പ്രതിയെ പിടിക്കാനെത്തിയ പൊലീസിന്റെ മർദനത്തില്‍ നാല് പേര്‍ക്ക് പരിക്ക്
text_fieldsവെഞ്ഞാറമൂട്: പ്രതിയെ പിടികൂടാനെത്തിയ പൊലീസ് സംഘത്തിന്റെ മര്‍ദനത്തില്‍ സ്ത്രീകളും കുട്ടികളുമടക്കം നാല് പേര്‍ക്ക് പരിക്കേറ്റതായി പരാതി. പിരപ്പന്‍കോട് പ്ലാക്കീഴ് അംബേദ്കര്‍ കോളനിയില്‍ പുതുമ്പള്ളി പുത്തന്‍വീട്ടില്‍ അനു (32), അമ്മ ലീല (57), ഭാര്യ ആശ (27), അനുവിന്റെ സഹോദര പുത്രന് ഷിനു (14) എന്നിവര്‍ക്കാണ് മര്‍ദനമേറ്റതായി കാണിച്ച് ഉന്നത ഉദ്യോഗസ്ഥര്‍ക്ക് പരാതി നൽകിയത്. ശനിയാഴ്ച രാത്രി 11 ഓടെയായിരുന്നു സംഭവം.
അനുവിന്റെ സഹോദരന്റെ പേരില്‍ വെഞ്ഞാറമൂട് പൊലീസില്‍ സ്ത്രീയെ ഉപദ്രവിച്ചെന്ന് പരാതി ലഭിക്കുകയും ഇത് അന്വേഷിക്കാന്‍ വെഞ്ഞാറമൂട് എസ്.ഐയുടെ നേതൃത്വത്തിലുള്ള മൂന്നംഗ പൊലീസ് സംഘം എത്തുകയും ചെയ്തു.
പൊലീസ് സ്ത്രീകള്‍ അടക്കമുള്ളവരെ അസഭ്യം വിളിക്കുകയും പട്ടികജാതി വിഭാഗത്തിൽപെട്ട ഇവരെ ജാതിപ്പേര് വിളിച്ച് അപമാനിക്കുകയും തുടര്‍ന്ന് വീടിനകത്ത് കയറി അനുവിനെ എസ്.ഐ വയറ്റില്‍ ചവിട്ടി വീഴ്ത്തുകയും ചെയ്തു എന്ന് പരാതിയിൽ പറയുന്നു.
തടയാനെത്തിയ ഭാര്യക്കും പൊലീസിന്റെ ചവിട്ടേറ്റു. ആശയുടെ കൈയിലിരുന്ന കുഞ്ഞും താഴെ വീഴുകയും ചെയ്തതായും പറയപ്പെടുന്നു. മര്‍ദനത്തിനുശേഷം പൊലീസുകാര്‍ വീട്ടില്‍ നിന്ന് പുറത്തേക്ക് പോകുന്ന സമയമാണ് പതിനാലുകാരനായ ഷിനു സംഭവം വീടിന്റെ പുറത്ത് നിന്ന് മൊബൈലില്‍ ചിത്രീകരിക്കുന്നത് കണ്ടത്.
ഇതോടെ എസ്.ഐ ഓടി അടുത്ത് വരുകയും ഷിനുവിന്റെ ഫോണ്‍ തട്ടിത്തെറിപ്പിക്കുകയും കരണത്ത് അടിക്കുകയും ചെെയ്തന്നും ആറ്റിങ്ങല്‍ ഡിവൈ.എസ്.പിക്ക് നല്കിയ പരാതിയില്‍ പറയുന്നു.