ഉറങ്ങിക്കിടന്ന യുവതിയുടെ മാല കവർന്നു
text_fieldsകുന്നത്തുകാലില്‍ യുവതിയുടെ മാല കവർന്ന കേസിൽ ഡോഗ് സ്ക്വാഡ് പരിശോധന നടത്തുന്നു
വെള്ളറട: കുന്നത്തുകാല്‍ മാണിനാട് ഉറങ്ങിക്കിടന്ന യുവതിയുടെ മാല കവർന്നു. കുന്നത്തുകാല്‍ മാണിനാട് കല്ലറത്തലവീട്ടില് രഘുവരന് നായരുടെ വീട്ടിലാണ് വ്യാഴാഴ്ച രാത്രി ജനല്‍ പൊളിച്ച് മോഷണം നടന്നത്.
രാത്രി രണ്ടേമുക്കാലോടെയാണ് കള്ളന് മാല പിടിച്ചുപറിച്ചതെന്ന് വീട്ടുകാര്‍ പറഞ്ഞത്. രഘുവരന് നായരുടെ മകള്‍ ഗോകുല (19)യുടെ ഒന്നേകാല്‍ പവന്റെ സ്വര്‍ണമാലയാണ് നഷ്ടപ്പെട്ടത്. സംഭവം ശ്രദ്ധയിൽപെട്ട യുവതി ഉറക്കമുണര്‍ന്ന് കള്ളനെ കണ്ട് മാലയില്‍ പിടിമുറുക്കിയെങ്കിലും ലോക്കറ്റ് ഒഴികെയുള്ള ഭാഗം പൊട്ടിച്ചെടുത്ത് മോഷ്ടാവ് കടക്കുകയായിരുന്നു.
പിടിവലിയില്‍ യുവതിയുടെ കൈക്ക് പരിക്കുണ്ട്. കള്ളന് മുഖം തോര്‍ത്തുകൊണ്ട് മറച്ച നിലയിലായിരുന്നുവെന്ന് ഗോകുല പറഞ്ഞു. വീട്ടുകാര്‍ വെള്ളറട പൊലീസില്‍ പരാതി നല്കി. സര്‍ക്കിള്‍ ഇൻസ്പെക്ടര്‍ മൃദുല്‍കുമാര്‍, എസ്. ഉണ്ണികൃഷ്ണന്, എ.എസ്.ഐ ശ്യാമളാദേവി, ഐശ്വര്യ, സജന്, പ്രഭുല്ലചന്ദ്രൻ എന്നിവരുടെ നേതൃത്വത്തില്‍ തെളിവെടുപ്പ് നടത്തി കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു.

