Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 13 May 2022 5:30 AM IST Updated On
date_range 13 May 2022 5:30 AM IST'മൃഗങ്ങളിലെ ആന്റിബയോട്ടിക് ഉപയോഗം: ശരിയായ രീതിയില്‍ പരിശോധിക്കണം'
text_fieldsbookmark_border
കൽപറ്റ: ഏകാരോഗ്യ സംവിധാനത്തിന്റെയും രോഗപ്രതിരോധശേഷിയുടെയും പുത്തന്‍അറിവുകള്‍ പങ്കുവെച്ച് മൃഗസംരക്ഷണ വകുപ്പും ക്ഷീരവികസന വകുപ്പും സംയുക്തമായി സെമിനാര്‍ നടത്തി. എന്റെ കേരളം പ്രദര്‍ശന നഗരിയിലായിരുന്നു സെമിനാർ. വെറ്ററിനറി സര്‍വകലാശാല ഗവേഷണ വിഭാഗം മേധാവി ഡോ. സി. ലത ഉദ്ഘാടനം ചെയ്തു. ജില്ല മൃഗസംരക്ഷണ ഓഫിസര്‍ ഡോ. കെ.കെ. ബേബി അധ്യക്ഷത വഹിച്ചു. ഏകാരോഗ്യം, ആന്റി മൈക്രോബിയല്‍ റെസിസ്റ്റന്‍സ് എന്നീ വിഷയങ്ങളെക്കുറിച്ച് ഡോ. വി.കെ. വിനോദ് ക്ലാസെടുത്തു. മൃഗങ്ങളെ ബാധിക്കുന്ന വിവിധ തരത്തിലുള്ള രോഗങ്ങളുടെ പ്രതിരോധത്തില്‍ ഏകാരോഗ്യ സംവിധാനം എങ്ങനെ ഉപയോഗപ്പെടുത്താം എന്നതിനെക്കുറിച്ച് സെമിനാര്‍ ചര്‍ച്ചചെയ്തു. കോവിഡ് മഹാമാരി ഏകാരോഗ്യ ആശയത്തെ കൂടുതല്‍ ശക്തിപ്പെടുത്തിയതായും മൃഗങ്ങളിലെ ആന്റിബയോട്ടിക്കുകളുടെ ഉപയോഗം ശരിയായ രീതിയില്‍ പരിശോധിക്കേണ്ടത് അത്യാവശ്യമാണെന്നും സെമിനാര്‍ അഭിപ്രായപ്പെട്ടു. പ്രധാനപ്പെട്ട ജന്തുജന്യരോഗങ്ങളെക്കുറിച്ച് ഡോ. കെ. ആശ ക്ലാസെടുത്തു. സമീപകാലത്തായി മനുഷ്യരാശിയെ ബാധിച്ച ജന്തുജന്യരോഗങ്ങളും അവയുടെ കാരണങ്ങളും പ്രതിരോധിക്കേണ്ട മാര്‍ഗങ്ങളും ചര്‍ച്ചാവിഷയമായിരുന്നു. കോവിഡാനന്തര കാലത്ത് വളര്‍ത്തുമൃഗങ്ങളുടെ പരിപാലനവും ശ്രദ്ധിക്കേണ്ട കാര്യങ്ങളും സെമിനാറില്‍ പങ്കുവെച്ചു. ഗുണനിലവാരമുള്ള പാലുൽപാദനത്തെക്കുറിച്ച് ഡോ. എ. കവിത ക്ലാസെടുത്തു. ഡോ. പി.എം. ദീപ മോഡറേറ്ററായി. മൃഗസംരക്ഷണ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ ഡോ. ആര്‍. രാജേഷ്, ക്ഷീരവികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ കെ. ഉഷാദേവി, മൃഗസംരക്ഷണ വകുപ്പ് അസി. ഡയറക്ടര്‍ ഡോ. എ.