വന്യജീവി ആക്രമണം; ഭീതിയോടെ ആദിവാസി ജീവിതം
text_fieldsrepresentational image
തിരുവനന്തപുരം: വന്യജീവികളുടെ ആക്രമണ ഭീതിയിൽ ജില്ലയിലെ ആദിവാസി ജീവിതങ്ങൾ. കാടിനോട് ചേർന്ന് കൃഷിയിടങ്ങളെല്ലാം കാട്ടുമൃഗങ്ങളിറക്കി നശിപ്പിക്കുന്ന സർവസാധാരണമായതോടെ ഉപജീവനം മുട്ടിയനിലയിലാണ്. കൃഷി മാത്രല്ല, പട്ടികവർഗ വിഭാഗങ്ങളുടെ ജീവനുതന്നെ ഭീഷണിയാവുകയാണ് വന്യമൃഗങ്ങൾ. ജില്ലയിൽ മാത്രം 10 പേരുടെ ജീവനാണ് ഇതുവരെ കാട്ടാനയടക്കം വന്യമൃഗങ്ങൾ കവർന്നത്.
ആക്രമണങ്ങളിൽ പരിക്കേൽക്കുന്നവരും നിരവധി. വന്യമൃഗ ആക്രമണം കൂടുതലുള്ള പാലോട്, പേപ്പാറ, പരുത്തിപ്പള്ളി, നെയ്യാർഡാം അഗസ്ത്യവനം എന്നീ റെയിഞ്ചുകളിലടക്കം വന്യജീവി ആക്രമണങ്ങൾക്കും കൃഷിനാശത്തിനുമുള്ള നഷ്ടപരിഹാരം പോലും കിട്ടുന്നില്ല.
വനമേഖലയിൽ പലയിടങ്ങളിലും മൊബൈൽ ഫോണിന് റേഞ്ച് പോലുമില്ലെന്നിരിക്കെയാണ് നഷ്ടപരിഹാരത്തിന് ഓൺലൈൻ വഴി അപേക്ഷിക്കാൻ നിഷ്കർഷിക്കുന്നത്. സാങ്കേതിക പരിജ്ഞാനമില്ലാത്തവർക്കാകട്ടെ ഇത് അപ്രായോഗികവുമാണ്.
തൊഴിലും വരുമാന മാർഗവുമില്ലാതെ മേഖലയിലെ ജനങ്ങൾ കടുത്ത പ്രതിസന്ധിയിലേക്കാണ് എത്തിയിട്ടുള്ളത്. വന്യജീവി ആക്രമണത്തിന് ഇരയാകുന്ന പട്ടികവർഗക്കാർക്ക് മുമ്പുണ്ടായിരുന്ന ഇൻഷുറൻസ് പരിരക്ഷയും ഇപ്പോഴില്ല. 1995ലെ ഉത്തരവ് പ്രകാരം അപകടമരണത്തിന് ഒരു ലക്ഷം രൂപയും വൈകല്യങ്ങൾക്ക് 25,000 രൂപയും ആശുപത്രിവാസത്തിന് 5000 രൂപയും വ്യവസ്ഥ ചെയ്യുന്നതുമായിരുന്നു ഇൻഷുറൻസ്.
പ്രീമിയം തുക വർധിച്ച സഹചര്യത്തിലാണ് ഇതു നിലച്ചത്. അധിക തുകക്കായി ധനുവകുപ്പിനെ സമീപിച്ചെങ്കിലും നടപടിയുണ്ടായില്ല. കേന്ദ്ര സർക്കാർ പദ്ധതി (പി.എം.ജെ.ജെ.വി.വൈ) ഉപയോഗപ്പെടുത്താനായിരുന്നു ധനവകുപ്പിന്റെ നിർദേശം.
