അച്ഛനെ കാത്തിരുന്ന മകൾക്കുമുന്നിലെത്തിയത് ചേതനയറ്റ ശരീരം...
text_fieldsസുമൻ
വിഴിഞ്ഞം: അച്ഛനെ കാണാൻ കാത്തിരുന്ന അനാർക്കലിക്കുമുന്നിലെത്തിയത് പിതാവിന്റെ ചേതനയറ്റ ശരീരം. കഴിഞ്ഞദിവസം ബാറിലുണ്ടായ സംഘർഷത്തെത്തുടർന്ന് കൊല്ലപ്പെട്ട സുമൻ, ഏകമകൾ അനാർക്കലി എന്ന ഷിന്റോയെ കാണാൻ ചൊവ്വരയിലെ വീട്ടിലേക്ക് കഴിഞ്ഞദിവസം എത്തുമെന്നാണ് പറഞ്ഞിരുന്നത്. അച്ഛനെ കാത്തിരിക്കുമ്പോഴാണ് കണ്ണീരിലാഴ്ത്തിയ വാർത്തയെത്തിയതെന്ന് ഭാര്യ രമ്യ പറഞ്ഞു. വീടിന്റെ കാവലാളായിരുന്ന മകനെ എന്തിനാണ് കൊന്നതെന്ന് സുമന്റെ മാതൃസഹോദരി ശശികല ചോദിക്കുന്നു.
പ്രസവിച്ച് രണ്ടാം മാസം അമ്മ മരിച്ചതിനെത്തുടർന്ന് മാതൃസഹോദരി ശശികലയും മുത്തശ്ശി കൗസല്യയും ചേർന്നാണ് സുമനെ വളർത്തിയത്. സ്വന്തമായി വീടില്ലാത്തതിനാൽ ശശികലക്കൊപ്പം വെള്ളായണി പാലപ്പൂരിലെ വീട്ടിലാണ് കഴിഞ്ഞിരുന്നത്. പാചക വിദഗ്ധനായിരുന്ന സുമന് കോവളത്തെ ഹോട്ടലിലായിരുന്നു ജോലി. കൈക്ക് പൊള്ളലേറ്റതിനെത്തുടർന്ന് കുറച്ചുനാളായി ജോലിക്ക് പോയിരുന്നില്ല. സംഭവദിവസം സുഹൃത്ത് വിളിച്ചുകൊണ്ടുപോയതാണെന്ന് ശശികല പറഞ്ഞു.
മുക്കോലയിലെ ബാറിൽ മദ്യപിക്കുമ്പോഴുണ്ടായ തർക്കമാണ് സുമന്റെ കൊലയിൽ കലാശിച്ചത്. സുമൻ മൃതപ്രായനായതിനുശേഷവും പ്രതികൾ ഇടിക്കുകയും ചവിട്ടുകയും ചെയ്തു. പോസ്റ്റ്മോർട്ടത്തിന് ശേഷം സുമന്റെ മൃതദേഹം സംസ്കരിച്ചു. കേസിൽ ബാലരാമപുരം തൊളിയറത്തല ആർസി സ്ട്രീറ്റ് നിവാസി പയറ്റുവിളയിൽ വാടകക്ക് താമസിക്കുന്ന എസ്. അച്ചു (24), സഹോദരൻ എസ്. അനന്തു (19) എന്നിവർ റിമാൻഡിലാണ്. ഇവരെ കസ്റ്റഡിയിൽ വാങ്ങി തെളിവെടുപ്പ് നടത്താനുള്ള നീക്കത്തിലാണ് വിഴിഞ്ഞം പൊലീസ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

