ഇടതുപക്ഷത്ത് നിൽക്കുന്ന എഴുത്തുകാർ അപമാനിക്കപ്പെടുന്നു -മുഖ്യമന്ത്രി
text_fields‘ഹരിതം മുകുന്ദം’ ഉദ്ഘാടനം ചെയ്യാനെത്തിയ മുഖ്യമന്ത്രി
പിണറായി വിജയൻ പെരുമ്പടവം ശ്രീധരനുമായി സൗഹൃദം
പങ്കുവെക്കുന്നു. കെ.വി. മോഹൻകുമാർ, എം. മുകുന്ദൻ
തുടങ്ങിയവർ സമീപം
തിരുവനന്തപുരം: ഇടതുപക്ഷത്ത് നിൽക്കുന്ന എഴുത്തുകാരെ അപമാനിക്കുന്ന രീതി കേരളത്തിലുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇടതുപക്ഷത്തിനെതിരെ നിന്നാൽ വാഴ്ത്തപ്പെടുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഹരിതം ലിറ്റററി ഫെസ്റ്റിനോടനുബന്ധിച്ച ‘ഹരിതം മുകുന്ദം’ ഭാരത് ഭവനിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഫ്രാങ്ക്ഫർട്ട് ലിറ്ററേചർ ഫെസ്റ്റിവലിന്റെ മാതൃകയിൽ ലോകശ്രദ്ധ ആകർഷിക്കുന്ന ‘സാഹിത്യ ഫെസ്റ്റ്’ കേരളത്തിലും ഉണ്ടാകണം. അക്ഷരങ്ങളോടും പുസ്തകങ്ങോടും നാടിനുള്ള ആഭിമുഖ്യത്തെ ലോകവുമായി പങ്കുവെക്കേണ്ടതുണ്ട്. ‘ഹരിതം മുകുന്ദം’ എം. മുകുന്ദനെന്ന എഴുത്തുകാരനെ കൂടുതൽ അറിയാൻ സഹായിക്കുന്നതാണ്.
‘കേശവന്റെ വിലാപങ്ങൾ’ പോലുള്ള കൃതികളിലെ കഥാതന്തുവിനോടും കഥാപാത്രങ്ങളോടും യോജിക്കുകയോ വിയോജിക്കുകയോ ചെയ്യാം. എന്നാൽ, ആ കൃതി സമകാലിക സമൂഹത്തിൽ പുറംതിരിഞ്ഞുനിൽക്കുന്നെന്ന് ഒരാൾക്കും വിമർശിക്കാനാകില്ല.
കൂടുതൽ അറിയുന്തോറും ഇടതുപക്ഷ പ്രസ്ഥാനം മുകുന്ദന് സ്വീകാര്യമാവുകയാണെന്ന് കാണുന്നത് ഏറെ സന്തോഷകരമാണ്. മറ്റുള്ളവരുടെ അഭിപ്രായത്തിനനുസരിച്ച് സ്വന്തം അഭിപ്രായം മാറ്റാതെ ആർജവത്തോടെ നിലകൊള്ളുന്ന ആ രീതി എഴുത്തുകാർ മാതൃകയാക്കേണ്ടതാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

