ആംബുലന്‍സ് ജീവനക്കാരുടെ പരിചരണത്തില്‍ യുവതിക്ക് വീട്ടില്‍ സുഖപ്രസവം
text_fieldsആരോഗ്യനില വഷളായതിനെ തുടര്‍ന്ന് യുവതിക്ക് വീട്ടില്‍ തന്നെ പ്രസവത്തിന് പരിചരണം നൽകിയ 108 ആംബുലന്‍സിലെ എമര്‍ജന്‍സി മെഡിക്കല്‍ ടെക്നീഷ്യന് സൂര്യയും പൈലറ്റ് അനൂപും
വെഞ്ഞാറമൂട്: കനിവ് 108 ആംബുലന്‍സ് ജീവനക്കാരുടെ പരിചരണത്തില്‍ യുവതിക്ക് വീട്ടില്‍ സുഖപ്രസവം. വെമ്പായം മേലെ പള്ളിക്കല്‍വീട്ടില്‍ നിയാസിന്റെ ഭാര്യ ഷെഹിന (25) ആണ് ആംബുലന്‍സ് ജീവനക്കാരുടെ പരിചരണത്തില്‍ വീട്ടില്‍ ആണ്‍കുഞ്ഞിന് ജന്മം നല്‍കിയത്.
തിങ്കളാഴ്ച പുലര്‍ച്ച നാല് മണിയോടെയാണ് ഷെഹിനക്ക് പ്രസവവേദന അനുഭവപ്പെട്ടത്. ബന്ധുക്കള്‍ ആശുപത്രിയിലേക്ക് കൊണ്ടുപോകാന്‍ ശ്രമിച്ചെങ്കിലും ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് സാധിച്ചില്ല.
ഇതിനിടയില്‍ കുടുംബാംഗങ്ങളില്‍ ഒരാള്‍ കന്യാകുളങ്ങര സാമൂഹികാരോഗ്യകേന്ദ്രത്തില്‍ സഹായം അഭ്യർഥിച്ച് എത്തുകയും 108 ആംബുലന്‍സ് കാണുകയും ചെയ്തു. ആംബുലന്‍സില്‍ ഉണ്ടായിരുന്ന എമര്‍ജന്‍സി മെഡിക്കല്‍ ടെക്നീഷ്യന് സൂര്യ, പൈലറ്റ് അനൂപ് എന്നിവരോട് വിവരം പറയുകയും അവര്‍ കണ്ട്രോള് റൂമില്‍ അറിയിച്ച ശേഷം വീട്ടിലെത്തി നടത്തിയ പരിശോധനയില്‍ ഷെഹിനയുടെ ആരോഗ്യനില മോശമാണെന്നും ആശുപത്രിയിലേക്കുള്ള യാത്ര അപകടമാണന്ന് മനസ്സിലാക്കുകയും ചെയ്തു.
ഇതോടെ വീട്ടില്‍ തന്നെ പ്രസവം എടുക്കാന്‍ വേണ്ട സജ്ജീകരണങ്ങള്‍ ഒരുക്കുകയും പുലര്‍ച്ച 4.29ന് സൂര്യയുടെ പരിചരണത്തില്‍ ഷെഹിന കുഞ്ഞിന് ജന്മം നല്‍കുകയുമായിരുന്നു. പിന്നീടാണ് പൊക്കിള്‍കൊടി ബന്ധം വേർപെടുത്തി പ്രഥമ ശുശ്രൂഷ നല്കിയ ശേഷം അമ്മയെയും കുഞ്ഞിെനയും പൈലറ്റ് അനൂപ് തിരുവനന്തപുരം എസ്.എ.ടി ആശുപത്രിയില്‍ എത്തിച്ചത്. അമ്മയും നവജാതശിശുവും സുഖമായി ഇരിക്കുന്നതായി ബന്ധുക്കള്‍ അറിയിച്ചു.