ഡേറ്റിങ് ആപ്പ്; ഉദ്യോഗസ്ഥനെ കുരുക്കി ഒന്നരലക്ഷം തട്ടിയ കേസില്‍ രണ്ടുപേര്‍ പിടിയിൽ
text_fieldsവെഞ്ഞാറമൂട്: ഡേറ്റിങ് ആപ്പില്‍ കുടുങ്ങിയ സര്‍ക്കാര്‍ ഉദ്യോഗസ്ഥനെ ഭീഷണപ്പെടുത്തി 1,50,000 രൂപ തട്ടിയെടുത്ത കേസില്‍ രണ്ടുപേരെ വട്ടപ്പാറ പൊലീസ് അറസ്റ്റ് ചെയ്തു. കായിക്കര ഏറത്ത് കടപ്പുറം വീട്ടില്‍ വിശാഖ് (29), വട്ടപ്പാറ മുക്കാംപാലമൂട് കുന്നംപാറ അര്‍ച്ചന ഭവനില്‍ അഖില്‍ (21) എന്നിവരാണ് അറസ്റ്റിലായത്.
ഇതുസംബന്ധിച്ച് പൊലീസ് പറയുന്നതിങ്ങനെ: ഡേറ്റിങ് ആപ്പ് വഴി പരിചയപ്പെട്ട ഉദ്യോഗസ്ഥനെ ഇക്കഴിഞ്ഞ 15 ന് രാവിലെ വട്ടപ്പാറ പള്ളിവിളയിലുള്ള ഒഴിഞ്ഞ വീട്ടില്‍ കൊണ്ടെത്തിക്കുകയും രണ്ട് പ്രതികളും ചേര്‍ന്ന് കത്തികൊണ്ട് മുറിവേല്‍പ്പിച്ച ശേഷം ഭീഷണിപ്പെടുത്തി മൊബൈല്‍ ഫോണ്‍ തട്ടിയെടുക്കുകയും ഗൂഗിള്‍ പേ അക്കൗണ്ട് പിന്‍ നമ്പര്‍ ചോദിച്ചറിഞ്ഞ് ആദ്യം 20,000 രൂപ മറ്റൊരു അക്കൗണ്ടിലേക്ക് മാറ്റുകയും ചെയ്തു. കൂടാതെ ഇയാളുടെ വീഡിയോ പകര്‍ത്തി ഭാര്യക്ക് അയച്ചുകൊടുക്കുമെന്ന് ഭീഷണിപ്പെടുത്തി രണ്ടുലക്ഷം രൂപ ആവശ്യപ്പെട്ടു.
ഇതോടെ ഭയന്ന ഉദ്യോഗസ്ഥന്‍, വിട്ടയച്ചാല്‍ പണം നൽകാമെന്ന് ഉറപ്പുനല്കി മോചിതനാവുകയും അന്നുതന്നെ 1,30,000 രൂപ നൽകി മൊബൈല്‍ ഫോണ്‍ തിരികെ വാങ്ങുകയും ചെയ്തു. രണ്ടുദിവസം കഴിഞ്ഞപ്പോള്‍ പ്രതികള്‍ കൂടുതല്‍ പണം ആവശ്യപ്പെട്ടതോടെ ഉദ്യോഗസ്ഥന്‍ വട്ടപ്പാറ പോലീസില്‍ പരാതി നൽകി.
ഇതിന്റെ അടിസ്ഥാനത്തില്‍ കേസെടുത്ത് സൈബര്‍ പൊലീസിന്റെ സഹായത്തോടെ പ്രതികളെ പിടികൂടുകയായിരുന്നു. വട്ടപ്പാറ സി.ഐ ശശികുമാറിന്റെ നേതൃത്വത്തില്‍ എസ്.ഐ ബിനിമോള്‍, എ.എസ്.ഐ ഷാഫി, സി.പി.ഒ.മാരായ ഗോകുല്‍, ബിനോയ്, രാജീവ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്. പ്രതികളെ കോടതിയില്‍ ഹാജരാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

