വിഴിഞ്ഞം തുറമുഖം: റെയില്‍ കണക്ടിവിറ്റിക്കായി 2.31 ഹെക്ടര്‍ ഭൂമി ഏറ്റെടുക്കും
text_fieldsതിരുവനന്തപുരം: ഏറെനാളത്തെ ചർച്ചകൾക്കും പ്രതിസന്ധികൾക്കും വിരാമമിട്ട്, വിഴിഞ്ഞം രാജ്യാന്തര തുറമുഖ വികസനത്തിന്റെ ഭാഗമായി റെയില്‍വേ ശ്യംഖലയുമായി ബന്ധിപ്പിക്കാനുള്ള റെയില്‍ കണക്ടിവിറ്റിക്കായി കൂടുതല്‍ ഭൂമി ഏറ്റെടുക്കാന്‍ സര്‍ക്കാര്‍ വിജ്ഞാപനം പുറപ്പെടുവിച്ചു. വിഴിഞ്ഞം രാജ്യാന്തര തുറമുഖത്തുനിന്ന് ബാലരാമപുരം റെയില്‍വേ സ്റ്റേഷനിലേക്കാണ് തുറമുഖത്തുനിന്നുള്ള ചരക്ക് കയറ്റിറിക്കത്തിനായി റെയില്‍ കണക്ടിവിറ്റി സ്ഥാപിക്കുന്നത്.
ഇതിനായി 2.3195 ഹെക്ടര്‍ ഭൂമി ഏറ്റെടുക്കാനാണ് ഭേദഗതി വിജ്ഞാപനം. തിരുവനന്തപുരം ജില്ലയിലെ നെയ്യാറ്റിന്‍കര താലൂക്കിലെ പള്ളിച്ചല്‍, ബാലരാമപുരം വില്ലേജുകളിലെ ഭൂമിയാണ് പ്രധാനമായി ഏറ്റെടുക്കുന്നത്. ഭൂമി ഏറ്റെടുക്കലിന് ന്യായമായ നഷ്ടപരിഹാരം, സുതാര്യത, പുനരധിവാസം, പുനഃസ്ഥാപനം എന്നിവ ഉറപ്പാക്കുന്ന 2013ലെ കേന്ദ്ര നിയമ വ്യവസ്ഥകള്‍ പ്രകാരമാണ് നടപടി സ്വീകരിക്കുകയെന്നും വിജ്ഞാപനത്തില്‍ പറയുന്നു.
വിഴിഞ്ഞം രാജ്യാന്തര തുറമുഖത്തിന്റെ റെയില്‍ കണക്ടിവിറ്റിക്കായി പിണറായി സര്‍ക്കാരുകളുടെ കാലത്ത് 0.8802 ഹെക്ടര്‍ ഭൂമിയായിരുന്നു ഏറ്റെടുക്കാന്‍ ലക്ഷ്യമിട്ടിരുന്നത്. മുന്‍ വിജ്ഞാപനത്തില്‍ പള്ളിച്ചല്‍ വില്ലേജിലെ ബ്ലോക്ക് നമ്പര്‍ അഞ്ചിലെ റീസര്‍വേ 474, 479, 481, 482 എന്നിവയില്‍ ഉള്‍പ്പെട്ട 15 എല്‍എ സബ് ഡിവിഷനുകളും ബാലരാമപുരം വില്ലേജിലെ ബ്ലോക്ക് നമ്പര്‍ 13 ലെ വിവിധ റീസര്‍വേ നമ്പറുകളിലെ 24 എല്‍എ സബ് ഡിവിഷനുകളും ഉള്‍പ്പെടുത്തി 0.8802 ഹെക്ടര്‍ ഭൂമി ഏറ്റെടുക്കാനായിരുന്നു വിജ്ഞാപനം പുറപ്പെടുവിച്ചിരുന്നത്. ഇതില്‍ ഭേദഗതി വരുത്തി കൂടുതല്‍ ഭൂമി ഏറ്റെടുക്കാനാണ് പുതുക്കിയ വിജ്ഞാപനം.
രണ്ടു വില്ലേജുകളിലുമായി 104 എല്‍എ സബ് ഡിവിഷനുകള്‍ കൂടി ഉള്‍പ്പെടുത്തി. ഇതോടെ പുറമ്പോക്ക് ഭൂമി ഒഴിവാക്കി ഏകദേശം 2.3195 ഹെക്ടര്‍ ഭൂമി ഏറ്റെടുക്കല്‍ നടപടിയിലേക്ക് നീങ്ങും. പദ്ധതിയുടെ ആവശ്യകത കൃത്യമായി നിറവേറ്റുന്നതിനാണ് ഭേദഗതി വിജ്ഞാപനമെന്നു വിശദീകരണക്കുറിപ്പില്‍ വ്യക്തമാക്കുന്നു.
വിഴിഞ്ഞം തുറമുഖത്തെ റെയില്‍ ശൃംഖലയുമായി ബന്ധിപ്പിക്കുന്ന നിര്‍ണായക അടിസ്ഥാന സൗകര്യ പദ്ധതിയുടെ ഭാഗമായാണ് ഭൂമി ഏറ്റെടുക്കല്‍ നടപടി. കൂടുതല്‍ ഭൂമി ഉള്‍പ്പെടുത്തുന്നതിലൂടെ പദ്ധതിക്കാവശ്യമായ സ്ഥലലഭ്യത ഉറപ്പാക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. എന്നാൽ ഭൂമി ഏട്ടെുക്കലുമായി ബന്ധപ്പെട്ട് ജനങ്ങൾക്കുള്ള ആശങ്കകൾക്ക് ഇനിയും പൂർണവിരാമായിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

