വെഞ്ഞാറമൂട്: ശക്തമായ കാറ്റിലും മഴയിലും വെഞ്ഞാറമൂട് മേഖലയില്‍ വ്യാപകമായ നാശനഷ്ടം. മരങ്ങൾ പിഴുതുവീണും ചില്ലകള്‍ ഒടിഞ്ഞുവീണും നിരവധി വീടുകള്‍ക്ക് കേടുപറ്റി. റോഡിലേക്കും വൈദ്യുതി ലൈനിലേക്കുമായി മരങ്ങള്‍ വീണ് വൈദ്യുതി വിതരണവും ഗതാഗതവും തടസ്സപ്പെട്ടു.
വാമനപുരം പുതൂര്‍ മൂഴിയില്‍ വീട്ടില്‍ നാരയണപിള്ള, കീഴായിക്കോണം വണ്ടിപ്പുരമുക്ക് എസ്.എല്‍.വി സദനത്തില്‍ സഹദേവന്, ആലിയാട് ചീനിവിള ലിന് സദനത്തില്‍ കൗമാരിയമ്മ, ആലിയാട് ചിലന്തിയാംകോണം കുന്നില്‍വീട്ടില്‍ സരള, ആലിയാട് പേയ്ക്കാവില് പുതുവല്‍ പുത്തന്‍വീട്ടില്‍ ശ്രീധരൻ, വാമനപുരം തൂങ്ങയില്‍ താന്നിമൂട് വിളയില്‍ വീട്ടില്‍ ശ്രീജ, പുതൂര്‍ കുഴിവിള പുത്തന്‍വീട്ടില്‍ വിലാസിനി എന്നിവരുടെ വീടുകള്‍ക്ക് മുകളിലേക്കാണ് മരങ്ങള്‍ വീണത്.
ഇതില്‍ കൗമാരിയമ്മയുടെയും നാരായണപിള്ളയുടെയും വീടുകള്‍ക്കാണ് കൂടുതല്‍ നഷ്ടങ്ങള്‍ സംഭവിച്ചിട്ടുള്ളത്. ഇരുവരുടെയും വീടുകള്‍ക്ക് മുകളിലേക്ക് സമീപത്തുനിന്ന തെങ്ങുകള്‍ കടപുഴകി വീഴുകയായിരുന്നു.
കൗമാരിയമ്മയുടെ വീടിെൻറ ഓടുമേഞ്ഞ മേൽക്കൂരക്ക് സാരമായി കേടുപറ്റുകയും അടുക്കള ഭാഗത്തെ മേൽക്കൂരയിലെ ഷീറ്റുകള്‍ പറന്നുപോകുകയും ചെയ്തു. നാരായണപിള്ളയുടെ മണ്ണ് കുഴച്ചുവെച്ച് ഷീറ്റുമേഞ്ഞ വീടിെൻറ ഒരുഭാഗം പൂര്‍ണമായും തകര്‍ന്നു.
മുക്കുന്നൂര്‍ പി.വി ഭവനില്‍ പ്രവീണിെൻറ വീട്ടിലേക്ക് സമീപത്ത് സ്ഥാപിച്ചിരുന്ന കൂറ്റന്‍ ഫ്ലക്സ് ബോര്‍ഡ് വീണ് ചെറിയ കേടുപാടുണ്ടായി.
എം.സി റോഡില്‍ പിരപ്പന്‍കോടിന് സമീപം മഞ്ചാടിമൂട് കീഴായിക്കോണം വണ്ടിപ്പുരമുക്ക് എന്നിവിടങ്ങളിലാണ് മരങ്ങള്‍ കടപുഴകി വീണ് ഗതാഗതവും വൈദ്യുതി വിതരണവും തടസ്സപ്പെട്ടത്. വെഞ്ഞാമൂട് അഗ്നിശമന സേനാ യൂനിറ്റാണ് എല്ലായിടത്തുമെത്തി മരങ്ങള്‍ മുറിച്ചുമാറ്റി തടസ്സങ്ങള്‍ നീക്കിയത്.
അസിസ്റ്റൻറ് സ്റ്റേഷന് ഓഫിസര്‍മാരായ ശ്രീകുമാര്‍, ജെ. രാജേന്ദ്രന് നായര്‍ എന്നിവര്‍ നേതൃത്വം നൽകി. അരുണ്‍ മോഹന്‍, ബിജേഷ്, സനില്‍കുമാര്‍, സുരേഷ്, ശരത് എന്നിവരും സംഘത്തിലുണ്ടായിരുന്നു.