ഭാര്യയെ കൊലപ്പെടുത്തിയ പ്രതി കീഴടങ്ങി
text_fieldsഅന്തോണിദാസ്
വിഴിഞ്ഞം: കരിമ്പള്ളിക്കരയിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ചനിലയിൽ കണ്ട യുവതിയുടേത് കൊലപാതകം. ഭർത്താവ് പിടിയിൽ. വിഴിഞ്ഞം കോട്ടപ്പുറം കരിമ്പള്ളിക്കര ദിൽഷൻ ഹൗസിൽ പ്രിൻസിയെയാണ് (32) ശനിയാഴ്ച വീടിനുള്ളിലെ കട്ടിലിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. ഭർത്താവ് അന്തോണിദാസ് (രതീഷ്- 36) തിങ്കളാഴ്ച രാവിലെ വിഴിഞ്ഞം പൊലീസ് സ്റ്റേഷനിൽ കീഴടങ്ങി. ശനിയാഴ്ച രാത്രി ഒമ്പതോടെയാണ് സംഭവം.
കൈലി ഉപയോഗിച്ച് കഴുത്തിൽ മുറുക്കി ശ്വാസം മുട്ടിച്ചാണ് കൊലപ്പെടുത്തിയതെന്ന് പൊലീസ് പറഞ്ഞു. സംഭവശേഷം പ്രതി വേളാങ്കണ്ണിയിൽ ഒളിവിൽ പോകുകയായിരുന്നു. കുടുംബ പ്രശ്നത്തെതുടർന്ന് കഴിഞ്ഞ ഒരുമാസമായി ഇരുവരും അകന്ന് താമസിക്കുകയായിരുന്നു. സഹോദരിയുടെ വീട്ടിലായിരുന്ന പ്രിൻസിയെയും മക്കളെയും ശനിയാഴ്ച രാത്രി അന്തോണിദാസ് വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയി. തുടർന്നാണ് കൊല നടന്നത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

