ഉത്രട്ടാതി ജലോത്സവം ഇന്ന്; ആചാരപരമായ ചടങ്ങിൽ ഒരുവള്ളം മാത്രം
text_fieldsകോഴഞ്ചേരി: ആറന്മുള ഉത്രട്ടാതി ജലോത്സവം ആചാരപരമായി വെള്ളിയാഴ്ച 10.15ന് ആറന്മുള ക്ഷേത്രക്കടവിൽ നടക്കും. ഒരു പള്ളിയോടം മാത്രം പങ്കെടുത്ത് ചടങ്ങ് പൂർത്തിയാക്കാനാണ് കോവിഡ് പശ്ചാത്തലത്തിൽ അനുമതി. ളാക-ഇടയാന്മുള പള്ളിയോടമാണ് എത്തുക. ആഞ്ഞിലിമൂട്ടിൽക്കടവിൽനിന്ന് ക്ഷേത്രക്കടവിലെത്തുന്ന പള്ളിയോടത്തെ വെറ്റപ്പുകയില നൽകി പള്ളിയോട സേവാസംഘം സ്വീകരിക്കും. അവൽപൊതിയും പള്ളിയോടത്തിനു ചാർത്താനുള്ള പൂജിച്ചമാലയും കളഭവും കൈമാറും. വഞ്ചിപ്പാട്ട് പാടി പള്ളിയോടം മടങ്ങുന്നതോടെ ചടങ്ങ് അവസാനിക്കും. ഉത്രട്ടാതി നാളിൽ സാധാരണ പള്ളിയോടത്തിലെത്തുന്നവർ ക്ഷേത്രത്തിലേക്ക് പ്രവേശിക്കാറില്ല. പമ്പയിലെ ജലനിരപ്പ് അനുകൂലമാണെങ്കിൽ പമ്പയുടെ നെട്ടായത്തിൽ പള്ളിയോടം ചവിട്ടിത്തിരിക്കുന്നത് ഉൾപ്പെടെ കാഴ്ചകൾ കാണാൻ കഴിയുമെന്നാണ് പള്ളിയോട പ്രേമികൾ പ്രതീക്ഷിക്കുന്നത്.
2018ലെ പ്രളയകാലത്തുപോലും 25 പള്ളിയോടങ്ങൾ പങ്കെടുത്ത ജലഘോഷയാത്ര നടത്തിയിരുന്നു. എന്നാൽ, മഹാമാരിയുടെ കാലത്ത് അതും അപ്രാപ്യമായി. 52 പള്ളിയോടങ്ങൾ പമ്പയുടെ നെട്ടായത്തിൽ ഉത്രട്ടാതി വള്ളംകളിക്ക് അണിനിരക്കുന്നത് കാത്തിരുന്ന കരക്കാർക്ക് മഹാമാരികാരണം ഒരു പള്ളിയോടംപോലും ഇറക്കാൻ കഴിയാതെ വരുമോ എന്ന ആശങ്കയുണ്ടായിരുന്നു. മാനദണ്ഡങ്ങൾ പാലിച്ച് 24 പേർക്ക് മാത്രമാണ് പള്ളിയോടത്തിൽ കയറുന്നതിന് അനുമതി.
തിരുവോണനാളിൽ കിഴക്കൻമേഖലയിൽനിന്നുള്ള പള്ളിയോടക്കരകളിലെ കരക്കാർ ളാക-ഇടയാറന്മുള പള്ളിയോടത്തിലെ കരക്കാർക്കൊപ്പം അകമ്പടി സേവിക്കുന്ന ചടങ്ങിനെത്തിയിരുന്നു. ഉത്രട്ടാതി വള്ളംകളിക്ക് പടിഞ്ഞാറൻമേഖലയിൽനിന്നുള്ള കരക്കാരാണ് ളാക-ഇടയാറന്മുള പള്ളിയോടത്തിലെ കരക്കാർക്കൊപ്പം പങ്കെടുക്കുന്നത്. സെപ്റ്റംബർ 10ന് അഷ്ടമിരോഹിണി വള്ളസദ്യക്ക് മധ്യമേഖലയിൽനിന്നുള്ള കരക്കാരാണ് പങ്കെടുക്കുന്നത്. പള്ളിയോടത്തിൽ പ്രവേശിക്കുന്നവരുടെ താപനില ഉൾപ്പെടെ പരിശോധിച്ച് കൈ അണുമുക്തമാക്കിയ ശേഷമാണ് പ്രവേശിപ്പിക്കുന്നത്.
തത്സമയ സംപ്രേഷണം
കോഴഞ്ചേരി: പള്ളിയോട സേവാസംഘം നേതൃത്വത്തിൽ ചടങ്ങുകൾ തത്സമയം സംപ്രേഷണം ചെയ്യും. പള്ളിയോടങ്ങളുമായി ബന്ധപ്പെട്ട എല്ലാ പ്രധാന ചടങ്ങുകളും തത്സമയം ലഭ്യമാക്കുന്നതിനായി ഫേസ്ബുക്ക്, യുട്യൂബ് എന്നീ സമൂഹമാധ്യമങ്ങളാണ് ഉപയോഗപ്പെടുത്തുന്നത്. ഔദ്യോഗിക യുട്യൂബ് ചാനലായ ARANMULA BOAT RACE - LIVE Palliyoda Seva Sangham ലിങ്ക്- (https://www.youtube.com/channel/UCKBWHosUtv2TD4C0TAKX6nA?view_as=subscriber)
ഫേസ്ബുക്ക് പേജായ Aranmula Palliyoda Seva Sangham എന്നിവയിലൂടെ പ്രധാനപ്പെട്ട ചടങ്ങുകളുടെ തത്സമയ വിഡിയോയും മറ്റ് പ്രധാന വിഡിയോകളും ലഭ്യമാക്കും. ഉത്രട്ടാതി വള്ളംകളിയുടെ ചടങ്ങുകൾ രാവിലെ 9.45 മുതൽ സംപ്രേഷണം ചെയ്യും.