യുവാവിനെ ആക്രമിച്ച യുവതി പിടിയിൽ
text_fieldsവിഴിഞ്ഞം: ശമ്പളം നൽകിയില്ലെന്ന പേരിൽ ജോലി ഏർപ്പാടാക്കി നൽകിയ യുവാവിനെ വിളിച്ച് വരുത്തി സംഘം ചേർന്ന് മർദ്ദിച്ച കേസിൽ യുവതി അറസ്റ്റിൽ. തമിഴ്നാട് കോയമ്പത്തൂർ സ്വദേശിനിയായ പൂർണിമ(23) യെയാണ് വിഴിഞ്ഞം പൊലീസ് അറസ്റ്റ് ചെയ്തത്.
ആറ്റിങ്ങൽ സ്വദേശി അനൂപ്(38) എന്ന യുവാവിനാണ് മർദ്ദനമേറ്റത്. ഞായറാഴ്ച രാത്രി വിഴിഞ്ഞം തെന്നൂർക്കോണത്തെ വീട്ടിൽ വിളിച്ചുവരുത്തിയാണ് യുവാവിനെ മർദ്ദിച്ചത്. യുവതിക്കൊപ്പം അനൂപിനെ മർദ്ദിച്ച വിഴിഞ്ഞം സ്വദേശികളായ അജിൻ, ഷാഫി എന്നിവർക്കായുള്ള അന്വേഷണം ആരംഭിച്ചതായി വിഴിഞ്ഞം പൊലീസ് പറഞ്ഞു.
വഞ്ചിയൂരിൽ പ്രവർത്തിക്കുന്ന ആയുർവേദ സ്പായിലെ ജീവനക്കാരാണ് യുവതിയും അനൂപും. ഇവിടെ ജോലി ചെയ്തതിന് ശമ്പളം ലഭിച്ചില്ലെന്ന പേരിലാണ് യുവതി സുഹൃത്തുക്കളുടെ സഹായത്തോടെ അനൂപിനെ പ്രതികളിലൊരാളായ അജിന്റെ തെന്നൂർക്കോണത്തെ വീട്ടിലേക്ക് വിളിച്ചുവരുത്തിയതെന്നും അജിൻ മർദ്ദനമേറ്റ അനൂപിന്റെയും യുവതിയുടെയും സുഹൃത്താണെന്നും പൊലീസ് പറഞ്ഞു.
അനൂപിനെ മർദ്ദിച്ച സംഘം അനൂപിന്റെ മോതിരം, രണ്ടു മൊബൈൽ ഫോണുകൾ, വാച്ച് എന്നിവ പിടിച്ചു പറിച്ചതായും പരാതിയിൽ പറയുന്നതായി പൊലീസ് പറഞ്ഞു.

