മാനവീയം വീഥിയിൽ യുവാക്കൾ ഏറ്റുമുട്ടി; സുരക്ഷ ശക്തമാക്കി
text_fieldsവെള്ളിയാഴ്ച മാനവീയം വീഥിയിൽ യുവാക്കൾ ഏറ്റുമുട്ടിയപ്പോൾ
തിരുവനന്തപുരം: മാനവീയം വീഥിയില്‍ ജനമധ്യത്തില്‍ യുവാക്കള്‍ തമ്മിലേറ്റുമുട്ടിയ സംഭവത്തില്‍ കണ്ടാലറിയാവുന്ന രണ്ടുപേര്‍ക്കെതിരെ മ്യൂസിയം പൊലീസ് കേസെടുത്തു. വെള്ളിയാഴ്ച രാത്രി കേരളീയവുമായി ബന്ധപ്പെട്ട ആഘോഷങ്ങൾക്കിടയിലാണ് യുവാക്കള്‍ ഏറ്റുമുട്ടിയത്. പൊലീസെത്തി ഇവരെ പിന്തിരിപ്പിച്ച് പറഞ്ഞുവിടുകയായിരുന്നു. ആർക്കും പരാതിയില്ലാത്തതിനാല്‍ പൊലീസ് കേസെടുത്തതുമില്ല.
സംഭവത്തിന്റെ വിഡിയോ പുറത്തുവന്നതോടെ വിവാദമായി. മാനവീയം വീഥിയെ നൈറ്റ് ലൈഫിൽ നിന്ന് ഒഴിവാക്കണമെന്നുവരെ സമൂഹമാധ്യമങ്ങളിൽ ചർച്ചയായി. ഇതോടെയാണ് സംഭവത്തിൽ സർക്കാർ നിർദേശപ്രകാരം മ്യൂസിയം പൊലീസ് അന്വേഷണം ആരംഭിച്ചത്. അക്രമത്തിനിരയായ പൂന്തുറ സ്വദേശിയിൽ നിന്ന് മൊഴിയെടുത്ത് കേസെടുക്കുകയായിരുന്നു.
മാനവീയം വീഥിയില്‍ സുരക്ഷ ശക്തമാക്കാന്‍ പൊലീസ് തീരുമാനിച്ചു. ഇനിമുതല്‍ പ്രദേശത്ത് ലഹരി പരിശോധന നടത്തും. ബ്രെത്ത് അനലൈസര്‍ ഉപയോഗിച്ച് മദ്യപിച്ചിട്ടുണ്ടോയെന്ന പരിശോധനയും ഉണ്ടാകും. സംശയം തോന്നുന്നവരെയായിരിക്കും പരിശോധനക്ക് വിധേയമാക്കുക. പൊലീസ് നായെ ഉപയോഗിച്ചും പരിശോധന നടത്തും. റോഡിന്റെ രണ്ട് വശത്തും ബാരിക്കേഡ് സ്ഥാപിക്കും. രാത്രി 11ന് ശേഷം വാഹനങ്ങളില്‍ ദ്രുതകര്‍മസേനയെ നിയോഗിക്കും. ഇനിമുതല്‍ ഇവിടെ സംഘര്‍ഷമുണ്ടായാല്‍ പരാതിയില്ലെങ്കിലും കേസെടുക്കും. മാനവീയം വീഥിയില്‍ കൂടുതല്‍ സി.സി ടി.വികള്‍ സ്ഥാപിക്കുമെന്നും പൊലീസ് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

