മഴയില്‍ വീടുകൾ തകര്‍ന്നു
text_fieldsവെള്ളാണിക്കല്‍ എസ്.എസ് ഭവനില്‍ ബാബുവിെൻറ വീടിലൊരുഭാഗം തകര്‍ന്നനിലയില്‍
വെഞ്ഞാറമൂട്: ശക്തമായ മഴയില്‍ വീടിലൊരു ഭാഗം തകര്‍ന്നു. വെള്ളാണിക്കല്‍ എസ്.എസ് ഭവനില്‍ ബാബുവിെൻറ വീടാണ് തകര്‍ന്നത്. ബുധനാഴ്ച വൈകീട്ടോടെയായിരുന്നു സംഭവം.കഴിഞ്ഞ ദിവസങ്ങളിലെ മഴയില്‍ മേൽക്കൂരയില്നിന്നും വെള്ളം ഒലിച്ചിറങ്ങി ചുമരുകള്‍ കുതിര്‍ന്നു. സംഭവദിവസത്തെ മഴ കൂടിയായപ്പോള്‍ ചുമര് ഇടിഞ്ഞു വീഴുകയുമാണുണ്ടായത്.
ആറ്റിങ്ങല്‍: മഴയില്‍ വീട് തകര്‍ന്നു. നഗരസഭ 25ാം വാര്‍ഡ് എ.സി.എ.സി നഗറില്‍ 56 കാരനായ ശശിധരെൻറ പണ്ടാരവിള വീടാണ് ഭാഗികമായി തകര്‍ന്നത്. ബുധാഴ്ച രാത്രി ഏഴോടെ വീടിെൻറ പിന്‍വശത്തെ ചുമര് തകര്‍ന്ന് വീഴുകയായിരുന്നു. വീട്ടുകാര്‍ പുറത്തായിരുന്നതിനാലാണ് വലിയൊരു ദുരന്തം ഒഴിവായത്.ശശിധരനും സഹോദരിയും ഭര്‍ത്താവുമാണ് ഇവിടെ നിലവില്‍ താമസിക്കുന്നത്.
മണ്‍കട്ടകള്‍കൊണ്ട് കെട്ടിയ വീടിന് 40 വര്‍ഷത്തിലധികം പഴക്കമുണ്ട്. ലൈഫ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി പുതിയ വീട് വെക്കാന്‍ ഇവര്‍ ശ്രമിച്ചിരുന്നു. എന്നാല്‍ വസ്തുവിെൻറ ഉടമ രാധ ഇവരുടെ ആറ് മക്കളുടെ പേരില്‍ തുല്യ അവകാശം നല്കി പ്രമാണം കരാറാക്കിയതിനാൽ ഗുണഭോക്തൃപട്ടികയില്‍ ഉള്‍പ്പെടുത്തിയില്ല. രണ്ട് വര്‍ഷം മുമ്പ് ഗൃഹനാഥയായ രാധ മരണപ്പെട്ടിരുന്നു.രണ്ട് സെൻറില്‍ നിലകൊള്ളുന്ന ഈ വീട് കൂടുതല്‍ ജീര്ണതിയിലേക്ക് കൂപ്പുകുത്തി.
രണ്ടാഴ്ചയിലേറെയായി പെയ്യുന്ന ശക്തമായ മഴയില്‍ ചുമരുകള്‍ നനയുകയും തുടര്‍ന്ന് ബുധനാഴ്ച രാത്രിയോടെ വീട് ഭാഗികമായി തകര്‍ന്ന് വീഴുകയുമായിരുന്നു. വാര്‍ഡ് കൗണ്‍സിലര്‍ ഷീജ അറിയിച്ചതനുസരിച്ച് നഗരസഭ ചെയര്മാന് എം. പ്രദീപ് സ്ഥലത്തെത്തി അടിയന്തരമായി ഈ വിഷയത്തില്‍ ഇടപെടാന്‍ വില്ലേജ് ഓഫിസറോട് ആവശ്യപ്പെട്ടു. പ്രാദേശിക പിന്തുണയോടെ വീട്ടിലെ കേടുപാടുകള്‍ തീര്‍ത്ത് താല്‍ക്കാലിക താമസ സൗകര്യം ഒരുക്കാന്‍ നടപടി സ്വീകരിച്ചതായും ചെയര്മാന് പറഞ്ഞു.