വാഹനമിടിപ്പിച്ച് കൊല്ലാൻ ശ്രമം; പ്രതികൾ പിടിയിൽ
text_fieldsപിടിയിലായ പ്രതികൾ
വെള്ളറട: സ്വത്ത് തര്‍ക്കത്തിന്റെ പേരില്‍ സഹോദരിയെ വാഹനമിടിപ്പിച്ച് കൊല്ലാന്‍ ശ്രമിച്ച സഹോദരനും സംഘവും പിടിയിലായി. ആറാട്ടുകുഴി പുന്നക്കുന്നുവിള വീട്ടില്‍ ആശ കുമാരിയെ കൊലപ്പെടുത്താന്‍ ശ്രമിച്ചുവെന്ന കേസിൽ ഇവരുടെ സഹോദരന്‍ ആറാട്ടുകുഴി പുന്നക്കുന്നുവിള വീട്ടില്‍ ഗഗന്‍ദീപ് (30), വെള്ളറട കാരമൂട് മജുന ഭവനില്‍ മനു (24), കന്യാകുമാരി ജില്ലയിലെ പാകോട് കല്ലട വീട്ടില്‍ ജോണ്‍ ജപകുമാര്‍ (30), ആസാം സ്വദേശി ദേവ്നാഥ് (24) എന്നിവരാണ് പിടിയിലായത്. കത്തിപ്പാറ ജങ്ഷന് സമീപം മാര്‍ച്ച് 14നായിരുന്നു സംഭവം.
പരാതിക്കാരിയും സഹോദരനായ ഗഹന്‍ദീപും സഞ്ചരിച്ചിരുന്ന കാറിനെ പിന്തുടര്‍ന്നെത്തിയ മറ്റൊരു സഹോദരനായ ഗഗന്‍ദീപും സംഘവും ബൈക്കുകള്‍ കുറുകെയിട്ട് കാര്‍ തടഞ്ഞു. തുടർന്ന് ഗഹന്‍ദീപിനെ ആക്രമിച്ച് പരിക്കേല്‍പിച്ചു. ഇതിനുശേഷം ഗഗന്‍ ദീപിന്റെ ലോറി ഉപയോഗിച്ച് ഇരുവരും സഞ്ചരിച്ച കാറില്‍ തുടരെ ഇടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചുവെന്നാണ് കേസ്. സര്‍ക്കിള്‍ ഇൻസ്പെക്ടര്‍ മൃതുല്‍കുമാര്‍, എ.എസ്.ഐ മാരായ ശശികുമാര്‍, സുനില്‍കുമാര്‍, സി.പി.ഒമാരായ സുനില്‍, പ്രതീപ് അടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്.

