നിയമവിരുദ്ധമായി കടലിൽ ഉല്ലാസയാത്ര; മത്സ്യബന്ധന വള്ളത്തിന്റെ ഉടമക്ക് കാൽലക്ഷം പിഴ
text_fieldsഅനധികൃത ഉല്ലാസ യാത്ര നടത്തിയതിന് തീരദേശ പോലീസ് പിടികൂടിയ മത്സ്യബന്ധന വള്ളം
വിഴിഞ്ഞം: മുന്നറിയിപ്പുകൾ അവഗണിച്ചും സുരക്ഷാ മാനദണ്ഡം പാലിക്കാതെയും സ്ത്രീകളും കുട്ടികളുമായി കടലിൽ ഉല്ലാസ യാത്ര നടത്തിയ മത്സ്യബന്ധന വള്ളത്തിന്റെ ഉടമക്ക് ഫിഷറീസ് വകുപ്പ് 25000 രൂപ പിഴയിട്ടു. കഴിഞ്ഞ 23ന് വിഴിഞ്ഞം നോമാൻസ് ലാൻഡിൽ നിന്ന് ഉല്ലാസ സവാരിക്കിറങ്ങിയ വള്ളത്തിന്റെ ഉടമ വിഴിഞ്ഞം സ്വദേശി യൂജിനാണ് പിഴയിട്ടത്.
പത്ത് വയസിൽ താഴെ പ്രായമുള്ള മൂന്ന് കുട്ടികളും രണ്ട് സ്ത്രീകളും നാല് പുരുഷൻമാരുമടങ്ങിയ സംഘവുമായാണ് ഉല്ലാസ യാത്ര നടത്തിയത്. ലൈഫ് ജാക്കറ്റ് ഉൾപ്പെടെയുള്ള സുരക്ഷാ സംവിധാനങ്ങളില്ലാതെ ശക്തമായ തിരയിൽ ആടിയുലഞ്ഞ് അപകടകരമായ രീതിയിലായിരുന്നു യാത്ര. ഇത് ശ്രദ്ധയിൽപ്പെട്ട വിഴിഞ്ഞം തീരദേശപോലീസിന്റെ നിരീക്ഷണ ബോട്ട് വള്ളം തടഞ്ഞു.
ജീവനക്കാരനായ വിഴിഞ്ഞം സ്വദേശി ജോയി, കടയ്ക്കുളം സ്വദേശി ടോണി എന്നിവർക്കെതിരെ കേസെടുത്തിരുന്നു. ശക്തമായകാറ്റും കടൽ ക്ഷോഭവും ഉണ്ടാകാൻ സാധ്യതയുണ്ടെന്നുള്ള കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പുള്ള സമയത്താണ് അനധികൃതമാലി ഉല്ലാസ യാത്ര നടത്തിയതെന്ന് കോസ്റ്റൽ പൊലീസ് എസ്.ഐ. ഗിരീഷ് പറഞ്ഞു.
വള്ളം കസ്റ്റഡിയിൽ വാങ്ങിയ ഫിഷറീസ് അസി. ഡയറക്ടറാണ് അനധികൃത ഉല്ലാസ സവാരി നടത്തിയതിന് വള്ളത്തിന് പിഴയിട്ടത്. ഉടമ പിഴ ഒടുക്കിയതിനെ തുടർന്ന് വള്ളം വിട്ട് നൽകാൻ നിർദ്ദേശം നൽകിയതായി അസിസ്റ്റന്റ് ഡയറക്ടർ അറിയിച്ചു.