ചരക്ക് നീക്കത്തിൽ വൻനേട്ടവുമായി വിഴിഞ്ഞം
text_fieldsവിഴിഞ്ഞം
തിരുവനന്തപുരം: വാണിജ്യ പ്രവർത്തനങ്ങൾ ആരംഭിച്ച് ഒമ്പത് മാസത്തിനുള്ളിൽ ഒരു ദശലക്ഷം ടി.ഇ.യു കൈകാര്യം ചെയ്ത് അഭിമാന നേട്ടവുമായി വിഴിഞ്ഞം തുറമുഖം. ലോകത്തു തന്നെ പ്രവർത്തനം തുടങ്ങി ആദ്യവർഷം സ്ഥാപിത ശേഷി മറികടന്ന തുറമുഖങ്ങൾ കുറവാണ്.
എന്നാൽ വിഴിഞ്ഞത്തിന് ചുരുക്കിയ സമയത്തിനുള്ളിൽ ഇത് കൈവരിക്കവനായി. കൺസഷൻ കരാർ പ്രകാരം ആദ്യവർഷം ആകെ മൂന്ന് ലക്ഷം കണ്ടെയ്നറുകൾ കൈകാര്യം ചെയ്യാൻ കഴിയുമെന്നായിരുന്നു പ്രതീക്ഷിച്ചിരുന്നത്. അതിന്റെ മൂന്നിരട്ടിയിലേറെ കൈകാര്യം ചെയ്താണ് വിഴിഞ്ഞം കരുത്ത് തെളിയിച്ചത്. ബുധനാഴ്ച വരെയുള്ള കണക്കുകള്‍ പ്രകാരം 10.12 ലക്ഷം ടി.ഇ.യു ആണ് കൈകാര്യം ചെയ്ത ചരക്കിന്റെ കണക്ക്.
2024 ഡിസംബർ 3-നാണ് വിഴിഞ്ഞത്ത് വാണിജ്യ പ്രവർത്തനങ്ങൾ ആരംഭിച്ചത്. 2025 ഡിസംബർ എത്തുമ്പോഴേക്കും 13-14 ലക്ഷം വരെ കൈകാര്യം ചെയ്യാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നു. 399.99 മീറ്റർ വരെ നീളമുള്ള 27 അൾട്രാ ലാർജ് കണ്ടെയ്നർ വെസലുകൾ (യു.എൽ.സി.വി) ഉൾപ്പെടെ 460-ലധികം കപ്പലുകൾ തുറമുഖത്തെത്തി.
ലോകത്തെ ഏറ്റവും വലിയ ചരക്കു കപ്പൽ ആയ ‘എം.എസ്.സി ഐറിന’ അടക്കം ദക്ഷിണേഷ്യയിൽ തന്നെ ആദ്യമായി ബെർത്ത് ചെയ്ത കപ്പലുകളും ഈ കൂട്ടത്തിലുണ്ട്. കൊളംബോ, സിംഗപ്പൂർ, ദുബായ് ഉൾപ്പെടെയുള്ള ലോകോത്തര തുറമുഖങ്ങളുമായി മത്സരിച്ചാണ് വിഴിഞ്ഞം നേട്ടം സ്വന്തമാക്കിയത്. ദക്ഷിണേഷ്യയിലെ ആദ്യ ഓട്ടോമേറ്റഡ് തുറമുഖമാണ് വിഴിഞ്ഞം. 24 ഓട്ടോമേറ്റഡ് യാർഡ് ക്രെയിനുകളും 8 സെമി ഓട്ടോമേറ്റഡ് ഷിപ്പ് ടു ഷോർ ക്രെയിനുകളുമാണ് ഏറ്റവും വലിയ കരുത്ത്.
വിഴിഞ്ഞം കൈവരിച്ചത് ലോകോത്തര നേട്ടമാണെന്നും ലോക മാരിടൈം മേഖലയെത്തന്നെ വിസ്മയിപ്പിച്ചിരിക്കുകയാണ് ഈ തുറമുഖമെന്നും വഴിഞ്ഞത്ത് നടത്തി വാർത്തസമ്മേളനത്തിൽ മന്ത്രി വി.എൻ വാസവൻ പറഞ്ഞു. യൂറോപ്പ്, യുഎസ്, ആഫ്രിക്ക, ചൈന അടക്കമുള്ള ലോകത്തെ പ്രധാന സമുദ്ര വാണിജ്യ മേഖലകളിലേക്ക് നേരിട്ടുള്ള സർവീസുകൾ തുടങ്ങാൻ കഴിഞ്ഞതാണ് വിഴിഞ്ഞത്തിന്റെ കുതിപ്പിന് വേഗം കൂട്ടിയത്.
വിദേശ തുറമുഖങ്ങളിൽ നിന്ന് ട്രാൻഷിപ്മെന്റ് നടത്തുന്നതിലൂടെ ചെലവു വന്നിരുന്ന കോടിക്കണക്കിന് രൂപയുടെ അധികച്ചെലവ് കുറയ്ക്കാൻ വിഴിഞ്ഞം വഴിയൊരുക്കി. തുറമുഖത്തിന്റെ റോഡ്, റെയില്‍ കണക്ടിവിറ്റി നിശ്ചയിച്ചിരിക്കുന്ന സമയക്രമത്തില്‍ പൂര്‍ത്തീകരിക്കാന്‍ സാധിക്കുമെന്നും മന്ത്രി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

