വോട്ടർമാർ 17,223; സംസ്ഥാനത്തെ ജംബോ വാർഡായി ബീമാപ്പള്ളി!
text_fieldsതിരുവനന്തപുരം: തദ്ദേശ സ്ഥാപനങ്ങളിലെ വാർഡ് വിഭജനത്തിൽ കടുത്ത അനീതിയും വിവേചനവും നേരിട്ട് തിരുവനന്തപുരം കോർപറേഷനിലെ ബീമാപ്പള്ളി വാർഡ്. പിന്നാക്ക, ന്യൂനപക്ഷ, ദുർബല വിഭാഗങ്ങൾ തിങ്ങിതാമസിക്കുന്ന മൂന്ന് വാർഡുകൾ ഒന്നാക്കിയുള്ള പുതിയ ബീമാപ്പള്ളി വാർഡിൽ (13ാം വാർഡ്) വോട്ടർമാരുടെ എണ്ണം 17223!
അതേസമയം കോർപ്പറേഷനിലെ മറ്റൊരു വാർഡായ പാങ്ങപ്പാറയിൽ (മൂന്നാം വാർഡ്) വോട്ടർമാരുടെ എണ്ണം 3153ഉം. വികസനത്തിന്റെയും പദ്ധതി വിഹിതത്തിന്റെയും ഗുണഫലം ജനങ്ങളിലെത്തുന്നതിനെ കൂടി ബാധിക്കുന്ന രീതിയിലുള്ള അശാസ്ത്രീയ വാർഡ് വിഭജനത്തിനെതിരെ നേരത്തെ തന്നെ തെരഞ്ഞെടുപ്പ് കമീഷന് മുന്നിൽ പരാതികളെത്തിയിട്ടും തിരുത്തിയില്ല.
3153 വോട്ടർമാർക്ക് ഒരു കൗൺസിലറെ ലഭിക്കുന്ന അതേ കോർപറേഷനിൽ 17,223 വോട്ടർമാർക്ക് ഒരു കൗൺസിലർ എന്ന വിവേചന അനുപാതമാണ് തെരഞ്ഞെടുപ്പ് കമീഷൻ നിശ്ചയിച്ചത്. നടപടി ഭരണഘടനാ വിരുദ്ധമാണെന്നും ചില രാഷ്ട്രീയ താൽപര്യങ്ങളുടെ ഭാഗമായാണെന്നും ആപ്പിൾ ചാരിറ്റബിൾ സൊസൈറ്റി അടക്കമുള്ള സംഘടനകൾ സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷന് വീണ്ടും പരാതി നൽകിയിട്ടുണ്ട്.
കോർപ്പറേഷനിലെ വാർഡുകളിൽ ശരാശരി പോളിങ് ബൂത്തുകളുടെ എണ്ണം ആറാണെങ്കിൽ ജംബോ വാർഡായി രൂപവത്കരിച്ച ബീമാപ്പള്ളിക്ക് 13 ബൂത്തുകളും. എല്ലാ ബൂത്തുകളിലും ആയിരത്തിലധികം വോട്ടർമാർ.
സാമൂഹികവും സാമ്പത്തികവുമായും പിന്നാക്കം നിൽക്കുന്ന ഒരു പ്രദേശത്തിന്റെ അടിസ്ഥാന വികസനം തന്നെ ചോദ്യംചെയ്യുന്ന നടപടി പുനഃപരിശോധിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെടുന്നു. കോർപറേഷനിൽ നിലവിലുണ്ടായിരുന്ന മാണിക്കവിളാകം, ബീമാപള്ളി, ബീമാപള്ളി ഈസ്റ്റ് ഏകോപിപ്പിച്ചും മുട്ടത്തറ വാർഡിന്റെ കുറച്ചുഭാഗം കൂട്ടിച്ചേർത്തുമാണ് പുതിയ ബീമാപ്പള്ളി വാർഡ് നിർണയിച്ചത്.
മൂന്നിലധികം വാർഡുകൾ തെരഞ്ഞെടുപ്പ് മാനദണ്ഡങ്ങൾക്ക് വിരുദ്ധമായി കൂട്ടിയോജിപ്പിച്ചത് കാരണം ഒരു വാർഡിൽ ഉണ്ടാകേണ്ടതിന്റെ മൂന്നു മുതൽ അഞ്ചുവരെ ഇരട്ടി വോട്ടർമാരാണ് കരട് വോട്ടർ പട്ടിക പുറത്തിറങ്ങിയപ്പോൾ ബീമാപള്ളി വാർഡിലുള്ളത്. കോർപറേഷനിലെ മറ്റ് വാർഡുകളിലെ വോട്ടർമാരുടെ ശരാശരി എണ്ണം ആറായിരത്തോളമാണെന്നിരിക്കെയാണ് ഒരു വാർഡിൽ മാത്രം ഈ പെരുപ്പം.
