ജൽജീവൻ മിഷൻ നടപ്പാക്കാൻ 5000 കോടി കടമെടുക്കാൻ ജല അതോറിറ്റി
text_fieldsതിരുവനന്തപുരം: കേന്ദ്രാവിഷ്കൃത പദ്ധതിയായ ജൽജീവൻ മിഷന്റെ സംസ്ഥാന വിഹിതത്തിനായി ജല അതോറിറ്റിയെക്കൊണ്ട് 5000 കോടി രൂപ കടമെടുപ്പിക്കാനുള്ള നടപടികൾ മുന്നോട്ട്. ജല അതോറിറ്റിയെ കടുത്ത സാമ്പത്തികപ്രതിസന്ധിയിലാക്കുന്ന തീരുമാനത്തിനെതിരെ സംഘടനകൾ സമരം പ്രഖ്യാപിച്ചിട്ടുണ്ട്.
ഓഫിസർ സംഘടനയായ അസോസിയേഷൻ ഓഫ് കേരള വാട്ടർ അതോറിറ്റി ഓഫിസേഴ്സ് (അക്വാ) അനിശ്ചിതകാല സമരം നടത്താനുള്ള തയാറെടുപ്പിലാണ്. ഇതിന് മുന്നോടിയായി തിങ്കളാഴ്ച പാളയം രക്തസാക്ഷി മണ്ഡപത്തിൽ നിന്ന് ജലഭവനിലേക്ക് മാർച്ചും ധർണയും നടത്തും. ജൽജീവൻ മിഷന്റെ സാമ്പത്തിക ബാധ്യത നിർവഹണ ഏജൻസിമാത്രമായ ജല അതോറിറ്റിക്ക് മേൽ അടിച്ചേൽപ്പിക്കുന്നത് അംഗീകരിക്കാനാവില്ലെന്ന് ജീവനക്കാരുടെ സംഘടനകളെല്ലാം വ്യക്തമാക്കുന്നത്.
സാമ്പത്തിക പ്രതിസന്ധി മൂലം ജീവനക്കാരുടെയേും പെൻഷൻകാരുടേയും ആനുകൂല്യങ്ങൾ വിതരണം ചെയ്യാൻ കഴിയാത്ത സ്ഥിതിയാണിപ്പോൾ. വെള്ളക്കരത്തിൽ നിന്നുള്ള വരുമാനം മാത്രമാണ് അതോറിറ്റിക്ക് പ്രധാനമായുള്ളത്. ജലവിഭവ മന്ത്രിയുടെ ഓഫിസ് ഇത്തരം വിഷയങ്ങളിൽ ഇടപെടുന്നില്ലെന്ന വിമർശനവും ശക്തമാണ്. കേരളത്തിലെ ജലജീവൻ മിഷൻ പദ്ധതിയുമായി ബന്ധപ്പെട്ട കുടിശിക തുകയിൽ 45 ശതമാനം കേന്ദ്രസർക്കാർ നൽകണം. എന്നാൽ 2024 ഒക്ടോബറിന് ശേഷം കേന്ദ്രസർക്കാർ ഈ ഇനത്തിൽ ഒരു തുകയും ചിലവാക്കിയിട്ടില്ല.
പദ്ധതി ഉപേക്ഷിക്കാനോ കാര്യക്ഷമമായി മുന്നോട്ടുകൊണ്ടുപോകാനാവാത്ത അവസ്ഥയാണ് നിലവിൽ. 5000 കോടി രൂപ ജല അതോറിറ്റി കടമെടുത്താലും ആനുപാതികമായ കേന്ദ്രവിഹിതം ലഭിക്കുമെന്ന് ഉറപ്പില്ല. 5000 കോടി കടമെടുത്താൻ 20 വർഷത്തേക്ക് തിരിച്ചടക്കാൻ പ്രതിമാസം 20 കോടിയിലേറെ വേണ്ടിവരും. പലിശകൂടിയാവുന്നതോടെ ഈ തുക വലിയതോതിൽ ഉയരും. പ്രതിമാസം 100 കോടിയിൽ താഴെ വരുമാനമുള്ള അതോറിറ്റി വായ്പ തിരിച്ചടവിന് എങ്ങനെ പണം കണ്ടെത്തുമെന്ന ചോദ്യം ഉയരുമ്പോഴും ജലവിഭവകുപ്പും സർക്കാറും മൗനത്തിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

