അനധികൃത കുന്നിടിക്കൽ; ടോറസ് ലോറികളും എക്സ്കവേറ്ററും പിടികൂടി
text_fieldsവെള്ളറട പൊലീസ് പിടികൂടിയ ടോറസ് ലോറികളും എക്സ്കവേറ്ററും സ്റ്റേഷന് വളപ്പില്‍
വെള്ളറട: ചുരുളിയില്‍ അനധികൃതമായി കുന്നിടിക്കുന്നതിനിടെ രണ്ട് ടോറസ് ലോറികളും ഒരു എക്സ്കവേറ്ററും പൊലീസ് പിടികൂടി. ശനിയാഴ്ചയാണ് കുന്നിടിക്കുന്ന വിവരം പൊലീസിന് ലഭിച്ചത്. പൊലീസ് സ്റ്റേഷന് മുന്നില്‍ മൊബൈല്‍ ഫോണുകളുമായി മാഫിയസംഘത്തിന്റെ ആളുകള്‍ നിലയുറപ്പിച്ചിരുന്നെങ്കിലും രഹസ്യമായി പൊലീസ് സംഘം സ്ഥലത്തെത്തുകയായിരുന്നു.
ടോറസ് ലോറികളുമായി കടക്കാനുള്ള മാഫിയസംഘത്തിന്റെ ശ്രമം പൊലീസ് തടഞ്ഞു. സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ബാബുക്കുറുപ്പ്, എസ്.ഐമാരായ സുജിത്ത് ജി. നായര്‍, ശശികുമാര്‍, പൊലീസുകാരായ അജി, ജയ ദാസ്, സജിന്‍ എന്നിവരടങ്ങിയ പൊലീസ് സംഘമാണ് വാഹനങ്ങള്‍ പിടികൂടിയത്.
ഒരു ഇടവേളക്കുശേഷമാണ് മാഫിയസംഘം മലയോരമേഖലയില്‍ ശക്തിപ്രാപിച്ചത്. വലിയ എക്സ്കവേറ്ററും ടോറസ് ലോറികളും ഉപയോഗിച്ച് മണിക്കൂറുകള്‍കൊണ്ടാണ് കുന്നിടിച്ച് മണ്ണ് കടത്തുന്നത്. ഇതിലൂടെ വന്‍ തുക മണ്ണ് മാഫിയ സ്വന്തമാക്കുന്നു. പിടികൂടിയ വാഹനങ്ങള്‍ മൈനിങ് ആന്‍ഡ് ജിയോളജിക്ക് കൈമാറുമെന്ന് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ബാബുക്കുറുപ്പ് പറഞ്ഞു.

