള്ള ക്രിമിനൽ സംഘത്തിന്റെ വിളയാട്ടം വ്യക്തമായത് സുൽത്താൻ ബത്തേരി: കഴിഞ്ഞ ഏപ്രിൽ 28ന് കൈപ്പഞ്ചേരിയിലെ വീട്ടുവളപ്പിൽനിന്ന് ജലാറ്റിൻ സ്റ്റിക് കണ്ടെത്തിയ സംഭവം വലിയ ആശങ്കയാണ് ഉണ്ടാക്കിയിരുന്നത്. ഈ സംഭവത്തോടനുബന്ധിച്ച് പുതിയ കഥകൾ പുറത്തുവരുമ്പോൾ സുൽത്താൻ ബത്തേരിയിൽ മറഞ്ഞിരുന്നത് വലിയ അധോലോകമാണെന്നതാണ് തെളിയുന്നത്. മൈസൂരു രാജീവ് നഗറിലെ നാട്ടുവൈദ്യൻ ഷാബ ഷരീഫിനെ കൊലപ്പെടുത്തിയ കേസിൽ മുഖ്യപ്രതിയായ ഷൈബിൻ അഷ്റഫിനെയും സുൽത്താൻ ബത്തേരി സ്വദേശികളായ കൈപ്പഞ്ചേരി ശിഹാബുദ്ദീൻ, തങ്ങളത്ത് നൗഷാദ് എന്നിവരെയും അറസ്റ്റ് ചെയ്തതോടെയാണ് ബത്തേരി കേന്ദ്രീകരിച്ച ക്രിമിനൽ സംഘത്തിന്റെ വിളയാട്ടം ജനം പൂർണമായി തിരിച്ചറിയുന്നത്. നിലമ്പൂർ സ്വദേശിയായ ഷൈബിൻ അഷ്റഫിന്റെ മുമ്പത്തെ താവളം സുൽത്താൻ ബത്തേരിയായിരുന്നു. നിലമ്പൂരിലേക്ക് താമസം മാറ്റിയിട്ട് രണ്ടു വർഷമേ ആകുന്നുള്ളൂ. സുൽത്താൻ ബത്തേരി നഗരത്തിൽനിന്ന് അഞ്ചു കിലോമീറ്റർ മാറി പുത്തൻകുന്നിൽ കോടികൾ മുടക്കി നിർമിക്കുന്ന കൊട്ടാരസദൃശ്യമായ വീട് ഇദ്ദേഹത്തിന്റേതാണെന്ന വിവരം പുറത്തുവരുന്നുണ്ട്. അതിനാൽ താവളം സുൽത്താൻ ബത്തേരിയിൽനിന്നു പൂർണമായും ഒഴിവാക്കിയതായും പറയാനാവില്ല. അധോലോക ഇടപാടിൽ കൂട്ടാളികൾ തമ്മിൽ തെറ്റിയതാണ് ഞെട്ടിക്കുന്ന കഥകൾ പുറത്തുവരാൻ വഴിയൊരുക്കിയത്. കൈപ്പഞ്ചേരി സ്വദേശി തങ്ങളത്ത് അഷ്റഫ് (45) എന്നയാളെ നിലമ്പൂർ പൊലീസ് അറസ്റ്റ് ചെയ്തില്ലായിരുന്നുവെങ്കിൽ ഒന്നും പുറത്തുവരില്ലായിരുന്നു. നിലമ്പൂരിലെ ഷൈബിന്റെ വീട്ടിൽ അതിക്രമിച്ചുകയറി മൊബൈൽ ഫോണുകൾ, ലാപ്ടോപ്, പണം എന്നിവ കവർച്ച ചെയ്തതായുള്ള ഷൈബിന്റെ പരാതിയിലാണ് തങ്ങളത്ത് അഷ്റഫ് പിടിയിലാകുന്നത്. അഷ്റഫ് ഉൾപ്പെടെ ഏഴു പേരാണ് ഷൈബിന്റെ വീട്ടിൽ കവർച്ച നടത്തിയത്. ഇയാളെ ചോദ്യംചെയ്ത നിലമ്പൂർ പൊലീസ് കവർച്ച മുതൽ കണ്ടെടുക്കാനാണ് കൈപ്പഞ്ചേരിയിൽ എത്തുന്നത്. തങ്ങളത്ത് അഷ്റഫ് പറഞ്ഞതനുസരിച്ച് വീടിന്റെ പിറകിൽ കുഴിച്ച പൊലീസിന് മൊബൈൽ ഫോണുകൾ കിട്ടി. തൊട്ടടുത്ത് മണ്ണ് ഇളകിക്കിടക്കുന്നത് കണ്ട പൊലീസ് അവിടെയും കുഴിച്ചുനോക്കിയപ്പോഴാണ് ഒമ്പതു ജലാറ്റിൻ സ്റ്റിക് കണ്ടത്. ഇതോടെ കവർച്ചക്കേസിന്റെ സ്വഭാവം മാറുകയായിരുന്നു. ജലാറ്റിൻ സ്റ്റിക് നല്ല ആവശ്യത്തിനല്ല കൈപ്പഞ്ചേരിയിൽ എത്തിച്ചതെന്ന് അന്ന് കേസന്വേഷിച്ചിരുന്ന സുൽത്താൻ ബത്തേരി ഡിവൈ.