വെള്ളറട: കോവിഡ് പ്രതിസന്ധിമൂലമുള്ള ഒാൺലൈൻ പഠനകാലത്തും കുട്ടികളുടെ പഠനം ഉറപ്പാക്കുന്നതിൽ സജീവമാണ് ഉഷ ടീച്ചർ. നാട്ടിന്‍പുറത്തെ സ്കൂളില്‍ പോയി പഠിക്കാന്‍ കഴിയാത്ത അഗസ്ത്യമലയുടെ താഴ്വാരത്ത്, അമ്പൂരി കുന്നത്ത്മല അഗസ്ത്യ ഏകാധ്യാപക വിദ്യാലയത്തിലെ അധ്യാപികയാണിവർ. ഉള്‍ക്കാട്ടില്‍ താമസിക്കുന്ന കുട്ടികള്‍ക്ക് അക്ഷരം പകര്ന്നുനല്കാന് കഴിഞ്ഞ 22 വര്‍ഷക്കാലമായി ഇവർ സേവനരംഗത്തുണ്ട്. കിലോമീറ്ററുകളോളം കാട്ടില്‍ കൂടി നടന്നുള്ള അധ്യാപികയുടെ യാത്രകൾ ഒരു ജനവിഭാഗത്തിന് നൽകിയത് അറിവിെൻറ വെളിച്ചമാണ്.
കോവിഡ് കാലത്ത് കുട്ടികള്‍ക്ക് ഓണ്‍ലൈന്‍ ക്ലാസ് പ്രയോജനപ്പെടുത്തുന്നതിനായി സ്കൂള്‍ ലൈബ്രറിയില്‍ സന്നദ്ധ സംഘടനയുടെ സഹായത്തോടെ ടി.വി സജ്ജമാക്കിയുണ്ട്. ഒാൺലൈൻ ക്ലാസുകൾ എല്ലവർക്കും ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ ഇപ്പോഴും ടീച്ചർ മലകയറി സ്കൂളിലേക്ക് എത്തുന്നു. സന്നദ്ധസംഘടനകളുടെയും വ്യക്തികളുടെയും സ്പോണ്‍സറിങ്ങിലൂടെ പത്തിലധികം ടി.വികൾ സജ്ജമാക്കിയിട്ടുണ്ട്.
രാവിലെ ഏഴിന് വീട്ടില്‍നിന്ന് സ്കൂളിലേക്ക് തിരിക്കും. കുമ്പിച്ചല്‍ കടവില്‍ ഇരുചക്രവാഹനം ഒതുക്കിവച്ച് കടത്തുവള്ളത്തില്‍ കരിപ്പയാര്‍ കടന്ന് അക്കരക്ക്. നദിക്കരയിലൂടെ ഒന്നര കിലോമീറ്റര്‍ നടത്തം പൂര്‍ത്തിയാകുമ്പോള്‍ കാട്ടുപാതയായി. വളഞ്ഞുപുളഞ്ഞ് ചെങ്കുത്തായ കയറ്റത്തിലൂടെ കുത്തനെയുള്ള പാറക്കൂട്ടങ്ങള്‍ക്ക് ഇടയിലൂടെ മൂന്ന് കിലോമീറ്ററോളം നടന്നാല്‍ സ്കൂളില്‍ എത്താം. ഇടക്ക് കുട്ടികളും ഒപ്പം കൂടും. വഴിയില്‍ ചിലപ്പോള്‍ ടീച്ചെറ കൂട്ടിക്കൊണ്ടുപോകാന്‍ സ്കൂളിെൻറ കാവല്‍ക്കാരായ കാരിമനും വെളുമ്പനും ഉണ്ടാവും. പലപ്രാവശ്യം വിണ് പരിക്ക് പറ്റിയിട്ടും അതൊന്നും അധ്യാപനം ലക്ഷ്യമിട്ടുള്ള മലകയറ്റത്തിന് തടസ്സമായില്ല.
1998 ലാണ് ജില്ല പ്രാഥമിക വിദ്യാഭ്യാസ പരിപാടിയുടെ ഭാഗമായി ആരംഭിച്ച ഏകാധ്യാപക വിദ്യാലയത്തില്‍ നിയമനം ലഭിച്ചത്. കുറ്റിച്ചല്‍ ഗ്രാമപഞ്ചായത്തിലെ മാങ്കോട് ആദിവാസി സെറ്റില്മെൻറിലായിരുന്നു നിയമനം. 2002ല്‍ സ്വന്തം പഞ്ചായത്തായ അമ്പൂരിയിലേക്ക് നിയമനം. ആദ്യകാലത്ത് മലകയറി ചെല്ലുമ്പോള്‍ അവിടെ പല പ്രായത്തിലെ അഞ്ച് കുട്ടികളാണ് പഠിക്കാന്‍ ഉണ്ടായിരുന്നത്. ഓരോ സെറ്റില്മെൻറിലെയും വീടുകളില്‍ ഉഷടീച്ചര്‍ എത്തി.
സ്കൂള്പ്രായം കഴിഞ്ഞിട്ടും പ്രവേശനം നേടാത്ത കുട്ടികളെ കണ്ടെത്തി. ആരും എസ്.എസ്.എല്‍.സി പാസാകാത്ത സെറ്റില്മെൻറില്നിന്ന് ഇപ്പോൾ പരീക്ഷകൾ ജയിച്ച് വിദ്യാർഥികൾ വിവിധ കോഴ്സുകളിൽ ചേർന്നു പഠിക്കുന്നു. കണ്‍ഫെഡ് സാക്ഷരത പ്രവര്‍ത്തക പുരസ്കാരം, നെഹ്റു യുവകേന്ദ്ര പുരസ്കാരം, മലയോരമേഖലയിലെ വിദ്യാഭ്യാസ പ്രവര്‍ത്തകക്കുള്ള ലത്തീന്‍ കത്തോലിക്കാസഭ പുരസ്കാരം, തിരുനെല്‍വേലി മദര്‍ തെരേസ ചാരിറ്റിയുടെ പുരസ്കാരം എന്നിവ ലഭിച്ചു. മദ്രാസ് റോട്ടറി ക്ലബിെൻറ പുരസ്കാരം കഴിഞ്ഞദിവസമാണ് ലഭിച്ചത്. മോഹനനാണ് ഭർത്താവ്. മോനിഷ് മോഹൻ, രേഷ്മ മോഹൻ എന്നിവരാണ് മക്കൾ.