മുക്കുപണ്ടം പണയം െവച്ച് 20 ലക്ഷം തട്ടിയതായി പരാതി
text_fieldsവെഞ്ഞാറമൂട്: മുക്കുപണ്ടം പണയം െവച്ച് ബാങ്കില്‍നിന്ന് 20,40,000 രൂപ തട്ടിയെടുത്തതായി പരാതി. കല്ലറ മുതുവിള സ്വദേശിയായ അരുണ്‍ ജോളിക്കെതിരെയാണ് കാനറ ബാങ്ക് വെഞ്ഞാറമൂട് ശാഖ മുന്‍ മാനേജര്‍ പൊലീസില്‍ പരാതി നൽകിയത്.
ജൂലൈയിലായിരുന്നു കേസിനാസ്പദമായ സംഭവം. 75.6 പവന് തൂക്കം വരുന്ന 56 വളകള്‍ പണയപ്പെടുത്തി ബാങ്കില്‍നിന്ന് ഇയാള്‍ 20,40,000 രൂപ വാങ്ങിയിരുന്നു.
അടുത്തുള്ള മറ്റൊരു ബാങ്കിലും ഇയാള്‍ ആഭരണപ്പണയത്തില് വായ്പ എടുക്കുകയുണ്ടായി. ഇവരാണ് ആഭരണങ്ങള്‍ മുക്കുപണ്ടമാെണന്ന് കണ്ടെത്തുകയും ഇക്കാര്യം അടുത്തു തന്നെയുള്ള കാനറാ ബാങ്ക് ശാഖയില്‍ അറിയിക്കുകയും ചെയ്തത്.
തുടര്‍ന്ന് കാനറാ ബാങ്കുകാരും പണയ ഉരുപ്പടികള്‍ പരിശോധനക്ക് വിധേയമാക്കിയതോടെ ആഭരണങ്ങള്‍ മുക്കുപണ്ടമാെണന്ന് കണ്ടെത്തുകയും വെഞ്ഞാറമൂട് പൊലീസില്‍ പരാതി നൽകുകയുമായിരുന്നു.
ചെമ്പ് വളയത്തില്‍ കട്ടിക്ക് സ്വര്‍ണം പൂശി എളുപ്പം തിരിച്ചറിയാനാകാത്ത വിധമായിരുന്നു ആഭരണങ്ങള്‍ നിര്‍മിച്ചിരിക്കുന്നതെന്നാണ് പറയപ്പെടുന്നത്. സംഭവത്തില്‍ കേസെടുത്ത പൊലീസ് അന്വേഷണം ആരംഭിച്ചു.