എസ്.പി. സൂചിപ്പിച്ചിരുന്നു. പിറ്റേദിവസം സെക്രട്ടേറിയറ്റിനു മുന്നിൽ പൊലീസ് അന്വേഷിക്കുന്ന കവർച്ചക്കേസിൽപെട്ടവർ ആത്മഹത്യ നാടകം നടത്തിയതോടെയാണ് വീണ്ടും ട്വിസ്റ്റുണ്ടായത്. ജലാറ്റിൻ സ്റ്റിക് ആരെയെങ്കിലും അപായപ്പെടുത്താനാണോ എത്തിച്ചതെന്ന ചോദ്യം ഇപ്പോൾ അവശേഷിക്കുകയാണ്. ഒരുവർഷം മുമ്പ് കാരക്കണ്ടിയിൽ ആളൊഴിഞ്ഞ വീട്ടിൽ അനധികൃതമായി സൂക്ഷിച്ച സ്ഫോടക വസ്തു പൊട്ടിത്തെറിച്ച് മൂന്നു കൗമാരക്കാർ മരിച്ചതിലെ ദുരൂഹത ഇപ്പോഴും ഒഴിഞ്ഞിട്ടില്ല. ........................ 'അഭിഭാഷകന്റെ മരണം: ബാങ്ക് ജീവനക്കാർക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണം' സുൽത്താൻ ബത്തേരി: ഇരുളത്ത് അഭിഭാഷകന്റെ ആത്മഹത്യക്ക് കാരണക്കാരായ സൗത്ത് ഇന്ത്യൻ ബാങ്ക് പുൽപള്ളി ബ്രാഞ്ചിലെ ജീവനക്കാർക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്ന് ലോയേഴ്സ് കോൺഗ്രസ് സുൽത്താൻ ബത്തേരി താലൂക്ക് കമ്മിറ്റി ആവശ്യപ്പെട്ടു. കോവിഡ് മഹാമാരിയും പ്രളയവും കാർഷിക വിലത്തകർച്ചയും കാരണം ജില്ലയിലെ കർഷകർ അടക്കമുള്ള എല്ലാ ജനവിഭാഗങ്ങളും ദുരിതം അനുഭവിക്കുമ്പോൾ ബാങ്കുകൾ ജനങ്ങളെ ഉപദ്രവിക്കുന്ന തരത്തിലുള്ള നിഷേധ നിലപാടുകളാണ് സ്വീകരിച്ചു വരുന്നത്. അഡ്വ. അജി മാത്യു അധ്യക്ഷത വഹിച്ചു. ജില്ല വൈസ് പ്രസിഡന്റ് അഡ്വ. സതീഷ് പുതിക്കാട്, അഡ്വ. പി.ഡി. സജി, അഡ്വ. സജി വർഗീസ്, അഡ്വ. ഷിജു ജേക്കമ്പ്, അഡ്വ. അജിത് വില്ലി, അഡ്വ. എം.ടി. ബാബു എന്നിവർ സംസാരിച്ചു. ---------- ബാങ്ക് അധികൃതർക്കെതിരെ കേസെടുക്കണം -കിസാൻ സഭ കൽപറ്റ: ഇരുളം സ്വദേശിയും മുൻ അഡീഷനൽ പബ്ലിക് പ്രോസിക്യൂട്ടറുമായ എം.വി. ടോമിയുടെ മരണത്തിൽ പുൽപള്ളി സൗത്ത് ഇന്ത്യൻ ബാങ്ക് അധികൃതർക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്ന് കിസാൻ സഭ ജില്ല കമ്മിറ്റി അവശ്യപ്പെട്ടു. യാതൊരു തത്ത്വദീക്ഷയുമില്ലാതെ ക്രൂരമായാണ് ടോമിയോട് ബാങ്ക് അധികൃതർ പെരുമാറിയത്. ഇത്തരത്തിൽ നൂറുകണക്കിന് കർഷകരെയാണ് ജില്ലയിൽ ചില ബാങ്കുകൾ വേട്ടയാടുന്നത്. ഉപരോധം ഉൾപ്പെടെയുള്ള സമരങ്ങൾക്ക് നേതൃത്വം കൊടുക്കുമെന്നും കിസാൻസഭ ജില്ല കമ്മിറ്റി വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story