Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightവാമനപുരം നദിയിൽ...

വാമനപുരം നദിയിൽ നീരൊഴുക്ക് ദുർബലം; ജലവിതരണം താളംതെറ്റുമെന്ന് ആശങ്ക

text_fields
bookmark_border
വാമനപുരം നദിയിൽ നീരൊഴുക്ക് ദുർബലം; ജലവിതരണം താളംതെറ്റുമെന്ന് ആശങ്ക
cancel
camera_alt

വാ​മ​ന​പു​രം ന​ദി​യി​ൽ നീ​രൊ​ഴു​ക്ക് ദു​ർ​ബ​ല​മാ​യനി​ല​യി​ൽ

വെഞ്ഞാറമൂട്: വാമനപുരം നദിയിലെ നീരൊഴുക്ക് ദുർബലമായി. വാട്ടര്‍ അതോറിറ്റി നടത്തുന്ന കുടിവെള്ള വിതരണ സംവിധാനം താളംതെറ്റുമെന്ന് ആശങ്ക. വാമനപുരം, പോത്തന്‍കോട് ബ്ലോക്ക് പഞ്ചായത്ത് പ്രദേശങ്ങളിലും ആറ്റിങ്ങല്‍, വര്‍ക്കല മുനിസിപ്പല്‍ പ്രദേശങ്ങളിലും പുളിമാത്ത് പഞ്ചായത്ത് പരിധിയിലും വാട്ടര്‍ അതോറിറ്റി കുടിവെള്ള വിതരണത്തിനായി വാമനപുരം നദിയെയാണ് ആശ്രയിക്കുന്നത്. നദിയില്‍നിന്ന് ശേഖരിക്കുന്ന ജലം ശുദ്ധീകരിച്ച് അടിയന്തിര ഘട്ടങ്ങളില്‍ മറ്റ് പ്രദേശങ്ങളില്‍ ടാങ്കറില്‍ കുടിവെള്ള വിതരണത്തിനായി നൽകാറുമുണ്ട്. കുറച്ചുവർഷങ്ങളായി വേനൽ ആരംഭത്തോടെ നദിയിലെ ജലനിരപ്പ് താഴുന്നതും നീരൊഴുക്ക് ദുർബലമാകുന്നതും പതിവാണ്. ഇക്കുറി വേനല്‍ കടുത്തതോടെ സ്ഥിതി കൂടുതല്‍ വഷളായി. ഒന്നര മാസമായി വാട്ടര്‍ അതോറിറ്റിയുടെ ജലവിതരണം നിയന്ത്രിത അളവിലാക്കി ചുരുക്കിയിരിക്കുകയാണ്. നിലവിലെ അവസ്ഥ തുടർന്നാല്‍ അതിന് പോലും കഴിയാത്ത സാഹചര്യം സംജാതമാകുമെന്ന ആശങ്കയാണ് ഉയരുന്നത്.

പരിഹാരമാകാതെ കുടിവെള്ളപ്രതിസന്ധി

ആറ്റിങ്ങൽ: മഴയുടെ കനിവുകാത്ത്, കുടിവെള്ളംമുട്ടി ജനം. നദി വറ്റിയതോടെ ജല അതോറിറ്റിയുടെ പൈപ്പ് ലൈനിലുള്ള പ്രതീക്ഷ നഷ്ടമായി. തദ്ദേശ സ്ഥാപനങ്ങളുടെ ജലവിതരണവും അനിശ്ചിതത്വത്തിലാണ്. വാമനപുരം നദിയിൽ ജലക്ഷാമം ഉണ്ടായതോടെ ജല അതോറിറ്റിയുടെ കുടിവെള്ള വിതരണം പ്രതിസന്ധിയിലാണ്. മൂന്നാഴ്ചയായി പൈപ്പ് ലൈനിലെ ജലവിതരണം നാമമാത്രം. വേനൽ കടുത്തതോടെ ജനങ്ങളുടെ ഉപഭോഗം കൂടിയത് പ്രതിസന്ധി വർധിപ്പിച്ചു.

