കോൺക്ലേവും മേളയും മേളവും; കനകക്കുന്നിൽ ആഴ്ച നീളുന്ന പെൺ ഉത്സവം
text_fieldsതിരുവനന്തപുരം: സംസ്ഥാന വനിതാ ശിശുവികസന വകുപ്പും വനിതാ വികസന കോർപറേഷനും ചേർന്ന് വനിത-ശിശു ശാക്തീകരണം ലക്ഷ്യമിട്ട് ‘എക്‌സലേറ’ വനിതോത്സവം 26 മെഗാ ഈവന്‍റ് സംഘടിപ്പിക്കുന്നു.
ചൊവ്വാഴ്ച മുതൽ ഒൻപതു വരെ തിരുവനന്തപുരം കനകക്കുന്ന് കൊട്ടാരവളപ്പിലും നിശാഗന്ധിയിലുമായാണ് വനിതോത്സവം നടക്കുന്നത്. ഒരാഴ്ച നീളുന്ന പരിപാടികളിൽ വിവിധ വിഷയങ്ങളിൽ അധിഷ്ഠിതമായ കോൺക്ലേവുകൾ, സംരംഭക പരിശീലന സെഷനുകൾ, പ്രദർശന വിപണന മേള, കലാപരിപാടികൾ എന്നിവയുണ്ടാകുമെന്ന് മന്ത്രി വീണ ജോർജ് വാർത്തസമ്മേളനത്തിൽ അറിയിച്ചു.
പരിപാടിയുടെ ഉദ്ഘാടനം ചൊവ്വാഴ്ച വൈകുന്നേരം 5.30ന് മന്ത്രി വീണാ ജോർജ് നിർവഹിക്കും. മന്ത്രിമാരായ വി. ശിവൻകുട്ടി, ആർ. ബിന്ദു എന്നിവർ പങ്കെടുക്കും. ഉച്ചക്ക് രണ്ടിന് വനിത-ശിശുവികസന വകുപ്പിന്‍റെ ഐ.സി.ഡി.എസ് അവാർഡ് വിതരണവും നടക്കും. ചടങ്ങിനോടനുബന്ധിച്ച് വനിതാ-ശിശു വികസന രംഗത്ത് മികച്ച പ്രവർത്തനം കാഴ്‌ചവെച്ച തൃശൂർ, വയനാട് ജില്ല ഭരണകൂടങ്ങൾക്കുള്ള പുരസ്ക്കാരം, ഐ.സി.ഡി.എസ് പദ്ധതി പ്രവർത്തനത്തിൽ മികവ് പുലർത്തിയവർക്കായുള്ള സംസ്ഥാന അവാർഡുകൾ എന്നിവയും വിതരണം ചെയ്യും.
നാലാം തീയതി മുതൽ ഒമ്പതാം തീയതി വരെ രാവിലെ 11 മണി മുതൽ 4.30 വരെ വിവിധ വിഷയങ്ങളെ അധിഷ്‌ഠിതമായി ടെക്നിക്കൽ സെഷനുകൾ ഉണ്ടാകും. ആറിന് ‘കാവൽ കെയർ ക്രോണിക്കിൾ’ പുസ്തകത്തിന്റെ പ്രകാശനം, ‘കൂടണയാം’ പദ്ധതിയുടെ നേട്ടങ്ങളുടെ പ്രഖ്യാപനവും ലോഗോ പ്രകാശനം, ചുവടുകൾ പദ്ധതിയുടെ ലോഗോ പ്രകാശനം അങ്കണവാടി സമ്പൂർണ വൈദ്യുതികരണ പ്രഖ്യാപനം, ചൈൽഡ് ഫ്രണ്ട് ലി ആഡിറ്റ് നേട്ടത്തിന്‍റെ പ്രഖ്യാപനം എന്നിവ ഉണ്ടാകും.
ആറ്, ഏഴ് തീയതികളിൽ നിശാഗന്ധിയിൽ ‘വനിതാ കോൺക്ലേവ് 2026’ സംഘടിപ്പിക്കും. കോൺക്ലേവിൽ വനിത ശിശുവികസന വകുപ്പിന്‍റെ മൂന്നു പ്രധാന മേഖലകളായ വനിത ശാക്തീകരണം, ശിശുവികസനം, ശിശുസംരക്ഷണം എന്നീ വിഷയങ്ങളെ ആസ്‌പദമാക്കി വിവിധ സെഷനുകൾ, സെമിനാറുകൾ, സംവാദങ്ങൾ എന്നിവ നടക്കും. ദേശീയ- അന്തർദേശീയ തലത്തിലെ വിദഗ്‌ധർ, ഭരണ-ന്യായവ്യവസ്ഥ പ്രതിനിധികൾ, അക്കാദമിക വിദഗ്‌ധർ, സാമൂഹിക പ്രവർത്തകർ എന്നിവർ പങ്കെടുക്കുന്ന വിശദമായ ചർച്ചകൾ കോൺക്ലേവിന്‍റെ ഭാഗമാകും.
ഇതര സംസ്ഥാനങ്ങളിൽ നിന്നടക്കം 140 ഓളം സ്റ്റാളുകളുള്ള വനിതാ സംരംഭക മേളയും ഉണ്ടാകും. വൈകുന്നേരങ്ങളിൽ വർണാഭമായ സാംസ്‌കാരിക പരിപാടികളും ലൈവ് കൺസേർട്ടും അരങ്ങേറും.
ഗായകരായ പ്രണവം ശശി, റിമി ടോമി, അഞ്ജു ജോസഫ് എന്നിവരുടെ സംഗീത പരിപാടികൾ, ഫോക് ലോർ അക്കാദമി നടത്തുന്ന മുടിയേറ്റ്, തോൽപ്പാവക്കൂത്ത് എന്നിവയും തൃപ്പുണിത്തറ വനിതാ കഥകളി സംഘത്തിന്റെ ‘കിരാതം കഥകളി’യും നിരീക്ഷ പെൺ നാടക വേദിയുടെ നാടകവും വിവിധ കോളജുകളിലെ വനിതാ സെൽ വിദ്യാർഥികളുടെ പരിപാടികളും അരങ്ങേറും. വാർത്താസമ്മേളനത്തിൽ വനിതാ ശിശുവികസന വകുപ്പ് ഡയറക്ടർ ഹരിത വി. കുമാർ, വനിത വികസന കോർപറേഷൻ അഡീ. ഡയറക്ടർ ഡോ. ബിന്ദു ഗോപിനാഥ് എന്നിവരും പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

