60 കിലോ കഞ്ചാവുമായി യുവാക്കൾ പിടിയിൽ
text_fieldsതിരുവല്ലം: ആന്ധ്രയിൽനിന്ന് കാറിൽ 60 കിലോ കഞ്ചാവുമായി വന്ന യുവാക്കളെയും അത് വാങ്ങാനെത്തിയ യുവാക്കളെയും എക്സൈസ് പിടികൂടി. നെടുമങ്ങാട് ചുള്ളിമാനൂർ സ്വദേശി ജെസിം, ബീമാപള്ളി സ്വദേശി സജീർ എന്നിവരെയും കഞ്ചാവ് ഏറ്റുവാങ്ങാനെത്തിയ ബീമാപള്ളി സ്വദേശി മുജീബ്, റാഫി എന്നിവരെയുമാണ് എക്സൈസ് സംഘം പിടികൂടിയത്. പിടിയിലായ മുജീബാണ് പ്രധാനിയെന്ന് എക്സൈസ് പറഞ്ഞു. പാച്ചല്ലൂർ അഞ്ചാംകല്ല് ഭാഗത്ത് വെച്ചാണ് സംഘം പിടിയിലായത്.
ഇവരിൽ നിന്ന് 60 കിലോയോളം കഞ്ചാവും, കഞ്ചാവ് കടത്താൻ ഉപയോഗിച്ച രണ്ട് ആഡംബര കാറുകളും എക്സൈസ് പിടികൂടി. സ്റ്റേറ്റ് എക്സൈസ് എൻഫോഴ്മെന്റ് സ്ക്വാഡിന്റെ തലവനായ അസിസ്റ്റന്റ് എക്സൈസ് കമീഷണർ ടി. അനിൽകുമാർ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.

