നാശത്തിന്റെ വക്കില്‍ വാമനപുരം നദി; പുനരുജ്ജീവന പദ്ധതികൾക്ക് മെല്ലെപ്പോക്ക്
text_fieldsവാമനപുരം നദിയില്‍ നീരൊഴുക്ക് ദുര്‍ബ്ബലമായ അവസ്ഥയില്‍ (വാമനപുരം പാലത്തില്‍ നിുള്ള ദൃശ്യം.)
വെഞ്ഞാറമൂട്: തിരുവനന്തപുരം ജില്ലയിലെ ഏറ്റവും വലിയ ശുദ്ധജല സ്രോതസ്സായ വാമനപുരം നദി നാശത്തിന്റെ വക്കില്‍. പുനരുജ്ജീവന പദ്ധതികളും മെല്ലെപ്പോക്കിൽ. അനധികൃത മണലൂറ്റ്, വൈഡൂര്യ ഖനനം, തോട്ട പൊട്ടിച്ചുള്ള മീൻപിടിത്തം, അപൂര്‍വയിനം ഗ്രാനൈറ്റ് കല്ലുകളുടെ കടത്ത്, തീരഭാഗങ്ങളില്‍ നിന്നുള്ള മരങ്ങളും മുളകളും മുറിച്ച് കടത്തല്‍ എന്നിവയൊക്കെയാണ് മുന്‍കാലങ്ങളില്‍ നദിക്ക് നാശം സമ്മാനിച്ചിരുന്നതെങ്കിൽ ഇപ്പോൾ അധികൃതരുടെ അനാസ്ഥയും കാരണമാകുകയാണ്.
1860 മീറ്റര്‍ ഉയരത്തില്‍ പൊന്മുടിക്ക് സമീപമുള്ള ചെമ്മഞ്ചിമൊട്ടയിലാണ് നദിയുടെ ഉത്ഭവം. നദിയില്‍ 1350 ഘനഅടി ജലസമ്പത്തുണ്ടന്നും അതില്‍ 850 ഘന അടി ജലം വിവിധ ആവശ്യങ്ങള്‍ക്ക് വിനിയോഗിക്കാമെന്നും നേരത്തെ കണ്ടെത്തിയിരുന്നു. വാമനപുരം മണ്ഡലത്തില്‍ പെട്ട പെരിങ്ങമ്മല, നന്ദിയോട്, പാങ്ങോട്, കല്ലറ, പനവൂര്‍, ആനാട് പുല്ലമ്പാറ, നെല്ലനാട്, വാമനപുരം എന്നീ പഞ്ചായത്തുകളിലൂടെ നദിയും നദിയുടെ കൈവഴികളും 88 കിലോമീറ്റര്‍ ഒഴുകി അഞ്ച്തെങ്ങ് കായലില്‍ പതിക്കുന്നു. വര്‍ഷകാലത്ത് തീരം കവിഞ്ഞൊഴുകയും വേനല്ക്കാലാരംഭത്തിന് മുന്നെ തന്നെ നീരൊഴുക്ക് ദുര്‍ബലമാവുകയും ചെയ്യുന്ന അവസ്ഥയാണ്. ഇത് നദിയെ ആശ്രയിച്ച് നടത്തപ്പെടുന്ന കുടിവെള്ള വിതരണ പദ്ധതികളുടെ പ്രവര്‍ത്തനത്തെ താളംതെറ്റിക്കുന്ന അവസ്ഥയിലെത്തിച്ചു.
നദീ പുനരുജ്ജീവന പദ്ധതികൾ സംബന്ധിച്ച് 2021ല്‍ പഠനത്തിന് തുടക്കം കുറിച്ചതാണ്. ഒരു വര്‍ഷം മുന്‍പ് റിപ്പോര്‍ട്ട് പ്രസിദ്ധീകരിക്കുകയുമുണ്ടായി. റിപ്പോർട്ട് തയാറാക്കാനെന്ന പേരിൽ കോടിക്കണക്കിന് രൂപയാണ് ചിലവായത്. മേജര്‍ ഇറിഗേഷന്‍ വകുപ്പ്, മൈനര്‍ ഇറിഗേഷന്‍ വകുപ്പ്, നാറ്റ്പാക്, മണ്ണ് സംരക്ഷണ വകുപ്പ്, ദേശീയ തൊഴിലുറപ്പ് പദ്ധതി ആസൂത്രണ വകുപ്പ്, പാലോട് ബൊട്ടാണിക്കല്‍ ഗാര്ഡന്, ഭൂഗര്‍ഭ ജല വകുപ്പ്, സംസ്ഥാന എനര്‍ജി മാനേജ്മെന്റ് വിഭാഗം എന്നിവരാണ് ഇത് സംബന്ധിച്ചുള്ള പഠനത്തിന്റെ പങ്കാളികള്‍.
ഓരോ വകുപ്പുകളും വിവിധ നിര്‍ദേശങ്ങള്‍ മുന്നോട്ടുവച്ചിരുന്നു. മേജര്‍ ഇറിഗേഷന്‍ വകുപ്പിന്റെ റിപ്പോര്‍ട്ടില്‍ 25.50 കോടി രൂപ ചിലവില്‍ ആറ് ചെക്ക് ഡാമുകള്‍, 4.78 കോടി രൂപ ചിലവില്‍ 15 സ്ഥലങ്ങളിലെ മണ്ണ് നീക്കം ചെയ്യൽ, 23 കോടി രൂപ ചിലവില്‍ 39 സ്ഥങ്ങളില്‍ നദിയുടെ വശങ്ങള് ബലപ്പെടുത്തൽ, 12.55 കോടി രൂപ ചിലവില്‍ 50 കുളിക്കടവുകള്‍ വികസിപ്പിക്കൽ എന്നിവയാണ് പരാമര്‍ശിക്കുന്നത്. മൈനര്‍ ഇറിഗേഷന്‍ വകുപ്പിന്റെ റിപ്പോര്‍ട്ടില്‍ 57.28 കോടി രൂപ ചിലവില്‍ 247 തോടുകളുടെ നവീകരണം, 21.58 കോടി രൂപ ചിലവില്‍ 120 കുളങ്ങളുടെ നവീകരണം, 3.70 കോടി രൂപ ചിലവില്‍ 31 തടയണകള്‍ പുനരുദ്ധരിക്കൽ, 4.06 കോടി രൂപ ചിലവില്‍ 44 തടയണകള്‍ നിര്‍മ്മിക്കൽ എന്നിവയുമാണ് പറയുന്നത്.