വോട്ടർപട്ടിക പ്രസിദ്ധീകരിക്കുന്നതിന് മുമ്പുതന്നെ ബീമാപള്ളി വാർഡിന്റെ ചുറ്റളവ് കുറച്ച് മൂന്ന് വാർഡായി പുനർനിർണയിക്കണമെന്ന ആവശ്യമുയർന്നിരുന്നു. ഇതൊന്നും കണക്കിലെടുക്കാതെ വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചപ്പോൾ കോർപറേഷനിലെ ഏറ്റവും ചെറിയ വാർഡായ പാങ്ങപ്പാറയിൽ 3153 വോട്ടർമാരുള്ളപ്പോൾ ബീമാപളളി വാർഡിൽ അത് 17,223 ആണുള്ളത്.
കോർപറേഷനിൽ കുടുതൽ വികസനം ഉണ്ടായ കവടിയാർ, കുറവൻകോണം, ശാസ്തമംഗലം, നന്ദൻകോട് എന്നീ വാർഡുകളിൽ യഥാക്രമം 5915, 5995, 6134, 6327 വോട്ടർമാരെ ഉൾപ്പെടുത്തിയപ്പോൾ സാമൂഹ്യപരമായും- സാമ്പത്തികമായും- അടിസ്ഥാന വികസനപരമായും നഗരത്തിൽ ഏറ്റവും പിന്നാക്കം നിൽക്കുന്ന ബീമാപള്ളി വാർഡിൽ 17,223 വോട്ടാണ് ഉൾപ്പെടുത്തിയത്.
വാർഡ് വിഭജനം സംബന്ധിച്ച് തെരഞ്ഞെടുപ്പ് കമ്മീഷൻ നടത്തിയ ഹിയറിങിൽ കോർപറേഷനിലെ ജനസംഖ്യ 10 ലക്ഷത്തിൽ താഴേക്ക് നിജപ്പെടുത്തുമെന്നും അതിന്റെ അടിസ്ഥാനത്തിൽ വാർഡുകളിൽ വോട്ടർമാരുടെ എണ്ണം പതിനായിരത്തിന് മുകളിലേക്ക് കടക്കില്ലെന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ ഉറപ്പ് നൽകിയിരുന്നതാണെന്നും പ്രദേശവാസികൾ പറയുന്നു.
‘വികസനത്തെ പിന്നോട്ടടിക്കും’
തിരുവനന്തപുരം: ഈ വിവേചനം ബീമാപള്ളിയുടെ സാമൂഹ്യവും സാമ്പത്തികവും അടിസ്ഥാന പരവുമായ വികസനം തടസപ്പെടുത്തുമെന്ന് പരാതികൾ ഉയർന്നു. ബീമാപള്ളി വാർഡിലെ വോട്ടർമാരുടെ എണ്ണം കുറക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷന് നിരവധി പരാതികളാണ് നൽകിയിരിക്കുന്നത്.
ആളോഹരി വിഹിതം ബീമാപള്ളിയിൽ ഏറ്റവും കുറവ് മാത്രം ലഭിക്കുന്നത് ബീമാപള്ളിയുടെ വികസനത്തെ ഗണ്യമായി പിന്നോട്ടടിക്കുമെന്നാണ് നാട്ടുകാർ പറയുന്നത്. മാത്രവുമല്ല പാങ്ങപ്പാറ വാർഡിലെ വോട്ടർമാരുടെ എണ്ണം അടിസ്ഥാനപ്പെടുത്തിയാൽ ബീമാപള്ളി വാർഡിനെ അഞ്ച് വാർഡുകളാക്കി വിഭജിച്ച് അഞ്ച് കൗൺസിലർമാരെ കോർപറേഷനിൽ എത്തിക്കാനുള്ള അവസരത്തിലൂടെ ഈ പ്രദേശത്തിനുണ്ടാക്കാൻ കഴിയുന്ന രാഷ്ട്രീയ മുന്നേറ്റമാണ് തടയപ്പെടുന്നത്.
ബീമാപളളിക്ക് അർഹമായ വികസന വിഹിതം നേടിയെടുക്കാൻ ആവശ്യം വന്നാൽ നിയമ നടപടിയുമായി മുന്നോട്ടുപോകുമെന്ന് ആപ്പിൾ ചാരിറ്റബിൾ സൊസൈറ്റി ഭാരവാഹികൾ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

