ഡ്രൈവര്‍ കുഴഞ്ഞുവീണു; ബസ് നിയന്ത്രണംവിട്ട് ബൈക്കുകളിലും കടകളിലും ഇടിച്ചു
text_fieldsവെള്ളറട: യാത്രമധ്യേ ഡ്രൈവര്‍ കുഴഞ്ഞുവീണതോടെ ബസ് നിയന്ത്രണംവിട്ട് ബൈക്കുകളിലും കടകളിലും ഇടിച്ചു. രണ്ടുപേർക്ക് പരിക്ക്. കെ.എസ്.ആർ.ടി.സി വെള്ളറട ഡിപ്പോയിലെ ബസ് അമ്പൂരി വഴി തിരുവനന്തപുരത്തേക്ക് പോകുമ്പോഴായിരുന്നു അപകടം. അമ്പൂരി സ്കൂള്‍ ജങ്ഷനിലെത്തിയപ്പോൾ ഡ്രൈവര്‍ ബാദുഷ (50) കുഴഞ്ഞുവീഴുകയായിരുന്നു. ഇദ്ദേഹത്തെ കാരക്കോണം മെഡിക്കല്‍ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഡ്രൈവര്‍ കുഴഞ്ഞുവീണതോടെ നിയന്ത്രണംവിട്ട ബസ് റോഡരികിൽ പാര്‍ക്ക് ചെയ്തിരുന്ന നിരവധി ബൈക്കുകളിൽ ഇടിച്ചു. ശേഷം പിന്നിലോട്ടുരുണ്ട് സമീപത്തെ കടകളിലേക്കും ബൈക്കുകളിലേക്കും ഇടിച്ചുകയറി. ഗുരുതരമായി പരിക്കേറ്റ ബൈക്ക് യാത്രികരായ ഷിജു, ഷൈജു തോമസ് എന്നിവരെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ലക്ഷം രൂപയില്‍ അധികം നാശനഷ്ടം സംഭവിച്ചിട്ടുണ്ട്.