എന്നാൽ, കേന്ദ്ര സർക്കാർ പദ്ധതിയിലെ ഗുണഭോക്താക്കളുടെ പ്രായപരിധി 18-50 ആണെന്നതും ഗുണഭോക്താക്കൾക്ക് ആശുപത്രിച്ചെലവുകൾക്ക് കവറേജ് ലഭിക്കില്ലെന്നതും വെല്ലുവിളിയായതോടെ ഇതും വഴിമുട്ടി. വനംവകുപ്പിന്റെ ഇൻഷുറൻസ് പദ്ധതി പ്രായപരിധി ഇല്ലാതെ കുടുംബത്തിനാകെ പരിരക്ഷ ഉറപ്പുവരുത്തുന്ന ഗ്രൂപ് സ്കീമായിരുന്നു. ഇതാണ് നിലച്ചത്.
2006 വനാവകാശ നിയമം നിലവിൽ വന്നെങ്കിലും ഇതു പ്രകാരമുള്ള കൈവശാവകാശം കിട്ടാത്ത 1500 ഓളം കുടുംബങ്ങളാണ് തലസ്ഥാന ജില്ലയിലുള്ളത്. നട്ടുവളർത്തിയ 28 ഇനം മരങ്ങൾ മുറിക്കാൻ ഈ വിഭാഗങ്ങൾക്കുണ്ടായിരുന്നു അവകാശത്തിനും വനംവകുപ്പ് അപ്രഖ്യാപിത വിലക്കുകൾ ഏർപ്പെടുത്തുകയാണ്.
നിശ്ചിത ഇഞ്ചിൽ കൂടുതൽ ചുറ്റളവുള്ള മരങ്ങൾ മുറിക്കരുതെന്നാണ് വനംവകുപ്പിന്റെ കൽപന. വിവാഹമടക്കം ആവശ്യങ്ങൾക്കായി മുൻകൂട്ടി കണ്ട് വളർത്തിയ മരങ്ങളാണ് ഇത്തരത്തിൽ ആദിവാസി വിഭാഗങ്ങൾക്ക് കൈവിട്ട് പോകുന്നത്.
ഈ അനിശ്ചിതത്വങ്ങൾക്കിടയിലാണ് വനാതിർത്തികളിൽ കഴിയുന്ന വിഭാഗങ്ങൾക്ക് കരുതൽമേഖല കുരുക്കുകൂടി വരുന്നത്. വിതുര പഞ്ചായത്തിലെ കല്ലാർ, മരുതാമല, മണിതൂക്കി, പേപ്പാറ, ആര്യനാട്ടെ പേരിയാർകുന്ന്, കുറ്റിച്ചലിലെ ചോലാമ്പാറ,വ്ലാവെട്ടി, അമ്പൂരിയിലെ തൊടുമല തുടങ്ങിയിടങ്ങളിലെ ഗോത്രവിഭാഗങ്ങളെയാണ് കരുതൽമേഖല ബാധിക്കുക.
2005ന് ശേഷം ആദിവാസി മേഖലകളിൽ വന്യജീവി ആക്രമണങ്ങളിൽ ജീവൻ നഷ്ടപ്പെട്ടവർ
- 2005 ഡിസംബർ 28 ധരണീന്ദ്രൻകാണി (28) കല്ലാർ, ആറാനക്കുഴി
- 2011 നവംബർ 10 അപ്പുക്കുട്ടൻ കാണി (65) പൊടിയൻകാല
- 2017 സെപ്റ്റംബർ 26 കുഞ്ചുദേവി (65) അഗസ്ത്യവനം
- 2017 ഒക്ടോബർ 06 വിശ്വനാഥൻ കാണി (65) പൊടിയൻകാല
- 2019 ഏപ്രിൽ 10 മല്ലൻകാണി (67) കല്ലാർ മൊട്ടമൂട്
- 2019 ഏപ്രിൽ 28 അനീഷ് (25) മീനാങ്കൽ, പന്നിക്കാല
- 2020 ജൂലൈ 28 മാധവൻ കാണി (55) വിതുര
- 2022 ആഗസ്റ്റ് 28 ഷിബു (14) അമ്പൂരി
- 2022 എൽ. അംബിക കാണിക്കാരി, അഗസ്ത്യവനം
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

