നീന്തൽകുളത്തിലെ വിദ്യാർഥിയുടെ മരണം; അമിത ജലവും ആമ്പൽ വള്ളികളും
text_fieldsപൊലീസിന്റെ നേതൃത്വത്തിൽ കുളത്തില്‍ നിന്ന് വെള്ളം ശേഖരിച്ച് തെളിവെടുപ്പ് നടത്തുന്നു
വെള്ളറട: കഴിഞ്ഞദിവസം പുനങ്കുടിയിലെ നീന്തല്‍ കുളത്തില്‍ മുഹമ്മദ് നിയാസ് (12) മരിച്ചതിന്റെ കാരണം കുളത്തില്‍ പരിധിയിലധികം വെള്ളമുള്ളതും ആമ്പല്‍ വള്ളികളുമാണെന്ന് പോലീസ് കണ്ടെത്തി. സര്‍ക്കില്‍ ഇന്‍സ്പെക്ടര്‍ പ്രസാദ്, എസ്.ഐ അന്‍സാർ എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം കുളത്തില്‍ നിന്ന് വെള്ളം ശേഖരിക്കുകയും വിശദമായ തെളിവെടുപ്പ് നടത്തുകയും ചെയ്തു.
നീന്തല്‍ക്കുളത്തില്‍ അഞ്ചടിക്ക് താഴെ മാത്രമേ വെള്ളം നിറയ്ക്കാറുള്ളൂ. എന്നാല്‍ 3 മാസം മുമ്പ് ഉദ്ഘാടനം നടത്തിയ നീന്തല്‍കുളത്തില്‍ അന്നു നിറച്ച വെള്ളമാണ് ഇപ്പോഴും കിടക്കുന്നത്. മലിനജലം പൂര്‍ണമായും നിറഞ്ഞ് ആമ്പല്‍ വള്ളി കാടുകയറി കിടക്കുന്നതാണ് അപകടകാരണം.
കുളത്തിന്റെ അപകടാവസ്ഥയെക്കുറിച്ച് നാട്ടുകാരുടെ ഇടയില്‍ പ്രതിഷേധം ശക്തമായിട്ടുണ്ട്. കുന്നത്തുകാല്‍ ഗ്രാമപഞ്ചായത്തിലെ ചെറിയകൊല്ല വാര്‍ഡിലാണ് ഈ നീന്തല്‍കുളം.
ഏറെ പഴക്കമുള്ള കുളം നീന്തൽക്കുളമാക്കി മാറ്റാനും ഇതിനോടു ചേര്‍ന്ന് കളിക്കുന്നതിനായി ടര്‍ഫ് നിര്‍മിക്കുന്നതിനുമായി ബ്ലോക്ക് ഫണ്ടില്‍ നിന്ന് ഒരുകോടി 20 ലക്ഷം രൂപ ചിലവഴിച്ചാണ് പണികള്‍ നടത്തിയത്. ടര്‍ഫ് പണി പൂര്‍ത്തിയാക്കിയെങ്കിലും നീന്തല്‍കുളത്തിന്റെ പണികള്‍ പാതിവഴിയിലായി.
രണ്ടിന്റെയും ഉദ്ഘാടനം നടത്തി ലൈറ്റുകൾ സ്ഥാപിച്ചെങ്കിലും നാളിതുവരെയും വൈദ്യുതി കണക്ഷന് ലഭിച്ചിട്ടില്ല. ഇപ്പോഴും വൈദ്യുതി ബന്ധമില്ലാതെയാണ് കുളവും പരിസരവും പ്രവര്‍ത്തിക്കുന്നത്. കുളത്തിന് അടിയിലെ ചെളി പൂര്‍ണമായും നീക്കം ചെയ്തിട്ടില്ല. ആമ്പല്‍ചെടികളുടെ വള്ളികള്‍ നിറഞ്ഞ ഈ കുളത്തില്‍ നിരവധി അപകടങ്ങളാണ് മുമ്പ് ഉണ്ടായിട്ടുള്ളത്.
കുളത്തിന്റെ ഒരുവശത്ത് ടൈല്‍സ് പാകിയതിനാല്‍ അവിടെയെത്തുന്നവര്‍ വഴുതിവീഴാന്‍ കാരണമാകുന്നു. രാത്രിയിലും പകലും വിദ്യാര്‍ത്ഥികള്‍ അടക്കം ഉള്ളവര്‍ ഇവിടെ വരാറുണ്ട്. ഇവരെ നിയന്ത്രിക്കുന്നതിന് ഇതുവരെയും സെക്യൂരിറ്റി സംവിധാനമോ നീന്തല്‍ പരിശീലകരോ ഇല്ല.
തീര്‍ത്തും വിജനമായ പ്രദേശമായതിനാല്‍ യാതൊരു സുരക്ഷാക്രമീകരണങ്ങളും ഇവിടെ സജ്ജമാക്കിയിട്ടില്ല. മാസങ്ങള്‍ക്കു മുമ്പ് രണ്ടുപേര്‍ വെള്ളത്തില്‍ മുങ്ങിത്താണപ്പോള്‍ കൂടെയുണ്ടായിരുന്നവര്‍ രക്ഷിച്ചതിനാല്‍ വന്‍ ദുരന്തമാണ് ഒഴിവായത്. നീന്തല്‍കുളത്തിലേക്കുള്ള വഴി വളരെ ഇടുങ്ങിയതാണ്. പരിസരം മദ്യപാനികളുടെ കേന്ദ്രവുമാണ്. ഇവിടെ പോലീസും എത്തിനോക്കാറില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