നാറ്റ്പാക് ആറ് കോടി രൂപ ചിലവില്‍ ഏഴ് കടവുകള്‍ നിർമിക്കുന്നതും 1.48 കോടി രൂപ ചിലവില്‍ നദിയിലെ മണ്ണ് നീക്കം ചെയ്യുന്നതും 23.79 കോടി രൂപ ചിലവില്‍ നടപ്പാതകള്‍ നിർമിക്കുന്നതും 25 കോടി രൂപ ചിലവില്‍ അഞ്ച് സ്ഥലങ്ങളില്‍ പാര്‍ക്കുകളും പാലങ്ങളും നിർമിക്കുന്നതും 18.63 കോടി രൂപ ചിലവില്‍ കടവുകളുടെ വികസനവും രണ്ട് കോടി രൂപ ചിലവില്‍ ഇരിപ്പിടങ്ങള്‍ ഒരുക്കുക്കുന്നതും പവലിയനുകള്‍ സ്ഥാപിക്കുന്നതും സൂചിപ്പിക്കുന്നു. 5.54 കോടി രൂപ ചിലവില്‍ ലോവര്‍ മീന്മുട്ടി ഹൈഡല്‍ ടൂറിസം വികസന പദ്ധതികൾ, 20 കോടി രൂപ മുടക്കി പാലോടിന് സമീപം ടൂറിസം ഫെസിലിറ്റേഷന്‍ സെന്റര്‍, 0.55 കോടി ചിലവില്‍ പാലങ്ങളുടെ നവീകരണം എന്നീ പദ്ധതികളുമാണ് മുന്നോട്ട് വെക്കുന്നു.
സോയില്‍ കണ്‍സര്‍വേഷന്‍ ഡിപ്പാര്‍ട്ട്മെന്റിന്റേത് 194 കോടി രൂപയുടെ മണ്ണ്, ജല സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്കുള്ള പദ്ധതി നിർദേശങ്ങളാണ്. ദേശീയ തൊഴിലുറപ്പ് പദ്ധതി ആസൂത്രണ വകുപ്പ് എന്‍.ആര്.എം. പ്രവര്‍ത്തനങ്ങള്‍ക്കായി 206.58 കോടി രൂപയുടെയും 32.40 കോടി രൂപ ചിലവില്‍ കമ്പോസ്റ്റ് കുഴികള്‍ നിർമിക്കുന്നതുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളുടെയും 35.16 കോടി രൂപ ചിലവില്‍ മഴക്കുഴികള്‍ നിർമാണവും 17.85 കോടി രൂപ ചിലവില്‍ കിണര്‍ റീചാര്‍ജിംഗ് പദ്ധതികളുമാണ് പറയുന്നത്.
10.95 കോടി രൂപയുടെ ജൈവ മാലിന്യ സംസ്കരണവുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളാണ് പാലോട് ബൊട്ടാണിക്കല്‍ ഗാര്ഡന് നിര്‍ദ്ദേശിച്ചത്. കൂടാതെ 10.9 കോടി രൂപയുടെ പരിസ്ഥിതി ടൂറിസം പദ്ധതി നിര്‍ദേശങ്ങളും മുന്നോട്ട് വക്കുകയുണ്ടായി. ഭൂഗര്‍ഭ ജലവകുപ്പ് 100 പൊതു സ്ഥലങ്ങളില്‍ മൂന്നരക്കോടി രൂപ ചിലവില്‍ കൃത്രിമ ഭൂജല പോഷണത്തിനും മൂന്ന് കോടി രൂപ ചിലവില്‍ 50 ചെറുകിട കുടിവെള്ള പദ്ധതികള്‍ സ്ഥാപിക്കുന്നതിനുമുള്ള പദ്ധതികളാണ് മുന്നോട്ട് വച്ചത്.
കൂടാതെ എനര്‍ജി മാനേജ്മെന്റ് നടത്തിയ പഠനത്തില്‍ 30 സ്ഥലങ്ങളില്‍ ചെറുകിട ഹൈഡ്രോ പ്രൊജക്റ്റുകള്‍ക്ക് സാദ്ധ്യതയുണ്ടന്ന് കണ്ടെത്തി. എന്നാല്‍ ഈ റിപ്പോര്‍ട്ട് പ്രകാരം ഒരു കാര്യം പോലും ചെയ്യാന്‍ അധികൃതര്‍ക്ക് ഇനിയുമായിട്ടില്ലന്നാണ് അറിയുന്നത്. വാമനപുരം നദിയാകട്ടെ അധികൃതരുടെ നിരുത്തരവാദ സമീപനത്തിന് ഉദാഹരണമായി ഇക്കുറിയും വേനല്ക്കാലാരംഭത്തിന് മുന്നെ തന്നെ നീരൊഴുക്ക് ദുര്‍ബ്ബലമായ അവസ്ഥയിലേക്കും നാശത്തിലെത്തിലേക്കും നീങ്ങുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

