ബി.ഡി.ജെ.എസിനും ദയനീയ വോട്ട് ചോർച്ച
text_fieldsതിരുവനന്തപുരം: വോട്ട് കച്ചവട ആരോപണങ്ങൾക്ക് ശക്തിപകർന്ന് ബി.ജെ.പി സഖ്യകക്ഷിയായ ബി.ഡി.ജെ.എസിനും ദയനീയ വോട്ട് ചോർച്ച. 2016ൽ ശക്തമായ പ്രകടനം കാഴ്ചെവച്ച ബി.ഡി.ജെ.എസിന് മിക്ക മണ്ഡലങ്ങളിലും 5,000 മുതല്‍ 10,000 ത്തിലേറെ വോട്ട് കുറഞ്ഞു.
തെരഞ്ഞെടുപ്പിന് മാസങ്ങൾക്ക് മുമ്പ് ഒരുവിഭാഗം യു.ഡി.എഫ് അനുകൂല നിലപാടെടുത്ത് പോയതും സുഭാഷ് വാസുവിെൻറ നേതൃത്വത്തിൽ മറ്റൊരു വിഭാഗം മാറിയതുമെല്ലാം ബി.ഡി.ജെ.എസിന് ശക്തിക്ഷയമുണ്ടാക്കി. സാമുദായിക രാഷ്ട്രീയ പ്രസ്ഥാനം എന്ന നിലക്ക് ഇവരിൽനിന്നുള്ള ഇൗഴവ വോട്ട് എൽ.ഡി.എഫിലേക്ക് പോയിട്ടുണ്ടെന്ന് വ്യക്തം. ബി.ഡി.ജെ.എസ് മത്സരിച്ചതിൽ 17 ഇടത്തും എൽ.ഡി.എഫാണ് ജയിച്ചതെന്നത് ഇൗ സംശയം ശക്തമാക്കുന്നു.
മന്ത്രി എം.എം. മണി ജയിച്ച ഉടുമ്പന്‍ചോലയിൽ 2016ല്‍ 21,799 വോട്ട് നേടിയ പാർട്ടിക്ക് ഇത്തവണ കിട്ടിയത് വെറും 7208 വോട്ട്. ഇടുക്കിയില്‍ 2016 ല്‍ ബി.ഡി.ജെ.എസ് 27403 വോട്ട് നേടിയിരുന്നു. ഇത്തവണ 9286 വോട്ട്. പി.സി. ജോര്‍ജിനെ അട്ടിമറിച്ച് എൽ.ഡി.എഫ് ജയിച്ച പൂഞ്ഞാറിലും ബി.ഡി.ജെ.എസ് വോട്ടുകളിൽ വൻ ചോർച്ചയുണ്ടായി. കഴിഞ്ഞതവണ 19966 വോട്ട് നേടിയ പാർട്ടിക്ക് ഇക്കുറി 2965 വോട്ട് മാത്രം.
ബി.ഡി.ജെ.എസ് ശക്തികേന്ദ്രമെന്ന് അവകാശപ്പെട്ടിരുന്ന ആലപ്പുഴ ജില്ലയിലെ മണ്ഡലങ്ങളിലെല്ലാം 5000ത്തിലധികം വോട്ടുകളുടെ കുറവുണ്ടായി. എൽ.ഡി.എഫ് വിജയിച്ച വാമനപുരം, വർക്കല മണ്ഡലങ്ങളിലും ബി.ഡി.ജെ.എസ് പ്രകടനം ദയനീയമാണ്. മുൻമന്ത്രി കെ.ടി. ജലീല്‍ ജയിച്ച തവനൂരില്‍ 2016ൽ ബി.ജെ.പിക്ക് 15801 വോട്ടുണ്ടായിരുന്നു. ഇത്തവണ ബി.ഡി.ജെ.എസ് മത്സരിച്ച ഇവിടെ 9914 വോേട്ടയുള്ളൂ.
2564 വോട്ടിനാണ് കെ.ടി. ജലീലിെൻറ ജയം. റാന്നിയില്‍ പതിനായിരത്തോളം വോട്ടിെൻറ കുറവുണ്ടായി. അരൂരിലും സ്ഥിതി വ്യത്യസ്തമല്ല. മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ പരാജയപ്പെട്ട കുണ്ടറയില്‍ ബി.ജെ.പിക്ക് 2016ല്‍ 20257 വോട്ട് ലഭിച്ചിരുന്നു. ഇത്തവണ ബി.ഡി.ജെ.എസിന് കിട്ടിയത് 6097 വോട്ട് മാത്രം. വൈക്കത്ത് 30,067 ൽനിന്ന് 11,953 ആയും വോട്ട് ഇടിഞ്ഞു.