ജല അതോറിറ്റി ആന്റി തെഫ്റ്റ് സ്ക്വാഡ് പരിശോധന; രണ്ടുവീടുകളിൽ ജലമോഷണം കണ്ടെത്തി
text_fieldsതിരുവനന്തപുരം: ജല അതോറിറ്റി ആന്റി തെഫ്റ്റ് സ്ക്വാഡ് നടത്തിയ പരിശോധനയിൽ പി.ടി.പി സബ് ഡിവിഷനുകീഴിൽ രണ്ടുവീടുകളിൽ ജലമോഷണം കണ്ടെത്തി. വെള്ളക്കരം കുടിശ്ശികയായതിനെത്തുടർന്ന് കണക്ഷൻ വിച്ഛേദിച്ചിരുന്ന മലമുകൾ നെട്ടയം കലിംഗവിള സരളകുമാരി, എടഗ്രാമം അമ്പലക്കുന്ന് എസ്.എസ് ഭവനിൽ അർജുനൻ എന്നിവരുടെ വീട്ടിലാണ് ജലമോഷണം കണ്ടെത്തിയത്.
നെട്ടയം കലിംഗവിളവീട്ടിൽ വെള്ളക്കരം 14187രൂപ കുടിശ്ശിക വരുത്തിയതിനെത്തുടർന്ന് ഫെബ്രുവരിയിലാണ് കണക്ഷൻ വിച്ഛേദിച്ചത്. എന്നാൽ മീറ്റർ പോയൻറിന് മുന്നിലുള്ള സർവിസ് ലൈനിൽനിന്ന് കഴിഞ്ഞ മൂന്നുമാസമായി ജലമോഷണം നടത്തിവരുകയായിരുന്നു.
എടഗ്രാമം അമ്പലക്കുന്ന് എസ്.എസ് ഭവൻ അർജുനന്റെ വീട്ടിൽ ഏഴുമാസമായി നടത്തിയിരുന്ന ജലമോഷണമാണ് ആന്റി തെഫ്റ്റ് സ്ക്വാഡ് കണ്ടെത്തിയത്. ഏഴുമാസത്തിലധികമായി വെള്ളക്കര ഇനത്തിൽ 23397 രൂപ കുടിശ്ശിക വരുത്തിയതിനാൽ വിച്ഛേദിച്ച കണക്ഷനിൽ മീറ്റർ പോയന്റിന് മുന്നിൽനിന്ന് അനധികൃത ലൈൻ വലിച്ചാണ് ജലമോഷണം നടത്തിയിരുന്നത്.
അമ്പലക്കുന്ന് പ്രദേശത്തെ വീടുകളിൽ ജലദൗർലഭ്യം ഉണ്ടായതിനെത്തുടർന്ന് നടത്തിയ പരിശോധനയിലാണ് ജലമോഷണം കണ്ടെത്തിയത്.
അനധികൃത കണക്ഷൻ വിച്ഛേദിക്കുകയും നിയമനടപടികൾ ആരംഭിക്കുകയും ചെയ്തു. അനധികൃതമായി ഗാർഹിക ആവശ്യങ്ങൾക്ക് ജലമോഷണം നടത്തുന്നത് ആറുമാസം വരെ തടവും 50,000 രൂപ വരെ പിഴയും ശിക്ഷ കിട്ടാവുന്ന കുറ്റമാണ്.
ജലമോഷണം പിടൂകൂടിയതിനെത്തുടർന്ന് പി.ടി.പി സബ് ഡിവിഷൻ ഒാഫിസിൽ എത്തിയ ചിലർ അസി. എക്സിക്യൂട്ടിവ് എൻജിനീയറെ ഭീഷണിപ്പെടുത്തുകയും മോശമായി പെരുമാറുകയും ചെയ്തു. ഇതുചൂണ്ടിക്കാട്ടി അസി. എക്സിക്യൂട്ടിവ് എൻജിനീയർ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.