മണൽ കയങ്ങളിൽ കെട്ടിനിൽക്കുന്ന വെള്ളം പ്രത്യേകം പമ്പുസെറ്റുകൾ കുഴികളിലിറക്കി അവിടെനിന്ന് കിണറുകളിലേക്ക് എത്തിച്ച് കിണർ നിറച്ച ശേഷമാണ് പമ്പിങ് നടത്തുന്നത്. ജല അതോറിറ്റി ലഭ്യമായ വെള്ളം നിയന്ത്രിതമായി എല്ലാ മേഖലകളിലും എത്തിക്കാൻ ശ്രമിക്കുന്നുണ്ട്. എന്നാൽ ഉപഭോഗത്തിലെ വർധനവ് കാരണം ഉയർന്ന മേഖലയിൽ കുടിവെള്ളം കിട്ടാത്ത അവസ്ഥയാണ്.

തദ്ദേശസ്ഥാപനങ്ങൾ കുടിവെള്ള ക്ഷാമം നേരിടുന്ന മേഖലകളിൽ ടാങ്കർ ലോറികളിൽ ജലം എത്തിച്ച് വിതരണം ചെയ്യുന്നുണ്ട്. ആറ്റിങ്ങൽ നഗരസഭ സ്വന്തം ടാങ്ക് ഉപയോഗിച്ചാണ് ജലവിതരണം നടത്തുന്നത്. വിവിധ ഗ്രാമപഞ്ചായത്തുകൾ ലോറികളിൽ വലിയ ടാങ്കുകൾ സ്ഥാപിച്ച് അതിൽ വെള്ളം ശേഖരിച്ച് വിതരണം ചെയ്യുന്നു. അരുവിക്കരയിൽനിന്ന് കുടിവെള്ളം കൊണ്ടുവന്നാണ് നിലവിൽ മേഖലയിലെ തദ്ദേശസ്ഥാപനങ്ങളിൽ ഭൂരിഭാഗവും ജലവിതരണം നടത്തുന്നത്. ഇത് വലിയ സാമ്പത്തിക പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്.

ചെക്ക് ഡാം നിർമാണം പാതിവഴിയിൽ

ജല അതോറിറ്റിയുടെ വിവിധ കുടിവെള്ള പദ്ധതികളിൽ ജല ആവശ്യകത ഉയർന്നുവരുന്നത് പരിഗണിച്ച് പുതിയ ചെക്ക് ഡാം നിർമിക്കാൻ തീരുമാനിച്ചിരുന്നു. ഇതിനായി ഫണ്ട് വകയിരുത്തുകയും നിർമാണ പ്രവർത്തനങ്ങൾ ആരംഭിക്കുകയും ചെയ്തു. എന്നാൽ രണ്ടുവർഷമായി ഇതിന്റെ നിർമാണപ്രവർത്തനം മുടങ്ങിയ നിലയിലാണ്. 2024 ജൂണിലാണ് കൊല്ലമ്പുഴ പാലത്തിന് സമീപം 45 കോടി ചിലവഴിച്ച് ചെക്ക്ഡാം നിർമാണം ആരംഭിച്ചത്. കേരള ഇറിഗേഷൻ ഇൻഫ്രാസ്ക്ച്ചർ ഡെവലപ്മെന്റ് കോർപറേഷനാണ് നിർമാണ ചുമതല. നദിക്കരയിൽ പാർശ്വഭിത്തി നിർമിക്കാൻ താൽക്കാലിക സംവിധാനം ഒരുക്കി അടിത്തറയുടെ പണികൾ ആരംഭിച്ചു. ഇതിനുശേഷം പദ്ധതി ഉപേക്ഷിച്ച നിലയിലാണ്. നിർമാണത്തിനായി കൊണ്ടുവന്ന സാധനസാമഗ്രികൾ നശിച്ചു. നിലവിലെ ചെക്ക് ഡാമിൽനിന്ന് കുറച്ചകലെയായാണ് പുതിയത് വരുന്നത്. കിഫ്ബി പദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പാലം ഉൾപ്പെടുന്ന തടയണയുടെ നിർമാണവും പ്രഖ്യാപനത്തിൽ ഒതുങ്ങി. പുരവൂർപുഴ കടവിലാണ് പുതിയ തടയണ നിർമാണം ബജറ്റിൽ പ്രഖ്യാപിച്ചിരുന്നത്. ഈ തടയണ യാഥാർഥ്യമായിരുന്നെങ്കിൽ നിരവധി പദ്ധതികൾക്ക് ആവശ്യമായ കുടിവെള്ളം സംരക്ഷിക്കാമായിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Local Newswater supplyThiruvananthapuram Newsvamanapuram river
News Summary - Water flow in Vamanapuram river weak; concerns over disruption to water supply
Next Story