വെമ്പായത്ത് പാറക്വാറിയില്‍ തീപിടിത്തം; നാല് ടോറസ് ലോറികള്‍ കത്തിനശിച്ചു
text_fields1. വെമ്പായത്ത് പാറക്വാറിയിലുണ്ടായ തീപിടിത്തം 2. തീ കെടുത്തുന്ന അഗ്നിശമന സേനാംഗങ്ങൾ
വെഞ്ഞാറമൂട്: വെമ്പായത്ത് അടഞ്ഞ് കിടക്കുന്ന പാറക്വാറിയില്‍ തീപിടിത്തം. നാല് ടോറസ് ലോറികള്‍ കത്തി നശിച്ചു. കവനന്റ് ഗ്രൂപ്പിന്റെ ഉടമസ്ഥതയില്‍ വെമ്പായം ചീരാണിക്കര കറ്റയില്‍ പ്രവര്‍ത്തിക്കുന്ന കവനന്റ് സ്റ്റോണ്‍സിലാണ് തീപിടിത്തമുണ്ടായത്. വ്യാഴാഴ്ച ഉച്ചക്ക് രണ്ടുമണിയോടെയാണ് സംഭവം.
2019 മുതല്‍ സ്ഥാപനം അടഞ്ഞ് കിടക്കുകയാണ്. ക്വാറി വളപ്പ് മുഴവന്‍ കാടുകയറിയ നിലയിലായിരുന്നതിനാല്‍ നിമിഷങ്ങള്‍ക്കകം തീ ആളിപ്പടര്‍ന്ന് കുറ്റിക്കാടുകള്‍ പൂര്‍ണമായി നശിച്ചതിനൊപ്പം ലോറികളും കത്തി നശിക്കുകയായിരുന്നു. നാട്ടുകാര്‍ വിവരമറിയിച്ചതിനെതുടര്‍ന്ന് നെടുമങ്ങാട് നിന്നും വെഞ്ഞാറമൂട് നിന്നും അഗ്നിരക്ഷാ സേനകള്‍ എത്തി തീ നിയന്ത്രണ വിധേയമാക്കി.
വിലയേറിയ പൊക്ലയിനര്‍ ഉൾപ്പെടെ മറ്റ് പത്തോളം വാഹനങ്ങളും ക്വാറി വളപ്പിലുണ്ടായിരുന്നു. അഗ്നിരക്ഷാ സേനയുടെ സമയോചിത ഇടപെടല്‍ കാരണമാണ് അവയെയെല്ലാം അഗ്നിബാധയില്‍ നിന്ന് ഒഴിവാക്കാനായത്. ക്വാറിവളപ്പിന് പുറത്ത് ആരോ ചവറു കൂനക്ക് തീയിട്ടതില്‍ നിന്ന് തീപ്പൊരി കാറ്റില്‍ പറന്ന് ക്വാറി വളപ്പില്‍ വീണ് തീപടരുകായിരുന്നുവെന്നാണ് നിഗമനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

