പാച്ചിറയിൽ യുവാവിന് മർദ്ദനം; മൂന്നംഗ ഗുണ്ടാ സംഘം അറസ്റ്റിൽ
text_fieldsഅറസ്റ്റിലായ അൻവർ, അനീഷ്, റാഷിദ്
മംഗലപുരം: കണിയാപുരം പാച്ചിറയിൽ ഭീകരാന്തരീക്ഷം സൃഷ്ടിച്ച ശേഷം യുവാവിനെ ആക്രമിച്ച മൂന്നംഗ ഗുണ്ടാ സംഘത്തെ പോലീസ് അറസ്റ്റ് ചെയ്തു. പാച്ചിറ തുപ്പട്ടീൽ വീട്ടിൽ സുധീർ(41)നാണ് മർദ്ദനമേറ്റത്. വധശ്രമം ഉൾപ്പെടെ നിരവധി കേസിലെ പ്രതികളായ വാവറ അമ്പലം മണ്ഡപകുന്ന് എ.പി. മൻസിലിൽ അൻവർ (37), അണ്ടൂർക്കോണം പറമ്പിൽപാലം എ.എ. മൻസിലിൽ അനീഷ് (36), പറമ്പിൽപ്പാലം പണയിൽ വീട്ടിൽ റാഷിദ് (28) എന്നിവരെയാണ് മംഗലപുരം പോലീസ് അറസ്റ്റ് ചെയ്തത്.
ശനിയാഴ്ച രാത്രി ഏഴുമണിയോടെ കാറിലെത്തിയ അക്രമി സംഘം പാച്ചിറയിലെ ഹോട്ടലിനു സമീപം ചായകുടിച്ചുകൊണ്ട് നിൽക്കുകയായിരുന്ന അഞ്ച് വിദ്യാർഥികളെ മർദ്ദിക്കാൻ ശ്രമിച്ചു. ഇത് ചോദ്യം ചെയ്ത പാച്ചിറ സ്വദേശി സുധീറിനെ സംഘം തറയിൽ തള്ളിയിട്ട് ക്രൂരമായി മർദ്ദിക്കുകയായിരുന്നു. തുടർന്ന് സ്ഥലത്ത് ഭീകരാന്തരീക്ഷം സൃഷ്ടിച്ച ശേഷം പ്രതികൾ കാറിൽ രക്ഷപ്പെട്ടു.
മാസങ്ങൾ മുമ്പ് ഇതേ സംഘത്തിലെ രണ്ടു പ്രതികൾ പാച്ചിറ സ്വദേശിയായ ഫെമിലിനെ മർദ്ദിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ജയിലിലായിട്ടുണ്ട്. പിടിയിലായ മൂന്ന് പ്രതികൾക്കും നിരവധി കേസുകൾ നിലവിലുള്ളതായി മംഗലപുരം പോലീസ് പറഞ്ഞു.