യുവാവിനെ അന്വേഷിച്ചെത്തിയ പൊലീസിനെതിരെ പരാതി
text_fieldsവെള്ളറട: പോക്സോ ഉള്‍പ്പെടെ നിരവധി കേസുകളില്‍ പ്രതിയായ യുവാവിനെ അന്വേഷിച്ചെത്തിയ പൊലീസിനെതിരെ പരാതിയുമായി വീട്ടമ്മ. ഒറ്റശേഖരമംഗലം ഇടവാല്‍ സ്വദേശിയായ വീട്ടമ്മയാണ് പരാതിയുമായെത്തിയത്.
ഇവരുടെ മകന് നിരവധി കേസുകളില്‍ പ്രതിയാണ്. മയക്കുമരുന്ന്, മോഷണം, പോക്സോ തുടങ്ങിയ കേസുകളിലെ പ്രതിയാണ് പരാതിക്കാരിയുടെ മകന്. പരാതിക്കാരിയും കുറ്റവാളിയുമായ മകനും ദിവസങ്ങളായി ഒളിവിലാണ്. ഇരുന്നൂറിലേറെപ്പേര്‍ ഒരുമിച്ചുനല്‍കിയ പരാതിയും ഇയാള്‍ക്കെതിരെയുണ്ട്. പത്തോളം പൊലീസുകാരുള്‍പ്പെടെ വീട്ടില്‍ അന്വേഷിച്ചെത്തുമ്പോള്‍ നാട്ടുകാരും പൊലീസിനൊപ്പം ഉണ്ടായിരുന്നു. വീട്ടില്‍ പരാതിക്കാരിയുടെ വയോധികയായ മാതാവു മാത്രമാണ് ഉണ്ടായിരുന്നത്.
പകല്‍ നാലോടെയാണ് നാട്ടുകാര്‍ക്കൊപ്പം പൊലീസ് സംഘം എത്തിയത്. പൊലീസ് അക്രമം അഴിച്ചുവിട്ട് വീട് അടിച്ചുതകർത്തെന്നും ജാത്യാധിക്ഷേപം മുഴക്കി എന്നുമായിരുന്നു പരാതിക്കാരിയുടെ ആക്ഷേപം.
നിരവധി നാട്ടുകാരുടെ സാന്നിധ്യത്തില്‍ എത്തിയ പൊലീസ് സംഘം പ്രതിയെ തിരക്കി ഇെല്ലന്നുകണ്ട് മടങ്ങിയിരുന്നെന്നാണ് പൊലീസ് പറയുന്നത്. പൊലീസിനെ അപമാനിക്കുകയെന്ന ഉദ്ദേശ്യത്തോടെ പ്രതിയുടെ മാതാവ് കള്ളപ്പരാതി നൽകിയെന്നും പൊലീസ് പറയുന്നു.

