പിതാവിനെ കൊന്ന യുവാവിന് ജീവപര്യന്തം കഠിനതടവും പിഴയും
text_fieldsവിനോദ്
തിരുവനന്തപുരം: സമ്മാനാർഹമായ ലോട്ടറി ടിക്കറ്റ് ലഭിക്കാനായി പിതാവിനെ കൊലപ്പെടുത്തിയ കേസിൽ മകന് ജീവപര്യന്തം കഠിനതടവും 50,000 രൂപ പിഴയും. നെടുമങ്ങാട് വേറ്റികോണം മാടവനലെയ്ൻ വിനോദ്ഭവനിൽ ശശി എന്ന ആന്റണിയെ (80) കൊലപ്പെടുത്തിയ കേസിൽ പ്രതിയായ മകൻ വിനോദിനെയാണ് (40) കോടതി ശിക്ഷിച്ചത്. ഒന്നാം അഡീഷണൽ സെഷൻസ് ജഡ്ജി കെ.പി. അനിൽകുമാറാണ് ശിക്ഷ വിധിച്ചത്. 2022 ജൂലൈ 19നായിരുന്നു കേസിനാസ്പദമായ സംഭവം. ലോട്ടറിവിൽപനക്കാരനായിരുന്നു കൊല്ലപ്പെട്ട ആന്റണി. ഇയാളുടെ പക്കലുണ്ടായിരുന്ന സമ്മാനാർഹമായ ടിക്കറ്റ് വേണമെന്ന് വിനോദ് ആവശ്യപ്പെട്ടെങ്കിലും അവ നൽകാൻ ആന്റണി കൂട്ടാക്കിയില്ല. ഈ ദേഷ്യത്തിന് പ്രതി ആന്റണിയെ ആക്രമിച്ച് ഗുരുതര പരിക്കേൽപ്പിച്ചു.
ബാഹ്യമായ പരിക്കുകൾ പ്രകടമായില്ലെങ്കിലും തലക്കേറ്റ ഗുരുതര പരിക്കിലൂടെയുണ്ടായ ആന്തരിക രക്തസ്രാവമാണ് മരണത്തിന് കാരണമായത്. സംഭവത്തിന് ശേഷം ജനറൽ ആശുപത്രിയിലും തുടർന്ന് മെഡിക്കൽ കോളജിലും ചികിത്സയിലിരിക്കെ 24 ദിവസത്തിനു ശേഷമാണ് ശശി മരിച്ചത്. ദൃക്സാക്ഷികളുടെ മൊഴിയാണ് കേസിൽ നിർണായകമായത്. വിനോദ് ആന്റണിയെ ക്രൂരമായി മർദിച്ചെന്ന മൊഴിയാണ് ദൃക്സാക്ഷികൾ നൽകിയത്. എന്നാൽ, ശശിയുടെ ശരീരത്തിൽ പരിക്കുകളില്ലെന്നും പ്രായാധിക്യത്താലാണ് മരണമെന്നും പ്രതിഭാഗം വാദിച്ചു. എന്നാൽ, മെഡിക്കൽ റിപ്പോർട്ടുകൾ ഉൾപ്പെടെ ചൂണ്ടിക്കാട്ടിയാണ് പ്രോസിക്യൂഷൻ ഈ വാദങ്ങളെ ഖണ്ഡിച്ചത്. പ്രോസിക്യൂഷൻ ഭാഗത്തുനിന്ന് 16 സാക്ഷികളെയും 47 രേഖകളും മൂന്ന് തൊണ്ടിമുതലുകളും രേഖപ്പെടുത്തി. പ്രോസിക്യൂഷനുവേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ ഡി.ജി. റെക്സ് ഹാജരായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

