വിഴിഞ്ഞം തുറമുഖം; തൊഴിൽ വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയയാൾ അറസ്റ്റിൽ
text_fieldsസുരേഷ് കുമാർ
തിരുവനന്തപുരം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖമേഖലയിൽ തൊഴിൽ വാഗ്ദാനം ചെയ്ത് നിരവധി പേരിൽനിന്ന് ലക്ഷങ്ങൾ തട്ടി യയാൾ അറസ്റ്റിൽ. പൂവാർ, കല്ലിയവിളാകം, പനയിൽ വീട്ടിൽ സുരേഷ് കുമാറിനെയാണ് (51) തമ്പാനൂർ പൊലീസ് അറസ്റ്റ് ചെയ്തത്.
പോർട്ടിലെ ഉയർന്ന ഉദ്യോഗസ്ഥൻ ആണെന്ന് തെറ്റിദ്ധരിപ്പിച്ചാണ് ഇയാൾ പണം തട്ടിയത്. ജോലി ലഭിക്കാത്തതിനെ തുടർന്ന് ഉദ്യോഗാർഥികൾ വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ അധികാരികളുമായി ബന്ധപ്പെട്ടപ്പോഴാണ് തട്ടിപ്പ് മനസ്സിലായത്. തുടർന്ന് വിഴിഞ്ഞം തുറമുഖ അധികാരികളുടെ പരാതിയിൽ തമ്പാനൂർ പൊലീസ് കേസെടുക്കുകയായിരുന്നു. നിലവിൽ പരാതിക്കാരായ മൂന്ന് ഉദ്യോഗാർഥികളിൽനിന്ന് രണ്ട് ലക്ഷം തട്ടിയതായി പ്രതി സമ്മതിച്ചു. ഇയാളുടെ കാറിൽനിന്ന് വിഴിഞ്ഞം പോർട്ടിന്റെ സീലും മറ്റും ഉപയോഗിച്ച് വ്യാജമായി ഉണ്ടാക്കിയ നിരവധി രേഖകൾ പിടിച്ചെടുത്തു. വരും ദിവസങ്ങളിൽ കൂടുതൽ പേർ പരാതിയുമായി പൊലീസിനെ സമീപിച്ചേക്കും.
തമ്പാനൂർ എസ്.എച്ച്.ഒ വി.എം. ശ്രീകുമാർ, സി.പി.ഒമാരായ ബോബൻ, ശ്രീരാഗ്, സജു എന്നിവർ അറസ്റ്റിന് നേതൃത്വം നൽകി. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

