അയല്‍വാസിയെ തലക്കടിച്ച് കൊലപ്പെടുത്താന്‍ ശ്രമം; രണ്ടാംപ്രതിയും പിടിയിൽ
text_fieldsബിജു
വെള്ളറട: വസ്തുതര്‍ക്കത്തെ തുടർന്ന് ബന്ധുകൂടിയായ അയല്‍വാസിയെ തലക്കടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഒളിവിലായിരുന്ന രണ്ടാംപ്രതി പിടിയിൽ. വെള്ളറട മുള്ളിലവുവിള മാവുവിള വീട്ടില്‍ ബിജുവാണ് (43) പിടിയിലായത്. കഴിഞ്ഞ ജനുവരിയിലായിരുന്നു കേസിനാസ്പദമായ സംഭവം.
ഒന്നാംപ്രതിയും ബിജുവിന്റെ പിതാവുമായ സോമന് സംഭവദിവസം പിടിയിലായിരുന്നു. സംഭവസ്ഥലത്തുനിന്ന് ഓടി രക്ഷപ്പെട്ട ബിജു ഒരു വര്‍ഷമായി കേരളത്തില്‍ പലയിടത്തായി ഒളിവില്‍ കഴിയുകയായിരുന്നു. തിരുവനന്തപുരം റൂറല്‍ പൊലീസ് മേധാവി ശിൽപയുടെയും നെയ്യാറ്റിന്‍കര എ.എസ്.പി ഫറാഷിന്റെയും നിർദേശത്തെ തുടര്‍ന്ന് വെള്ളറട പൊലീസ് പ്രതിയെ പത്തനംതിട്ട ഏനാത്തിന് സമീപം വാടകവീട്ടില്‍നിന്ന് വ്യാഴാഴ്ച രാത്രി ഒന്നിന് പിടികൂടുകയായിരുന്നു.
വെള്ളറട സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ മൃദുല്‍ കുമാര്‍, സബ് ഇന്‍സ്പെക്ടര്‍ ആന്റണി ജോസഫ് നെറ്റോ, സീനിയര്‍ സിവില്‍ പൊലീസ് ഓഫിസര്‍ വിജി, സിവില്‍ പൊലിസ് ഓഫിസര്‍ പ്രദീപ് എന്നിവരാണ് പ്രതിയെ പിടികൂടിയത്. അറസ്റ്റിലായ പ്രതിയെ കോടതിയില്‍ ഹാജരാക്കി.

