
വനിതാ സഹപ്രവർത്തകയെ അപകീർത്തിപ്പെടുത്തൽ: ഗ്രാമപഞ്ചായത്ത് അംഗത്തിനെതിരെ പരാതി
text_fieldsപോത്തൻകോട്: വനിത സഹപ്രവർത്തകയെ അപകീർത്തിപ്പെടുത്തിയതിനെതിരെ പോത്തൻകോട് ഗ്രാമപഞ്ചായത്തിലെ കോൺഗ്രസ് അംഗത്തിനെതിരെ പരാതി. പോത്തൻകോട് പഞ്ചായത്തിലെ കല്ലൂർ വാർഡ് അംഗമായ കെ.ആർ. ഷിനുവിനെതിരെയാണ് പോത്തൻകോട് പൊലീസിൽ പരാതി നൽകിയത്.
മുൻ പഞ്ചായത്തംഗവും മഹിളാ കോൺഗ്രസ് പ്രവർത്തകയുമാണ് പൊലീസിൽ പരാതി നൽകിയത്. സാമൂഹിക മാധ്യമങ്ങളിലൂടെയും അല്ലാതെയും തന്നെ വളരെ മോശമായി അപകീർത്തിപ്പെടുത്തുന്നതായാണ് പരാതി.
ഇതുസംബന്ധിച്ച് പലതവണ പാർട്ടി നേതാക്കൾ ഷിനുവിനെ വിലക്കിയെങ്കിലും പിന്നെയും സമാനമായ സംഭവങ്ങൾ തുടരുന്നുവെന്നും യുവതി പോത്തൻകോട് പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു. മുമ്പ് ഷിനു സുഹൃത്തിന്‍റെ മൊബൈലിലേക്ക് അശ്ലീല ചിത്രം അയച്ചതിന് ഷിനുവിനെതിരെ പൊലീസിലും പാർട്ടിയിലും പരാതി നൽകിയിരുന്നു.
അന്ന് ഡി.സി.സി ചുമതലപ്പെടുത്തിയ മൂന്നംഗ കമ്മിറ്റിയിൽ അംഗമായിരുന്നു പരാതിക്കാരിയായ യുവതി. അന്വേഷണത്തിൽ ഷിനുവിന്‍റെ ഭാഗത്തുനിന്ന് ഗുരുതര വീഴ്ചയുണ്ടായതായി റിപ്പോർട്ട് സമർപ്പിച്ചിരുന്നു. ഇതിന്‍റെ വൈരാഗ്യമാണ് അപകീർത്തപ്പെടുത്തലിന് പിന്നിലെന്ന് യുവതി പറഞ്ഞു.