വി. പ്രകാശന്‍ എന്നിവര്‍ സംസാരിച്ചു. THUWDL2 എന്റെ കേരളം പ്രദർശനനഗരിയിൽ മൃഗസംരക്ഷണ വകുപ്പും ക്ഷീരവികസന വകുപ്പും സംയുക്തമായി നടത്തിയ സെമിനാർ വെറ്ററിനറി സർവകലാശാല ഗവേഷണ വിഭാഗം മേധാവി ഡോ. സി. ലത ഉദ്ഘാടനം ചെയ്യുന്നു ----------------- വേദിയിൽ ഇന്ന് കലക്ടറും സംഘവും കൽപറ്റ: എന്റെ കേരളം പ്രദർശന-വിപണനമേളയിൽ വെള്ളിയാഴ്ച വൈകീട്ട് 6.30ന് ജില്ല കലക്ടർ എ. ഗീതയുടെ നേതൃത്വത്തിലുള്ള ജീവനക്കാരുടെ കൂട്ടായ്മ കലാപരിപാടികൾ അവതരിപ്പിക്കും. രാവിലെ 11ന് പ്രധാന വേദിയില്‍ 'സ്ത്രീധന നിരോധന നിയമവും തൊഴിലിടങ്ങളില്‍ സ്ത്രീകള്‍ക്കുനേരെയുള്ള ലൈംഗികാതിക്രമം തടയല്‍ നിയമവും' വിഷയത്തില്‍ വനിത ശിശുവികസന വകുപ്പ് സെമിനാര്‍ നടക്കും. ജില്ല വനിത ശിശുവികസന ഓഫിസര്‍ കെ.വി. ആശാമോള്‍ ഉദ്ഘാടനം ചെയ്യും. വൈകീട്ട് മൂന്നിന് ചരക്കു സേവന നികുതി വകുപ്പ് 'ജി.എസ്.ടി: പുതിയ മാറ്റങ്ങള്‍' വിഷയത്തില്‍ സെമിനാര്‍ അവതരിപ്പിക്കും. 5.30ന് കണിയാമ്പറ്റ ചില്‍ഡ്രന്‍സ് ഹോം വിദ്യാർഥികള്‍ യോഗ ഡാന്‍സ് അവതരിപ്പിക്കും. ആറിന് എന്റെ കേരളം പ്രദര്‍ശന-വിപണനമേള സമാപന സമ്മേളനം വനംമന്ത്രി എ.കെ. ശശീന്ദ്രന്‍ ഉദ്ഘാടനം ചെയ്യും. അഡ്വ. ടി. സിദ്ദീഖ് എം.എല്‍.എ അധ്യക്ഷത വഹിക്കും. 6.30ന് ജീവനക്കാരുടെയും കുടുംബാംഗങ്ങളുടെയും കലാപരിപാടികള്‍ നടക്കും. ------------------ വിപണിയില്‍ 10 ലക്ഷം രൂപ വരുമാനം കൽപറ്റ: എസ്.കെ.എം.ജെ സ്‌കൂള്‍ ഗ്രൗണ്ടില്‍ നടക്കുന്ന മെഗാ പ്രദര്‍ശന-വിപണനമേളയില്‍ സര്‍ക്കാര്‍, സര്‍ക്കാറിതര വിഭാഗങ്ങളിലായി നടന്ന വിൽപനയില്‍ ആദ്യ അഞ്ചു ദിവസങ്ങളില്‍ ലഭിച്ചത് 10 ലക്ഷം രൂപയുടെ വിറ്റുവരവ്. കുടുംബശ്രീ ഒരുക്കിയ ഫുഡ്കോര്‍ട്ടില്‍ 7,52,203 രൂപയുടെ വില്‍പന നടന്നു. വനറാണി, കപ്പ, കാന്താരി ചിക്കന്‍, ചാക്കോത്തി, വിവിധ തരം അച്ചാറുകള്‍ തുടങ്ങിയ വിഭവങ്ങള്‍ ഒരുക്കിയാണ് കുടുംബശ്രീയുടെ ഭക്ഷ്യമേള മുഖ്യ ആകര്‍ഷണമായത്. സര്‍ക്കാര്‍ വകുപ്പുകളില്‍ വ്യവസായം, ഖാദി, കാര്‍ഷിക വികസന കര്‍ഷകക്ഷേമം, പട്ടികവര്‍ഗ വികസനം, മൃഗസംരക്ഷണം, സാമൂഹികനീതി, വനിത-ശിശു വികസനം, സപ്ലൈകോ എന്നീ വകുപ്പുകള്‍ വിപണനത്തില്‍ മുന്നിലാണ്. സര്‍ക്കാറിതര വിഭാഗങ്ങളിലായി നടന്ന വിപണനത്തിലും മേള മുന്നിട്ടുനിന്നു. കരകൗശല ഉൽപന്നങ്ങള്‍, കാപ്പിപ്പൊടി, തേന്‍, ചോക്ലറ്റ് എന്നിവക്ക് വിപണിയില്‍ ആവശ്യക്കാരേറെയായിരുന്നു. ................. മഴക്കാല മുന്നൊരുക്കം: 25നകം പ്രവൃത്തി പൂര്‍ത്തീകരിക്കണം കൽപറ്റ: ജില്ലയിലെ തദ്ദേശ സ്ഥാപനങ്ങള്‍ ഏറ്റെടുത്ത് നടത്തുന്ന മഴക്കാലത്തിനു മുമ്പുള്ള പ്രളയനിവാരണ പ്രവൃത്തി മേയ് 25നകം പൂര്‍ത്തിയാക്കണമെന്ന് ജില്ല ദുരന്ത നിവാരണ അതോറിറ്റി ചെയര്‍പേഴ്സൻകൂടിയായ ജില്ല കലക്ടര്‍ ഉത്തരവിറക്കി. ചില തദ്ദേശ സ്ഥാപനങ്ങള്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് കാലാവധി നീട്ടിയത്. പുഴകളിലെ എക്കലുകള്‍ നീക്കംചെയ്യുന്നതിനുള്ള പ്രവൃത്തി തദ്ദേശ സ്ഥാപനങ്ങള്‍ വേഗത്തിലാക്കണം. ഇതിനായി രൂപവത്കരിച്ച സമിതി ഇക്കാര്യം ഉറപ്പുവരുത്തണം. തൊഴിലുറപ്പ് പദ്ധതിപ്രകാരമുള്ള ഇത്തരം പ്രവൃത്തി പൂര്‍ത്തിയാക്കാന്‍ തൊഴിലുറപ്പ് പദ്ധതി ജോ. പ്രോഗ്രാം കോഓഡിനേറ്റര്‍ നടപടി സ്വീകരിക്കണം. മഴക്കാല മുന്നൊരുക്കത്തിന്റെ ഭാഗമായുള്ള യോഗത്തില്‍ വിവിധ വകുപ്പുകള്‍ സ്വീകരിക്കേണ്ട നടപടികൾ സംബന്ധിച്ച് ഉത്തരവിറക്കി. അടിയന്തര സാഹചര്യങ്ങളില്‍ ജില്ലയില്‍ വിവിധ വകുപ്പുകള്‍ ഉത്തരവാദിത്തങ്ങള്‍ നിറവേറ്റണം. കണ്‍ട്രോള്‍ റൂമുകളുടെ വ്യാപനം തുടങ്ങിയുള്ള കാര്യങ്ങള്‍ യോഗം ചര്‍ച്ചചെയ്തു. നീര്‍ച്ചാലുകളുടെ ഒഴുക്ക് തടസ്സപ്പെടാനുള്ള സാഹചര്യം പൂർണമായി ഒഴിവാക്കണമെന്ന് യോഗം നിർദേശിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story