അഴകായി സീബ്രകളെത്തി; ഇനി കൺനിറയെ കാണാം
text_fieldsതിരുവനന്തപുരം മൃഗശാലയിൽ പുതുതായി എത്തിച്ച സീബ്രകളെ സന്ദർശകർക്ക് കാണാനായി പുതിയ കൂട്ടിലേക്ക് മാറ്റിയപ്പോൾ -വൈ.ആർ. വിപിൻദാസ്
തിരുവനന്തപുരം: രണ്ടര ദിവസത്തെ യാത്രക്കൊടുവിൽ ഗുജറാത്തിലെ വൻതാരയിൽനിന്ന് തിരുവനന്തപുരം മൃഗശാലയിലേക്ക് രാജകീയ പ്രൗഡിയോടെ അവരെത്തി. ഒമ്പത് കൊല്ലങ്ങൾക്കുശേഷമാണ് മൃഗശാലയിലെ സന്ദർശകർക്ക് കാഴ്ചയുടെ വിരുന്നൊരുക്കാൻ മൂന്ന് സീബ്രകളെ എത്തിച്ചത്. ഗുജറാത്തിലെ ഗ്രീൻസ് വൈൽഡ് ലൈഫ് റെസ്ക്യൂ ആൻഡ് റീഹാബിലിറ്റേഷൻ സെന്ററിൽനിന്നാണ് മൂന്നുവയസുള്ള രണ്ട് പെൺസീബ്രകളെയും അഞ്ച് വയസുള്ള ആൺ സീബ്രയെയും മൃഗശാലയിലെത്തിച്ചത്. സന്ദർശകർക്കുള്ള ഓണസമ്മാനമാണ് സീബ്രകളുടെ വരവെന്ന് മന്ത്രി കെ. മുരളീധരൻ പറഞ്ഞു. സീബ്രകളെ കാണാൻ സന്ദർശകർക്കുള്ള കവാടം തുറന്നശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
പ്രത്യേകം തയാറാക്കിയ ആനിമൽ ആംബുലൻസിൽ വൻതാരയിലെ വെറ്ററിനറി സർജന്റെ നേതൃത്വത്തിൽ 13 അംഗ സംഘമാണ് റോഡ് മാർഗം സീബ്രകളെ വ്യാഴാഴ്ച പുലർച്ച 5.15 ഓടെ തിരുവനന്തപുരത്ത് എത്തിച്ചത്. മാർഗതടസമുണ്ടാകാതിരിക്കാൻ കേരള അതിർത്തിയിൽനിന്ന് പൊലീസ് പൈലറ്റ് വാഹനം അകമ്പടിയേകി.
2002 ഏപ്രിലിൽ ചെന്നൈ വണ്ടല്ലൂർ മൃഗശാലയിൽനിന്ന് എത്തിച്ച സീത എന്ന സീബ്ര 2017ൽ പ്രായാധിക്യം മൂലം ചത്തു. മൃഗശാല കാണാനെത്തുന്ന കുട്ടികളുടെ സീബ്രയെ കാണണമെന്ന നിരന്തര ആവശ്യമാണ് യാഥാർത്ഥ്യമായതെന്നും പുതിയ അതിഥികൾക്ക് പേരിടുന്നതടക്കം നടപടികൾ ആലോചിക്കുന്നതായും മൃഗശാല സൂപ്രണ്ട് ടി.വി. അനിൽകുമാർ അറിയിച്ചു. ദീർഘയാത്രയുടെ ക്ഷീണമൊഴിച്ചാൽ സീബ്രകൾ പൂർണ ആരോഗ്യത്തോടെയാളുള്ളതെന്നും സന്ദർശകർക്ക് കാണാൻ തടസ്സമുണ്ടാകാത്ത വിധം 21 ദിവസത്തെ തുറന്ന ക്വാറന്റൈൻ മാത്രമാണുള്ളതെന്നും മൃഗശാല വെറ്ററിനറി സർജൻ ഡോ. നികേഷ് കിരൺ പറഞ്ഞു. സീബ്രകൾക്കായി രണ്ടാഴ്ചത്തേക്കുള്ള തിമോത്തി ഗ്രാസ് എന്ന ഹൈബ്രിഡ് പുല്ലും വൻതാരയിൽനിന്ന് എത്തിച്ചു. ഇനി ഇവിടുത്തെ വൈക്കോൽ ഇടകലർത്തി നൽകി പുതിയ സാഹചര്യവുമായി ഇണക്കിയെടുക്കും. സീബ്രകളെ ലഭിച്ചതിന് പകരമായി തിരുവനന്തപുരം മൃഗശാലയിൽനിന്ന് ഒരു ആൺ സിംഹവാലൻ കുരങ്ങനെയും ഒരു രാജവെമ്പാലയെയും വൻതാരയിലേക്ക് നൽകും. മൃഗശാല ഡയറക്ടർ മഞ്ജുളാദേവി, മൃഗശാല ജീവനക്കാർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

