കാലിസമ്പത്തും കാർന്നുതിന്ന് വന്യജീവികൾ; അഞ്ചാണ്ടിൽ കൊല്ലപ്പെട്ടത് മൂവായിരത്തോളം
text_fieldsതിരുവനന്തപുരം: നിരവധി മനുഷ്യ ജീവനെടുക്കുകയും സ്വത്തുവകകൾക്ക് കോടിക്കണക്കിന് രൂപയുടെ നഷ്ടവുമുണ്ടാക്കുന്ന വന്യജീവികൾ കാലിസമ്പത്തിനെയും കാർന്നുതിന്നുന്നു. അഞ്ചു വർഷത്തിനിടെ വിവിധ ജില്ലകളിലായി 2,824 നാൽകാലികളെയാണ് വന്യജീവികൾ ആക്രമിച്ചുകൊന്നത്. ഈ ഇനത്തിൽ 7.09 കോടി രൂപ വനം വകുപ്പ് നഷ്ടപരിഹാരമായി കർഷകർക്ക് അനുവദിക്കുകയും ചെയ്തു.
നടപ്പു സാമ്പത്തിക വർഷം തുടങ്ങി അഞ്ചുമാസമാകുമ്പോൾ തന്നെ 109 കാലികൾ വന്യജീവികളാൽ കൊല്ലപ്പെട്ടു. ഇതിൽ 15.19 ലക്ഷം രൂപയാണ് നഷ്ടപരിഹാരം നൽകിയത്. മനുഷ്യ -വന്യജീവി സംഘർഷ ലഘൂകരണവും നിവാരണവും സംബന്ധിച്ച് വനം വകുപ്പ് തയാറാക്കിയ നയ സമീപന രേഖയുടെ കരടാണ് വന്യജീവികൾ കാലിസമ്പത്തിന് വരുത്തുന്ന നഷ്ടത്തിന്റെ കണക്ക് വ്യക്തമാക്കുന്നത്.
മുൻ കാലങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ കാലികൾക്കെതിരായ വന്യജീവി ആക്രമണം കുറഞ്ഞിട്ടുണ്ട്. വനമേഖലയോട് ചേർന്നുള്ള പ്രദേശങ്ങളിലെ പശു, ആട്, കാള, എരുമ, തുടങ്ങിയവയാണ് ആക്രമിക്കപ്പെടുന്നത്. കൂടുതൽ നഷ്ടമായത് പശുക്കളെയും ആടുകളെയുമാണ്. വനമേലയിൽ മേയുമ്പോഴുള്ള ആക്രമണത്തിനു പുറമെ വീട്ടുപറമ്പിലെ തൊഴുത്തിൽ കെട്ടിയിട്ട കാലികളെ ആക്രമിച്ച സംഭവങ്ങൾ വരെ ഏറെയാണ്. നിരവധിയെണ്ണത്തിനെ ജീവച്ഛവമാക്കുകയും ചെയ്തു.
വനത്തിനുള്ളിലെ ഭക്ഷ്യ ലഭ്യതയടക്കം സ്വാഭാവിക ആവാസ വ്യവസ്ഥ നഷ്ടമാകുന്നതാണ് വന്യജീവികൾ കാടുവിട്ട് കൂടുതലായി നാട്ടിലിറങ്ങാനുള്ള കാരണമെന്നാണ് പഠനങ്ങളുൾപ്പെടെ പൊതുവിൽ ചൂണ്ടിക്കാട്ടുന്നത്. വന്യജീവി സംഘർഷ ലഘൂകരണത്തിനുള്ള കരടിന്റെ ചർച്ചയിലും ഈ ആവശ്യം ശക്തമായി ഉയർന്നു. ഇതോടെ വനംവകുപ്പ് ആവിഷ്കരിച്ച 45 ദിവസ തീവ്ര യജ്ഞത്തിൽ വന്യജീവികൾക്ക് കാടിനുള്ളിൽ ഭക്ഷണ -ജല ലഭ്യതയൊരുക്കി ആവാസ വ്യവസ്ഥ പരിപോഷണ പ്രവർത്തനം ഊർജിതപ്പെടുത്തുമെന്ന് മന്ത്രി എ.കെ. ശശീന്ദ്രൻ അറിയിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

