വിഴിഞ്ഞം തുറമുഖം; രണ്ടാംഘട്ടത്തിൽ ഭൂമി വേണ്ട; 55 ഹെക്ടർ കടൽ നികത്തും
text_fieldsതിരുവനന്തപുരം: വിഴിഞ്ഞം രണ്ടാംഘട്ട വികസനത്തിനായി അധികമായി ഭൂമി ഏറ്റെടുക്കേണ്ടിവരില്ലെന്ന് സർക്കാർ. 55 ഹെക്ടര്‍ ഭൂമി കടല്‍ നികത്തിയെടുക്കാൻ തീരുമാനിച്ചിട്ടുണ്ടെന്ന് മന്ത്രി വി.എൻ വാസവൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു. അതേസമയം ലോജിസ്റ്റിക്സ് സംവിധാനങ്ങൾക്ക് തുറമുഖ മേഖലയിൽ ഭൂമി ഏറ്റെടുക്കുന്ന നടപടികൾ കിൻഫ്രയടക്കമുള്ള ഏജൻസികൾ നടത്തുന്നുണ്ട്. ഇതിനകം 50 ഹെക്ടർ ഏറ്റെടുത്തു.
കണ്ടെയ്നര്‍ യാര്‍ഡ് വികസിക്കുന്നതോടെ ഒരേസമയം യാര്‍ഡില്‍ സൂക്ഷിക്കാവുന്ന കണ്ടെയ്നറുകളുടെ എണ്ണം 35000 ല്‍ നിന്ന് ഒരു ലക്ഷമായി ഉയരും. ആകെ ക്രെയിനുകളുടെ എണ്ണം 100 ആകും. ഇതില്‍ 30 ഷിപ് ടു ഷോര്‍ ക്രെയിനുകളും 70 യാഡ് ക്രെയിനുകളും ഉണ്ടാകും. ഇന്ത്യയിലെ ഏറ്റവും വലിയ ‘സ്ട്രെയ്റ്റ് ബെര്‍ത്ത്’ തുറമുഖമാകുന്നതോടെ ഒരേസമയം നാല് മദര്‍ഷിപ് വിഴിഞ്ഞത്ത് അടുപ്പിച്ച് ചരക്കു കൈമാറ്റം നടത്താനാകും.
പുതുതായി ഷിപ്പിങ് കമ്പനികളും ലോജിസ്റ്റിക് കമ്പനികളും വിഴിഞ്ഞത്തേക്ക് എത്തുന്നതിനനുസരിച്ച് തൊഴിലവസരങ്ങളും വര്‍ധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. രണ്ടാംഘട്ടനിർമാണത്തിനൊപ്പം റോഡ്, റെയിൽ കണക്ടിവിറ്റി പ്രവർത്തനങ്ങളും വേഗത്തിലാക്കും. ആദ്യഘട്ട അപ്രോച്ച് റോഡ് ഉദ്ഘാടന സജ്ജമാണ്. ഇതിനെ ദേശീയപാതയുമായി ബന്ധിപ്പിക്കുന്ന ജോലികൾ വേഗത്തിലാക്കും. റെയിൽപാതയുമായി ബന്ധപ്പെട്ട് ഭൂമി ഏറ്റെടുക്കൽ നടപടികൾ പുരോഗമിക്കുകയാണെന്നും മന്ത്രി പറഞ്ഞു.
ക്രൂസ് കപ്പലുകളും എത്തും
തിരുവനന്തപുരം: രണ്ടാംഘട്ട വികസനം പൂര്‍ത്തിയാകുമ്പോള്‍ വിഴിഞ്ഞം തുറമുഖത്ത് കണ്ടെയ്നറുകള്‍ എത്തിക്കാനും ഇവിടെ നിന്ന് കണ്ടെയ്നറുകള്‍ കയറ്റുമതി ചെയ്യാനും കഴിയും. ക്രൂസ് ടെര്‍മിനല്‍ കൂടി വരുന്നതോടെ വന്‍കിട യാത്രാ കപ്പലുകള്‍ക്കും വിഴിഞ്ഞത്ത് അടുക്കാനാകും.
കേരളത്തിലെ വിനോദസഞ്ചാര രംഗത്ത് വലിയ കുതിപ്പേകുന്നതിനൊപ്പം സാമ്പത്തിക വളര്‍ച്ചക്കും വഴിയൊരുങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്. രണ്ടാം ഘട്ടത്തില്‍ നിര്‍മിക്കുന്ന ലിക്വിഡ് ടെര്‍മിനല്‍ പൂര്‍ത്തിയാകുന്നതോടെ വന്‍ കപ്പലുകള്‍ക്ക് ദീര്‍ഘദൂര യാത്രക്കിടെ ഇന്ധനം നിറയ്ക്കാന്‍ വിഴിഞ്ഞം തുറമുഖത്തേക്ക് എത്താം. നിലവില്‍ വമ്പന്‍ തുറമുഖങ്ങളില്‍ മാത്രമേ ഈ സൗകര്യമുള്ളൂ. ഇത് സംസ്ഥാനത്തിന്‍റെ നികുതി വരുമാനത്തിന് ഗുണകമായേക്കും.
തെക്കു കിഴക്കന്‍ ഏഷ്യയില്‍ നിന്ന് യൂറോപ്പിലേക്കും തിരിച്ചുമുള്ള യാത്രക്കിടയില്‍ രാജ്യാന്തര കപ്പല്‍ പാതക്ക് സമീപത്തുനിന്ന് ഇന്ധനം നിറക്കാന്‍ സൗകര്യമുള്ളതിനാല്‍ കൂടുതല്‍ കപ്പലുകള്‍ വിഴിഞ്ഞത്തെ ആശ്രയിക്കുമെന്നാണ് തുറമുഖ വകുപ്പിന്‍റെ കണക്കുകൂട്ടൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

